പ്രീ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്ന് തീരുന്നു; അവസാനം എട്ടിലേക്കാര്

ദോഹ: ലോകകപ്പ് നേടാൻവരെ സാധ്യത കൽപ്പിക്കപ്പെടുന്ന രണ്ട് ടീമുകളാണ് സ്പെയിനും പോർചുഗലും. ക്വാർട്ടർ ഫൈനലിൽ എത്തുന്നതുപോലും വലിയ നേട്ടമായിക്കാണുന്ന മൊറോക്കോയും സ്വിറ്റ്സർലൻഡും. ലോകകപ്പ് പ്രീ ക്വാർട്ടർ ഫൈനലുകളുടെ അവസാന നാളായ ചൊവ്വാഴ്ച ഇറങ്ങുന്ന ഇവരിൽ ആർക്കൊക്കെ ടിക്കറ്റ് കിട്ടുമെന്നാണ് അറിയേണ്ടത്. അൽ റയ്യാൻ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8.30ന് മൊറോക്കോ സ്പെയിനിനെയും ലുസൈലിൽ 12.30ന് പോർചുഗൽ സ്വിറ്റ്സർലൻഡിനെയും നേരിടും.

തോറ്റാൽ പെയിൻ കൂടുക സ്പെയിനിന്

ഗ്രൂപ് റൗണ്ടിൽ അതിശയിപ്പിച്ചവരിൽ ഒന്നാമന്മാരാണ് ആഫ്രിക്കൻ ടീമായ മൊറോക്കോ. 2018ലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ച് തുടങ്ങി ഫിഫ റാങ്കിങ്ങിലെ രണ്ടാമന്മാരായ ബെൽജിയത്തെ 2-0ത്തിന് അട്ടിമറിച്ച് കാമറൂണിനോട് 2-1 ജയവും പിടിച്ച് ഗ്രൂപ് എഫ് ജേതാക്കളായി നോക്കൗട്ടിലേക്ക് മുന്നേറിയവർ.

ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം മൂന്നരപ്പതിറ്റാണ്ടു മുമ്പത്തെ പ്രീ ക്വാർട്ടർ പ്രവേശനമാണ്. ആ ചരിത്രവും മറികടക്കാൻ രണ്ടും കൽപിച്ചിറങ്ങുന്ന വലീദ് റെഗ്രാഗിയുടെ ശിഷ്യർക്ക് കാര്യങ്ങൾ തീരെ എളുപ്പമല്ലെന്ന ബോധ്യമുണ്ടാവും. അപ്പുറത്ത് നിലയുറപ്പിക്കുന്നത് സ്പാനിഷ് ചെമ്പടയാണ്.

എങ്കിലും പ്രത്യാക്രമണ ഫുട്ബാളിൽ സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കിയെടുത്ത് വിജയങ്ങളിലേക്ക് വലകുലുക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസമാണ് മൊറോക്കൻസിന്റെ കൈമുതൽ. മാന്ത്രികനെന്ന് വിശേഷണമുള്ള ഹകീം സിയേഷ് ഇക്കുറി 17 തവണയാണ് എതിർ ടീമിന്റെ ബോക്സിൽ അപകടം വിതറിയത്. റൊമേൻ സെയ്സും നായിഫ് അഗ്യൂഡും അടങ്ങുന്ന പ്രതിരോധത്തിന് ബാക് ലൈനിൽ പിടിപ്പത് പണിയുണ്ടാകും.

സ്​പെയിൻ താരങ്ങൾ

പരിശീലനത്തിൽ

സമ്മർദം മുഴുവൻ മറുഭാഗത്താണ്. കോസ്റ്ററീകക്കെതിരെ ഏഴ് ഗോൾ ജയം നേടിയ ടീമിന്റെ നിഴലാണ് പിന്നീട് കണ്ടത്. ജർമനിയോട് 1-1 സമനിലയിൽ കുടുങ്ങിയതല്ല, ജപ്പാനോടേറ്റ 1-2 തോൽവിയാണ് തീർത്തും അപ്രതീക്ഷിതമായത്. ഫലം ഗ്രൂപ് ഇയിൽ സ്പെയിൻ രണ്ടാമതായി.

കൗമാരക്കാരൻ ഗാവിയും പെഡ്രിയുമൊക്കെയാണ് ഹൈലൈറ്റ് ചെയ്യപ്പെട്ടതെങ്കിലും സ്ട്രൈക്കർ അൽവാരോ മോറാട്ടയിൽത്തന്നെയാണ് സ്പാനിഷ് സംഘം കൂടുതൽ ഭരമേൽപ്പിക്കുന്നത്. ഇരു ടീമും മൂന്നു തവണ ഏറ്റുമുട്ടിയപ്പോൾ രണ്ടിലും ജയം സ്പെയിനിനായിരുന്നു. എന്നാൽ, 2018ലെ ലോകകപ്പ് ഗ്രൂപ് റൗണ്ടിൽ ഇവരെ 2-2ൽ തളക്കാൻ മൊറോക്കോക്കായി.

പറങ്കി-സ്വിസ് പോർമുഖം

1934 മുതൽ 12 തവണ ലോകകപ്പ് കളിച്ചിട്ടും ക്വാർട്ടർ ഫൈനലിന് അപ്പുറത്തേക്ക് പോകാൻ ഭാഗ്യമില്ലാതെ പോയ ടീമാണ് സ്വിറ്റ്സർലൻഡ്. ഇക്കുറി ബ്രസീലിനു പിന്നിൽ രണ്ടാമതായി ഗ്രൂപ് ജിയിൽ നിന്ന് പ്രീ ക്വാർട്ടറിൽ കടന്നവർ. ബ്രസീലിനോട് മാത്രമേ തോറ്റുള്ളൂ. മറ്റു രണ്ട് മത്സരങ്ങളിൽ, കാമറൂണിനോടും സെർബിയയോടും ജയിച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലാകട്ടെ ഗ്രൂപ് എച്ചിലെ അവസാന കളിയിൽ ദക്ഷിണ കൊറിയയോട് കീഴടങ്ങിയതിന്റെ ക്ഷീണത്തിലും. ഇതിഹാസതാരങ്ങളുടെ പട്ടികയിൽ പേര് ചേർക്കാവുന്ന ക്രിസ്റ്റ്യാനോയെ സംബന്ധിച്ച് ലോകകിരീടമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള അവസാന അവസരമാണ്. അതിലേക്ക് ഒരുപടികൂടി അടുക്കാൻ ഇന്ന് സ്വിറ്റ്സർലൻഡിനോട് ജയിച്ചേ തീരൂ.

ടീമിന്റെ ഭാരം ഒറ്റക്ക് തോളിലേറ്റേണ്ടതില്ലെന്ന ആശ്വാസം ക്രിസ്റ്റ്യാനോക്കുണ്ട്. ഉറുഗ്വായിക്കെതിരെ രണ്ടു തവണ സ്കോർ ചെയ്ത ബ്രൂണോ ഫെർണാണ്ടസ് മികച്ച ഫോമിലാണ്. ജാവോ ഫെലിക്സും റാഫേൽ ലിയോയുമൊക്കെ ഗോൾ കണ്ടെത്തി. എന്നാൽ, സ്വിസ് സംഘത്തെ വിലകുറച്ച് കണ്ടാൽ പണി കിട്ടും. കൊറിയയിൽ നിന്നേറ്റ തിരിച്ചടിയുടെ അനുഭവം മുന്നിലുള്ളതിനാൽ പ്രത്യേകിച്ചും.

സ്വിറ്റ്സർലൻഡിനായി സെർബിയക്കെതിരെ സ്കോർചെയ്ത ഷെർദാൻ ഷകീരീ ക്രിസ്റ്റ്യാനോയെയും ലയണൽ മെസ്സിയെയുംപോലെ തുടർച്ചയായ മൂന്നാം ലോകകപ്പിലും ഗോളടിച്ച് താരമായി. ഗ്രാനിത് സാകയെപ്പോലുള്ളവർക്ക് മധ്യനിരയിൽ കാര്യമായി ചെയ്യാനുണ്ട്. ബാക്കിൽ മതിൽ കെട്ടാൻ മാനുവൽ അകൻജിയും കൂട്ടരും.

Tags:    
News Summary - qatar world cup-pre-quarter finals ends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.