തീര്‍ത്തും ഏകപക്ഷീയമായ മാച്ചെന്ന് തോന്നിപ്പിക്കും വിധം വലിയ നീക്കങ്ങളൊന്നും കാണാത്ത മത്സരം. നെതര്‍ലാൻഡ്സും ഖത്തറും തമ്മിലുള്ള അവസാനഗ്രൂപ് മത്സരം ആവേശകരമാവുമെന്ന വിചാരമുണ്ടാവാന്‍ കാരണം ഈ ലോകകപ്പിന്റെ ചില ചിത്രങ്ങള്‍ കൂടിയായിരുന്നു.
പല പ്രമുഖടീമുകളും അട്ടിമറികള്‍ നടത്തുന്നു, സ്വന്തം തട്ടകത്തിലെ അവസാനമത്സരത്തില്‍ ഖത്തര്‍ പ്രകടിപ്പിക്കാവുന്ന തന്ത്രകുതന്ത്രങ്ങള്ക്കപ്പുറത്തെ പോരാട്ടവീര്യം, പിന്നെ ഒരു തോല്‍വി പിണഞ്ഞാല്‍ ഇഷ്ടടീമായ നെതര്‍ലാന്റ്സ് പുറത്താകുമെന്ന ഭീതി അങ്ങനെ പലവിധകാരണങ്ങള്‍ ഈ കളിയുടെ കാഴ്ചക്കാരനാക്കി.
മെംഫിസ് ഡീപെയും, ഗോക്പെയും ആദ്യ ഇലവനില്‍ വന്നതിലൂടെ മൂന്ന് പോയന്റാണ് ലൂയി വാന്‍ഗാലിന്റെ ലക്ഷ്യമെന്നത് വ്യക്തമായിരുന്നു. ആക്രമണമേഖലയില് കുറേക്കൂടി ക്രിയാത്മകമായ നീക്കങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും നിര്‍വഹണതലത്തില്‍ അതൊന്നും കാണാനാവാത്തത് ഹോളണ്ടിന്റെ വിഭവപരിമിതിയെ തുറന്ന് കാണിക്കുന്നതാണ്.
ആ ലൂപ് ഹോളുകളെ ഖത്തറിന് ഉപയോഗപ്പെടുത്താനുമായില്ല. വാന്ഗാലിയന് തിയറികളില്‍ ഡെയോങും, ഡെംഫ്രൈസും, ഗോക്പെയും ടീമിന്റെ അവലംബമായി തുടരുന്നുവെങ്കിലും വരും മത്സരങ്ങളില്‍ കൂടുതല്‍ പരുവപ്പെട്ട് സെറ്റായി മാറുമെന്നതിന്റെ സൂചനകള്‍ കാണിക്കുന്നതും , പ്രതിരോധം കൂടുതല്‍ ശക്തമായി തുടരുന്നുവെന്നതുമാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
ആതിഥേയത്വത്തില്‍ ഏതൊരു ലോകകപ്പിനോടും കിടപിടിക്കുന്ന ഖത്തര്‍ ലോകകപ്പിലെ മത്സരഫലങ്ങളെടുത്താല് ഏറ്റവും താഴെനില്ക്കുന്ന ടീമായാണ് ഈ ലോകകപ്പില്‍ നിന്ന് അവര്‍ വിടവാങ്ങുന്നത്. അക്രം അഫീഫും സംഘവും സാധ്യമായ എല്ലാ വിധത്തിലും ഇന്നത്തെ മത്സരത്തില്‍ നിലനില്ക്കാന് ശ്രമിച്ചിരുന്നു. പലനീക്കങ്ങളും ഹോളണ്ട് ബോക്സില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒന്നും ഫലത്തിലായില്ല.
മധ്യനിരയില്‍ സെകന്റ് ബോളുകള്‍ വിന് ചെയ്യാനും , ശാരീരികമേന്മകളെ ഉപയോഗിച്ച് ആക്രമണങ്ങള്‍ക്ക് പ്രതിരോധത്തില്‍ തട വെക്കാനും അവര്‍ക്കായത് ഒരു പരിധി വരെ ഈ മത്സരഫലത്തോട് യോജിക്കുന്നതായിരുന്നു. ഇനി പ്രീക്വാര്‍ട്ടര്‍ ഫൈനലാണ് ഹോളണ്ടിന് മുമ്പിലെ കടമ്പ. അമേരിക്കയോ, വെയില്‍സോ ആയാലും നല്ല രീതിയില്‍ പരീക്ഷിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.