ദോഹ: ആറ്റിക്കുറുക്കിയെടുത്ത പോർസംഘങ്ങളുടെ എണ്ണം എട്ടായി ചുരുങ്ങിയിരിക്കുന്നു. പ്രതീക്ഷകളോടെ വന്ന രണ്ടു ഡസൻ ടീമുകൾ നാട്ടിലേക്ക് മടക്കടിക്കറ്റെടുത്തു കഴിഞ്ഞു. വിശ്വപോരാട്ടങ്ങളുടെ വിസ്മയവേദിയിൽ ഇനി എട്ടു നിരകൾക്കൊപ്പം എട്ടു മത്സരങ്ങളും മാത്രം. അതിൽ നാലു ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് നാളെയും മറ്റന്നാളുമായി അരങ്ങുണരുകയാണ്.
വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് കരുത്തരായ ബ്രസീലും നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യയും റയ്യാനിലെ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നതോടെ അവസാന എട്ടിലെ കളി തുടങ്ങും. പ്രീ ക്വാർട്ടറിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത ആത്മവിശ്വാസത്തിന്റെ അടിത്തറയിൽനിന്നാണ് ബ്രസീൽ ക്വാർട്ടർ ഫൈനലിന് പദമൂന്നുന്നത്. ജർമനിയെയും സ്പെയിനിനെയും അട്ടിമറിച്ച് ഗ്രൂപ് ജേതാക്കളായി വിസ്മയം വിതറിയ ജപ്പാനെ ടൈബ്രേക്കറിൽ മറികടന്നാണ് ക്രൊയേഷ്യയുടെ ക്വാർട്ടർ പ്രവേശം.
വെള്ളിയാഴ്ച രാത്രി 10.00ന് ലയണൽ മെസ്സിയുടെ അർജന്റീനയും യൂറോപ്യൻ കരുത്തരായ നെതർലൻഡ്സും രണ്ടാം ക്വാർട്ടർ ഫൈനലിൽ അങ്കത്തിനിറങ്ങും. ആദ്യകളിയിൽ സൗദി അറേബ്യയോട് അട്ടിമറി തോൽവി വഴങ്ങിയശേഷം ഓരോ മത്സരത്തിലും മെച്ചപ്പെട്ടു വരുന്ന അർജന്റീനയും തോൽവിയറിഞ്ഞിട്ടില്ലാത്ത നെതർലൻഡ്സും തമ്മിലെ പോരാട്ടം തുല്യശക്തികളുടേതാകും. പ്രീ ക്വാർട്ടറിൽ യു.എസ്.എയെ 1-3ന് തകർത്താണ് ഡച്ചുകാരുടെ വരവെങ്കിൽ, ആസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴ്പെടുത്തിയാണ് അർജന്റീനയുടെ ക്വാർട്ടർ പ്രവേശം.
പ്രീ ക്വാർട്ടറിൽ 6-1ന് സ്വിറ്റ്സർലൻഡിനെ തകർത്തുവിട്ട പോർചുഗലിന്റെ പ്രകടനമായിരുന്നു ഏറ്റവും ശ്രദ്ധേയം. അതോടെ സാധ്യതകളിലും പറങ്കിപ്പട കരുത്തുനേടി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കരക്കിരുത്തിയാണ് പോർചുഗൽ ഗംഭീര ജയം കുറിച്ചത്. മുൻ ചാമ്പ്യന്മാരായ സ്പെയിനിനെ ഷൂട്ടൗട്ടിൽ അട്ടിമറിച്ച് ഈ ലോകകപ്പിന്റെ കറുത്ത കുതിരകളായി തുടരുന്ന മൊറോക്കോയാണ് ശനിയാഴ്ച രാത്രി ആറു മണിക്ക് നടക്കുന്ന ക്വാർട്ടറിൽ പോർചുഗലിന്റെ എതിരാളികൾ.
ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നിനാണ് ശനിയാഴ്ച രാത്രി പത്തിന് അൽഖോറിലെ അൽബെയ്ത്ത് സ്റ്റേഡിയത്തിൽ പന്തുരുളുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും കരുത്തരായ ഇംഗ്ലണ്ടും തമ്മിലെ പോരാട്ടം തീപാറുമെന്നുറപ്പ്. ടൂർണമെന്റിലെ ആദ്യ ഘട്ടങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത ടീമുകളാണ് രണ്ടും. പ്രീക്വാർട്ടറിൽ ഫ്രഞ്ചുകാർ 3-1ന് പോളണ്ടിനെ തകർത്തപ്പോൾ സെനഗലിനെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് മുക്കിയാണ് ഇംഗ്ലീഷുകാരുടെ മുന്നേറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.