അ​ർ​ജ​ന്റീ​ന​ക്കെ​തി​രെ വി​ജ​യ​ഗോ​ൾ നേ​ടി​യ സൗ​ദി താ​രം സ​ലീം അ​ൽ ദൗ​സ​രി മ​ല​ക്കം മ​റി​ഞ്ഞ് ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു

അട്ടിമറിയുടെ സുൽത്താന്മാർ

ദോഹ: കളിയുള്ളിടത്തോളം കാലം ലോകം മറക്കില്ലിത്... ആകാശനീലിമയിലെ വീരപരിവേഷവും താരപ്പൊലിമയുമൊക്കെ ലുസൈലിന്റെ നട്ടുച്ചവെയിലിൽ വെന്തുവെണ്ണീറായി. ഫുട്ബാളിന്റെ കണക്കുപുസ്തകത്തിൽ സൗദി അറേബ്യ എഴുതിച്ചേർത്തത് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി. അയൽക്കാരായ ഖത്തറിന്റെ മണ്ണിൽ പച്ചക്കുപ്പായക്കാർ അതിരുകളില്ലാത്ത വീറും വാശിയുമായി കത്തിക്കാളിയപ്പോൾ അർജന്റീന ഉരുകിയൊലിച്ചു.

വിശ്വ കിരീടത്തിലേക്ക് പന്തുതട്ടിക്കയറുമെന്ന് ഫുട്ബാൾ ലോകം സാധ്യത കൽപിച്ച ലയണൽ മെസ്സിയും കൂട്ടരും ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യകളിയിൽ സൗദി അറേബ്യയെന്ന ദുർബലർക്കു മുന്നിൽ 2-1ന് കൊമ്പുകുത്തി വീണു. 2019 ജൂണിനുശേഷം 36 തുടർ മത്സരങ്ങളിൽ തോൽവിയറിയാതെ വാണരുളിയ അർജന്റീനയുടെ വമ്പാണ് സൗദി കുഴിച്ചുമൂടിയത്. ഇനി ഗ്രൂപ് 'സി'യിൽ മെക്സികോ, പോളണ്ട് ടീമുകൾക്കെതിരായ രണ്ടു മത്സരങ്ങളും ജയിച്ചില്ലെങ്കിൽ മെസ്സിക്കും കൂട്ടർക്കും നോക്കൗട്ട് റൗണ്ടിലെത്താതെ മടക്കമായേക്കും.

ഒരു ഗോളിന് മുന്നിലെത്തിയ അർജൻറീനക്കെതിരെ രണ്ടാം പകുതിയിൽ നേടിയ എണ്ണംപറഞ്ഞ രണ്ടു ഗോളുകളിലൂടെയാണ് സൗദിയുടെ വിദൂരമായ അട്ടിമറിമോഹം അവിശ്വസനീയമായി പച്ചതൊട്ടത്. മെസ്സിയുടെ പെനാൽറ്റി ഗോളിൽ പത്താം മിനിറ്റിൽ ലീഡ് നേടിയ അർജന്റീനക്കെതിരെ 48, 53 മിനിറ്റുകളിലായി സാലിഹ് അൽ ശഹ്‍രിയും സലീം അൽ ദൗസരിയുമാണ് സൗദിക്കുവേണ്ടി നിറയൊഴിച്ചത്. ഗോളി മുഹമ്മദ് അൽ ഉവൈസ് ബാറിനു കീഴിൽ ശരിക്കും അപാര മെയ്‍വഴക്കം കാട്ടിയതും സൗദിക്ക് രക്ഷയായി.

ലുസൈൽ നിറഞ്ഞുകവിഞ്ഞ 88,012 കാണികൾക്കു പുറമെ ലോകം മുഴുവൻ അതു കണ്ണിമചിമ്മാതെ നോക്കിനിന്നു. ആദ്യഗോൾ പിറന്നശേഷം 80 മിനിറ്റും പിന്നെ 13 മിനിറ്റിന്റെ ഇഞ്ചുറി സമയവും മെനക്കെട്ടിട്ടും അറേബ്യൻ കോട്ട തകർക്കാനാവാതെ മെസ്സിയും കൂട്ടരും നട്ടംതിരിയുന്ന കാഴ്ച അവിശ്വസനീയതയുടെ അങ്ങേയറ്റമായിരുന്നു.

കോപയും ഫൈനലിസ്സിമയും ജയിച്ച പകിട്ടും പത്രാസ്സുമുണ്ടായിട്ടും ഉവൈസിനെ കടത്തിവെട്ടാൻ തെക്കനമേരിക്കൻ ചാമ്പ്യന്മാർക്ക് കഴിഞ്ഞില്ല. ലോക റാങ്കിങ്ങിൽ 51ാം സ്ഥാനക്കാരാണ് സൗദിയെങ്കിൽ മൂന്നാം സ്ഥാനക്കാരാണ് അർജന്റീന. 69 ശതമാനം സമയവും പന്ത് കൈവശംവെച്ചിട്ടും 15 ഷോട്ടുകളുതിർത്തിട്ടും മെസ്സിയും കൂട്ടരും തോറ്റുതുന്നംപാടി. മത്സരത്തിൽ സൗദി അർജന്റീന വലയിലേക്ക് തൊടുത്തത് മൂന്നു ഷോട്ടുകൾ മാത്രം. അതിൽ രണ്ടും ഗോളായി.

പ്രതീക്ഷിച്ചപോൽ തുടക്കം

കിക്കോഫിൽനിന്ന് പന്തു തട്ടിനീക്കിയത് മുൻവിധികളിലേക്കുതന്നെയായിരുന്നു. അർജന്റീന കയറിയെത്തിയപ്പോൾ സൗദി താരങ്ങൾ മുഴുവൻ പിന്നണിയിൽ കോട്ടകെട്ടാനെത്തി. രണ്ടാം മിനിറ്റിൽതന്നെ അർജന്റീനയും മെസ്സിയും ഗോളിനടുത്തെത്തി. വലതു വിങ്ങിലൂടെ ഏയ്ഞ്ചൽ ഡി മരിയ നടത്തിയ കുതിപ്പിനൊടുവിൽ മെസ്സിയുടെ ശ്രമം.

ഗോളെന്നുറപ്പിച്ച ഷോട്ട് തട്ടിയകറ്റി ഉവൈസ് തന്റെ 'കുതിപ്പി'ന് തുടക്കമിട്ടു. പിന്നിൽ നിലയുറപ്പിച്ച് പ്രതിരോധത്തിൽ ജാഗരൂകരാവുകയായിരുന്നു ഈ ഘട്ടത്തിൽ അറേബ്യക്കാർ. 17ാം മിനിറ്റിലാണ് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനെസ് ആദ്യമായി പന്ത് കൈകൊണ്ട് തൊട്ടത്.

ഗോൾ... വാർ... ഓഫ്സൈഡ്

ആദ്യ പകുതിയിൽ കളി അർജന്റീനയുടെ വരുതിയിലായിരുന്നു. പെനാൽറ്റി സ്‍പോട്ടിൽനിന്ന് മെസ്സി ലീഡ് നേടിയശേഷം പക്ഷേ, കാര്യങ്ങൾ അവർ വിചാരിച്ചപോലെയൊന്നും നടന്നില്ല. സൗദി അറേബ്യ തന്ത്രവും മനസ്സാന്നിധ്യവും പിന്നെ ഫിസിക്കൽ ഗെയിമും ചേർത്ത് നടത്തിയ ചെറുത്തുനിൽപ് അർജന്റീനയെ കുഴക്കി എന്നു പറയുന്നതാവും ശരി.

തെക്കനമേരിക്കക്കാരുടെ കേളി കേട്ട മുന്നേറ്റ നിരയെ നിരന്തരം ഓഫ്സൈഡിൽ കുരുക്കിയാണ് അറബികൾ കരുത്തുകാട്ടിയത്. ആദ്യപകുതിയിൽ മെസ്സി ഒരുതവണയും ലൗതാറോ മാർട്ടിനെസ് രണ്ടുതവണയും വല കുലുക്കിയെങ്കിലും ലൈൻസ്മാന്റെ ഓഫ്സൈഡ് ഫ്ലാഗുയർന്നു. വാറിലാണ് മാർട്ടിനെസിന്റെ ഒരുഗോൾ നിഷേധിക്കപ്പെട്ടത്. കഴിഞ്ഞ ലോകകപ്പിൽ മുഴുവനായി ആറു തവണ ഓഫ്സൈഡിൽ കുടുങ്ങിയ അർജൻറീന ഇക്കുറി ആദ്യ കളിയുടെ ആദ്യ പകുതിയിൽമാത്രം ഏഴുതവണ ഓഫ് സൈഡായി.

അർജൻറീന ഡിഫൻസിന് നിരന്തരം പിഴവു പറ്റിക്കൊണ്ടിരുന്നു. അതു മുതലെടുക്കാൻ ആദ്യ പകുതിയിൽ സൗദികൾ കയറിയെത്തിയില്ലെന്നു മാത്രം. പിൻനിരയും മധ്യനിരയും ഒട്ടും കണക്ടഡാവാതെ പോയപ്പോൾ മെസ്സിയിലേക്ക് പന്തെത്തിച്ച് കളം ഭരിക്കുകയെന്ന അർജന്റീന തന്ത്രങ്ങൾ പൊളിഞ്ഞു പാളീസായി.

താളംതെറ്റി അർജന്റീന

രണ്ടാം പകുതിയിൽ സൗദി തന്ത്രങ്ങൾ മാറ്റിപ്പണിതു. പ്രതിരോധവും അതിവേഗ പ്രത്യാക്രമണങ്ങളും സമന്വയിപ്പിച്ച സൗദി അർജന്റീനയെ മാത്രമല്ല, ലോക ഫുട്ബാളിനെത്തന്നെ വിസ്മയിപ്പിക്കുകയായിരുന്നു. ഡിഫൻസും മിഡ്ഫീൽഡും ലക്ഷ്യബോധമില്ലാതെ കളിച്ചതിനൊപ്പം മെസ്സിയിലേക്കുള്ള ചരടുകൾ പരമാവധി മുറിച്ച് സൗദി അവരുടെ ആത്മവിശ്വാസം കെടുത്തി.

പരിക്കേറ്റ് ലോ സെൽസോ മടങ്ങിയത് അർജന്റീന തന്ത്രങ്ങളെ ബാധിച്ചു. ലീഡ് വഴങ്ങിയതോടെ, സമയം മുന്നിലുണ്ടായിട്ടും അർജന്റീന മാനസികമായി തളർന്നു. മധ്യനിരയിൽ ഒത്തിണക്കം തീരെയുണ്ടായില്ല. ഒരേ താരങ്ങളെവെച്ച് ഇലവൻ പണിതുയർത്തിയ ലയണൽ സ്കലോണിക്ക് പകരക്കാരെ ആ പൊസിഷനിലേക്ക് മിടുക്കരായി പരിശീലിപ്പിച്ചെടുക്കാൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഗെയിം പ്ലാൻ. വിങ്ങിൽ അധ്വാനിച്ചു കളിക്കുന്ന ഡി മരിയക്കും സൗദിക്കെതിരെ മൂർച്ച കുറവായിരുന്നു.

അ​ർ​ജ​ന്റീ​ന​യു​ടെ തോ​ൽ​വി​ക്ക് ശേ​ഷമുള്ള സങ്കടക്കാഴ് ച

പിൻനിര മാർക്കിങ്ങിലും പാസിങ്ങിലുമൊക്കെ അമ്പേ പരാജയമായി. പതിവുതെറ്റിച്ച് എതിരാളികൾക്ക് പന്തു ദാനം ചെയ്യുകയായിരുന്നു നിക്കോളാസ് ഒടാമെൻഡിയും കൂട്ടുകാരും. ക്രിസ്ത്യൻ റൊമേറോ, പാപ്പു ഗോമസ്, ലിസാൻഡ്രോ പരേഡെസ് എന്നിവരെ മാറ്റി ഒറ്റയടിക്ക് ലിസാൻഡ്രോ മാർട്ടിനെസ്, എൻസോ ഫെർണാണ്ടസ്, യൂലിയൻ ആൽവാരെസ് എന്നിവരെ കളത്തിലിറക്കിയിട്ടും അർജന്റീനക്ക് രക്ഷയുണ്ടായില്ല.

പാറപോലെ ഉറച്ച് സൗദി

പ്രതിരോധത്തിൽ പാറപോലെ ഉറച്ചുനിന്ന മുഹമ്മദ് കന്നോയും കൂട്ടരും അർജന്റീനക്ക് ബോക്സിൽ അവസരം തുറക്കാതിരിക്കുന്നതിൽ മിടുക്കുകാട്ടി. അലിവൊന്നും കാട്ടാതെ കഠിനമായിത്തന്നെ അവർ, എതിർ മുന്നേറ്റങ്ങളെ കൈകാര്യംചെയ്തു. ജയിക്കാനുള്ള തൃഷ്ണ അത്രമാത്രം സൗദി കളിക്കാരിൽ ഉണ്ടായിരുന്നു.

കാണികൾ അതിന് നിറഞ്ഞ ആരവങ്ങളുടെ പിന്തുണയേകി. അന്തിമ ഘട്ടങ്ങളിൽ ഗോളെന്നുറപ്പിച്ച നിരവധി ശ്രമങ്ങളാണ് ഉവൈസ് തടഞ്ഞത്. മെസ്സിയുടെ ഷോട്ട് ഗോൾലൈനിൽ അബ്ദുല്ല അമീരി തടഞ്ഞിട്ടപ്പോൾ ഇഞ്ചുറി ടൈമിന്റെ അന്ത്യഘട്ടത്തിൽ ആൽവാരെസിന്റെ ഹെഡറും അത്യുജ്ജ്വലമായി ഉവൈസ് തടഞ്ഞതോടെ അർജന്റീന പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

ചരിത്രത്തിലെ വമ്പൻ അട്ടിമറി

ലുസൈലിൽ പിറന്നതുതന്നെയാണ് കണക്കും ഡേറ്റയും പ്രകാരം ഏറ്റവും വലിയ അട്ടിമറി. 1950ൽ അട്ടിമറി സാധ്യത 9.5 ശതമാനം മാത്രമായിരുന്നപ്പോൾ യു.എസ്.എ ഇംഗ്ലണ്ടിനെ വീഴ്ത്തിയതാണ് മുമ്പത്തെ വമ്പൻ വീഴ്ച. ചൊവ്വാഴ്ച അർജന്റീനയെ സൗദി തോൽപിക്കാനുള്ള സാധ്യതകൾ കേവലം 8.7 ശതമാനമായിരുന്നു.

1-0 (ലയണൽ മെസ്സി)

ഫ്രീകിക്ക് ബോക്സിലെത്തുന്നതിനിടെ ലൗതാറോ മാർട്ടിനെസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി കിക്ക്. വാറിലൂടെയായിരുന്നു തീരുമാനം. മെസ്സി അനായാസം പന്ത് ലക്ഷ്യത്തിലെത്തിച്ചു.

1-1 (സാലിഹ് അൽ ശഹ്‍രി)

മിഡ്ഫീൽഡിൽനിന്നുള്ള ലോങ് ബാൾ സ്വീകരിച്ച് കുതിച്ച ശഹ്‍രി തടയാനെത്തിയ റൊമോറോയെ മറികടന്ന് തൊടുത്ത ഷോട്ട് മാർട്ടിനെസിന് പിടികൊടുക്കാതെ വലയുടെ വലതുമൂലയിലേക്ക്.

2-1 (സലീം അൽ ദൗസരി)

ബോക്സിൽനിന്ന് പന്തെടുത്ത് ഒന്നുവെട്ടിയൊഴിഞ്ഞ് അൽദോസരി തൊടുത്ത ഷോട്ട് ചരിത്രത്തിലേക്ക്.

Tags:    
News Summary - qatar world cup-saudi arabia-argentina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.