ദോഹ: വൊസീച്ച് സെസ്നിയെന്ന ഗോൾകീപ്പറോട് പോളണ്ട് നന്ദി പറയണം. ചങ്കുറപ്പോടെ അയാൾ ആ ഗോൾ പോസ്റ്റിനു കീഴെ ഇല്ലായിരുന്നെങ്കിൽ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ സൗദി അറേബ്യ അവരെ ഒരു പാഠം പഠിപ്പിച്ചേനേ. സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ഒരു ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തെങ്കിലും ഈ മത്സരത്തിൽ പോളണ്ടിനെ തോളിലേറ്റിയത് സെസ്നി തന്നെയാണ്.
തോറ്റെങ്കിലും സൗദി അറേബ്യ ഈ ടൂർണമെന്റിൻെർ അതിശയ സംഘമായി തുടരുകയാണ്. അർജൻറീനയെ വീഴ്ത്തിയത് കേവലം ഫ്ലൂക്കല്ലെന്ന് തെളിയിക്കുന്ന മികവാണ് പോളണ്ടിനെതിരെ അവർ പുറത്തെടുത്തത്. അതിർത്തി കടന്നെത്തിയ ആയിരങ്ങളുടെ ആരവങ്ങളായിരുന്നു അവരുടെ കരുത്ത്. ഒരുപക്ഷേ, ഈ ലോകകപ്പിൽ ഇതുവരെ സ്റ്റേഡിയത്തിൽ കണ്ട ഏറ്റവും ഏകപക്ഷീയമായ ഗാലറി കൂടിയായിരുന്നു എജുക്കേഷൻ സിറ്റിയിലേത്.
ഓരോ നീക്കങ്ങൾക്കും കൈയയച്ച് പിന്തുണച്ച കാണികളുടെ പിന്തുണയിൽ സൗദി കത്തിക്കയറുകയായിരുന്നു. അലമാലകൾ പോലെ ആക്രമണങ്ങൾ ഇരച്ചുപെയ്തപ്പോൾ വരാനിരിക്കുന്നത് സന്തോഷപ്പിറവിയാണെന്ന തോന്നലാണ് ആദ്യ 38 മിനിറ്റുകളിൽ സ്റ്റേഡിയത്തിൽ നിറഞ്ഞുനിന്നത്. ഒറ്റപ്പെട്ട ഒരു പ്രത്യാക്രമണത്തിൽനിന്ന് പീറ്റർ സീലിൻസ്കി ആദ്യ ഗോളിലേക്ക് പന്തുപായിക്കും വരെ. എന്നിട്ടും തിരിച്ചടിക്കാനുള്ള ടീമിന്റെ ശ്രമങ്ങളെ പ്രചോദിപ്പിച്ച് ഗാലറി നിർത്താതെ കൈയടിച്ചുകൊണ്ടിരുന്നു.
സാലിഹ് അൽ ശഹ്രിയെ പോളണ്ട് ഡിഫൻഡർ വീഴ്ത്തിയപ്പോൾ 'വാറി'നുള്ള ആവശ്യം ആദ്യമുയർന്നത് ഗാലറിയിൽനിന്നായിരുന്നു. റഫറി അതിനനുകൂലമായി പ്രതികരിച്ചതോടെ ഗാലറി ആഹ്ലാദത്താൽ പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ, അൽ ദോസരിയുടെ കിക്ക് സെസ്നി പറന്നുവീണ് തട്ടിയതോടെ ഗാലറി മൂകമായി. 90 മിനിറ്റിനിടെ സ്റ്റേഡിയം ഏറ്റവും മൂകമായി നിമിഷങ്ങളിലൊന്ന്. ആ ഷോട്ട് വല തുളച്ചു കയറിയിരുന്നെങ്കിൽ സൗദിക്ക് പ്രീ ക്വാർട്ടർ പ്രവേശനമെന്ന ചരിത്രനേട്ടത്തിലേക്ക് വഴി ഏറെ എളുപ്പമായേനേ.
4-4-2 ശൈലിയിൽ ആക്രമിക്കാനിറങ്ങിയ പോളണ്ടിന് പക്ഷേ, സൗദിയുടെ കടലിരമ്പത്തിനു മുന്നിൽ ഉൾവലിയേണ്ടി വരികയായിരുന്നു. മത്സരത്തിൽ ഏറിയസമയവും പിൻനിരയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്ന പോളണ്ടിന് ജയം സമ്മാനിച്ചത് സൗദിയുടെ പിഴവുകളാണ്. പെനാൽറ്റി പാഴാക്കിയതിനു പുറമെ, രണ്ടാം ഗോളിലേക്ക് ലെവൻഡോവ്സ്കിക്ക് 'പാസ്' നൽകുകയായിരുന്നു അബ്ദുല്ല അൽ മാലികി.
അത്രയും വലിയ പിഴവാണ് സെൻട്രൽ ഡിഫൻസിൽ മാലികി വരുത്തിയത്. തിരിച്ചടിക്കാൻ വെമ്പിനിന്ന സൗദിക്കേറ്റ കനത്ത ഷോക്കായിരുന്നു 82-ാം മിനിറ്റിലെ ആ പിഴവ്. അതോടെ മാനസികമായി തകർന്ന അറേബ്യൻ ടീം പിന്നീട് പ്രതീക്ഷകൾ കൈവിട്ട പോലെയാണ് പന്തുതട്ടിയത്.
ഇനി മെക്സികോക്കെതിരെ അവസാന മത്സരം. അതു ജയിച്ചാൽ സൗദി ചരിത്രമെഴുതും. അതിനു കാത്തിരിക്കുകയാണവർ. അതു പുലർന്നാൽ സൗദി ആഘോഷത്തിലമരും. അതിർത്തി കടന്നെത്തിയ കാണികളിൽ വലിയൊരു വിഭാഗം ഖത്തറിൽ മത്സരങ്ങൾ കണ്ടും കാഴ്ചകൾ ആസ്വദിച്ചും ഇവിടെ തുടരുകയാണ്.
വലിയൊരു വിഭാഗം ടീമിന് പിന്തുണ നൽകാൻ സൗദിയിൽനിന്ന് മത്സരവേളയിൽ എത്തുന്നവരും. മെക്സികോക്കെതിരെ ജീവന്മരണ പോരാട്ടത്തിൽ ലക്ഷ്യം നേടിയാൽ സൗദിയിൽ ആഘോഷങ്ങൾ തകർക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.