ദോഹ: കളി കപ്പെന്ന 'കാര്യ'ത്തോടടുക്കുന്നു. ലോകം ജയിക്കാനുള്ള അവസാന കടമ്പയിലേക്കെത്താൻ ലയണൽ മെസ്സിയും സംഘവും ഒരുങ്ങിയിറങ്ങുകയാണ്. തടയാൻ കോപ്പുകൂട്ടി ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യ. തൊട്ടുപിന്നാലെ തുടർകിരീടമെന്ന മോഹവുമായി കരുത്തരായ ഫ്രാൻസ് കളത്തിലിറങ്ങും.
അവരെ പിടിച്ചുകെട്ടാൻ അട്ടിമറികളുടെ തുടർച്ചയിൽ അവസാന നാലിലെത്തി അതിശയം വിതറിയ മൊറോക്കോ. ആരു വാഴുമെന്നും വീഴുമെന്നുമുള്ള യാഥാർഥ്യങ്ങളിലേക്ക് പന്തുരുളാൻ ഇനി ഒരു ദിനം മാത്രം.
കഴിഞ്ഞ രണ്ടു ലോകകപ്പ് ഫൈനലുകളിലെ റണ്ണറപ്പുകളുടെ നേരങ്കമാണ് ആദ്യ സെമി ഫൈനൽ. 2014ൽ കിരീടം തലനാരിഴക്ക് കൈവിട്ട അർജന്റീനയും 2018ൽ കിരീടമോഹങ്ങൾ കലാശക്കളിയിൽ വീണുടഞ്ഞ ക്രൊയേഷ്യയും ലുസൈൽ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി 10.00 മണിക്ക് നേർക്കുനേർ അണിനിരക്കും.
മെസ്സിയെന്ന അതികായനും മോഡ്രിച്ചെന്ന മിഡ്ഫീൽഡ് ജനറലും നയിക്കുന്ന നിരകളിൽ ആർക്ക് വിജയമെന്ന് പ്രവചിക്കുക അസാധ്യം. ആക്രമണാത്മക ഫുട്ബാളിൽ വിശ്വസിക്കുന്ന അർജന്റീനക്കെതിരെ ഡിഫൻസിവ് സ്ട്രാറ്റജിയുടെ വകഭേദങ്ങളുമായാവും ക്രോട്ടുകളുടെ കരുനീക്കം. ബ്രസീലിനെ തളച്ചിട്ട പ്രതിരോധതന്ത്രങ്ങൾ അർജന്റീനക്കെതിരെയും പയറ്റി വിജയിപ്പിക്കാനാവും അവരുടെ നീക്കം.
സാധ്യതകളുടെ നേരിയ അംശങ്ങളെപ്പോലും ജ്വലിപ്പിച്ചുനിർത്തി മെസ്സി നടത്തുന്ന മാന്ത്രിക നീക്കങ്ങളെ തടയാൻ ക്രൊയേഷ്യക്ക് കഴിയുമോയെന്നതാണ് വലിയ ചോദ്യം. മത്സരത്തിൽ നേരിയ മുൻതൂക്കം കൽപിക്കപ്പെടുന്നത് അർജന്റീനക്കു തന്നെ.
ബുധനാഴ്ച അൽബെയ്ത്തിലെ രണ്ടാം സെമിയും ആവേശകരമാകും. നിലവിലെ ചാമ്പ്യന്മാരെന്ന പകിട്ടുമായി കളത്തിലിറങ്ങുന്ന ഫ്രാൻസിനെ പിടിച്ചുകെട്ടാനുറച്ചാണ് ഈ ടൂർണമെന്റിന്റെ വിസ്മയ സംഘമായ മൊറോക്കോ ബൂട്ടുകെട്ടുക. ബെൽജിയവും സ്‍പെയിനും ഒടുവിൽ പോർചുഗലും വീണ ആഫ്രിക്കൻ കളിക്കരുത്തിനുമുന്നിൽ വീഴാതെ നിൽക്കാൻ ഫ്രഞ്ചുനിര ഇതുവരെ പഠിച്ച പാഠങ്ങളൊന്നും മതിയാകില്ല.
കിലിയൻ എംബാപ്പെയുടെ ഫിനിഷിങ് വൈഭവത്തെ അഷ്റഫ് ഹക്കീമിയും കൂട്ടുകാരും ഏതുവിധം പിടിച്ചുകെട്ടുമെന്നത് മത്സരത്തിൽ നിർണായകമാകും. ഇരമ്പിയാർത്ത സ്പാനിഷ് അർമഡയെ തങ്ങളുടെ വലയിലേക്ക് ഷോട്ടുതിർക്കാൻ പോലും അവസരം നൽകാതെ മലർത്തിയടിച്ച മൊറോക്കോ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലിനെയും അതേ രീതിയിൽ കെട്ടിപ്പൂട്ടിയിരുന്നു.
ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ, അറബ് രാജ്യമായി പേരെടുത്ത മൊറോക്കോക്ക് കടലിരമ്പം പോലെ പിന്തുണ നൽകുന്ന ഗാലറിയുടെ ആവേശാരവങ്ങളെയും ഫ്രാൻസ് ഭയന്നേ തീരൂ. എംബാപ്പെയെ പൂട്ടിയാലും ഒലിവിയർ ജിറൂഡോ ഔറേലിൻ ചുവാമെനിയോ ഒക്കെ തരംപോലെ അവസരത്തിനൊത്തുയരുമെന്ന പ്രതീക്ഷകളാണ് ചാമ്പ്യന്മാരെ നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.