ബ്രസീലിനോടേറ്റ തോൽവിക്കു പിന്നാലെ രാജിവെച്ച് ദക്ഷിണ കൊറിയൻ കോച്ച് പൗളോ ബെന്റോ

ദോഹ: ലോകകപ്പ് പ്രീക്വാർട്ടറിൽ സാംബ കരുത്തിനു മുന്നിൽ ദയനീയമായി കൂപ്പുകുത്തിയ ദക്ഷിണ ​കൊറിയൻ ടീമിന്റെ പരിശീലകൻ രാജിവെച്ചു. ബ്രസീൽ ടീം സമ്പൂർണാധിപത്യം പുലർത്തിയ കളിയിൽ 1-4നായിരുന്നു ഏഷ്യൻ ടീമിന്റെ തോൽവി. കളിയുടെ ആദ്യ പകുതിയിൽ നിശ്ശൂന്യമായിപ്പോയ ടീം നാലു ഗോൾ വഴങ്ങിയെങ്കിലും രണ്ടാം പകുതിയിൽ കളി തിരിച്ചുപിടിച്ച് ഒരു ഗോൾ മടക്കിയിരുന്നു. ഹ്യൂങ് മിൻ സണ്ണിനുൾപ്പെടെ ലഭിച്ച സുവർണാവസരങ്ങൾ കളഞ്ഞുകുളിച്ചത് കൂടുതൽ ഗോളുകൾ നഷ്ടപ്പെടുത്തി.

മാസങ്ങൾക്ക് മുന്നെയെടുത്ത തീരുമാനമാണെന്നും ബ്രസീലിനോടേറ്റ തോൽവിയുമായി തീരുമാനത്തിന് ബന്ധമില്ലെന്നും പിന്നീട് ബെന്റോ പറഞ്ഞു. ''ഭാവിയെ കുറിച്ച് ആലോചിക്കേണ്ട സമയമാണിത്. എന്നാൽ, അതിനി കൊറിയൻ റിപ്പബ്ലിക്കിനൊപ്പമാകില്ല''- മത്സര ശേഷമായിരുന്നു പടിയിറങ്ങൽ പ്രഖ്യാപനം.

താരങ്ങളെയും പ്രസിഡന്റിനെയും തീരുമാനം അറിയിച്ചിട്ടുണ്ടെന്നും സെപ്റ്റംബറിലെടുത്ത തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'നാലു വർഷത്തിലേറെ കാലം ആ ടീമിനെ പരിശീലിപ്പിക്കാനായതിൽ അഭിമാനമുണ്ട്. ഇനി അൽപം വിശ്രമിക്കണം. ഭാവി കാര്യങ്ങൾ എന്നിട്ട് തീരുമാനിക്കണം. ലോകകപ്പ് ചരിത്രത്തിൽ മൂന്നാം തവണ നോക്കൗട്ട് കണ്ട ടീമിനൊപ്പമായതിൽ സന്തോഷമുണ്ട്. വിജയം ബ്രസീൽ അർഹിച്ചതായിരുന്നു. എന്നാലും, മത്സരഫലം ഇങ്ങനെയായതിൽ വേദനയുണ്ട്. നാലു വർഷത്തിനിടെ കൊറിയൻ ടീമിലുണ്ടായതെല്ലാം അസാധാരണമായിരുന്നു''- അദ്ദേഹം വ്യക്തമാക്കി. 2002ൽ പോർച്ചുഗലിനുവേണ്ടി ലോകകപ്പ് കളിച്ച താരമായിരുന്നു ബെന്റോ.

നേരത്തെ ജപ്പാനും മടങ്ങിയ ലോകകപ്പിൽ ഏഷ്യക്ക് ഇതോടെ അവസാന എട്ടിൽ പ്രാതിനിധ്യമില്ലാതായി. ഏഷ്യൻ കോൺഫെഡറേഷനൊപ്പമായിരുന്ന ആസ്ട്രേലിയ അർജന്റീനക്കു മുന്നിൽ തോറ്റുമടങ്ങിയിരുന്നു. 

Tags:    
News Summary - Qatar World Cup: South Korea coach Paulo Bento steps down after losing to Brazil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.