ദോഹ: കഴിഞ്ഞ ഏപ്രിലിൽ ഖത്തർ ലോകകപ്പ് ഗ്രൂപ് നറുക്കെടുപ്പ് പൂർത്തിയായപ്പോൾ എല്ലാവരുടെയും ശ്രദ്ധ ഗ്രൂപ് ഇ യിലേക്കായിരുന്നു. മുൻ ജേതാക്കളും കരുത്തരുമായ ജർമനിയും സ്പെയിനും മുഖാമുഖമെത്തുന്നു. ഫൈനലിലെത്താനും കിരീടം നേടാനും സാധ്യത കൽപിക്കപ്പെടുന്ന രണ്ട് ടീമുകൾ തമ്മിലെ പോരാട്ടത്തിന് വേണ്ടി കാത്തിരിപ്പായിരുന്നു പിന്നെ.
ഒടുവിൽ, ആ നാൾ വന്നണയുമ്പോൾ കാര്യങ്ങൾക്ക് പിന്നെയും പ്രാധാന്യം കൈവന്നിട്ടുണ്ട്. ആദ്യ മത്സരത്തിൽ ജപ്പാനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ജർമനിക്ക് ഇനിയൊരു പരാജയം മടക്കടിക്കറ്റ് സമ്മാനിക്കും. സ്പെയിനിനെ സംബന്ധിച്ച് സമനില പോലും മുന്നോട്ടുള്ള വഴിയിൽ മുതൽക്കൂട്ടാണ്.
കോസ്റ്ററീകക്കെതിരെ എതിരില്ലാത്ത ഏഴ് ഗോൾ ജയമാണ് ആദ്യ മത്സരത്തിൽ ചെമ്പട ആഘോഷിച്ചത്. ഇന്ന് ജയിച്ചാൽ ജപ്പാനെതിരായ കളിക്ക് കാത്തുനിൽക്കാതെ പ്രീ ക്വാർട്ടർ ഫൈനലിൽ കടക്കാം. അർജന്റീന-സൗദി അറേബ്യ മത്സരശേഷം ഇത്തവണ ഖത്തറിൽ നടന്ന ഏറ്റവും വലിയ അട്ടിമറിയായിരുന്നു ജർമനിയെ ജപ്പാൻ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിയത്. ഇൽകായ് ഗുണ്ടോഗന്റെ പെനാൽറ്റി ഗോളിലൂടെ മുന്നിലെത്തിയിട്ടും ബ്ലൂ സാമുറായ്ക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു.
ജർമൻ താരങ്ങൾ പരിശീലനത്തിൽ
ബുണ്ടസ് ലീഗയിലെ അനുഭവ സമ്പത്തുമായി റിസു ദോവാനും തകുമ അസാനോയും ജർമൻ വലയിൽ പന്തടിച്ചുകയറ്റി. പരിക്ക് കാരണം ജപ്പാനെതിരായ മത്സരം നഷ്ടമായ വിങ്ങർ ലെറോയ് സാനേയുടെ കാര്യം ഇന്നും സംശയമാണ്. സ്പെയിനിനെ സംബന്ധിച്ച് ആശങ്കകൾ തെല്ലുമില്ല.
അരങ്ങേറ്റത്തിൽ ഗോളും റെക്കോഡും കുറിച്ച 18കാരൻ ഗാവിയും പെഡ്രിയപും സെർജിയോ ബാസ്ക്വെറ്റ്സും മധ്യനിരയിൽ കരുത്തേകും. ഗോളടി വീരൻ ടോറെസും അസെൻസിയോയും ഓൽമോയുമടങ്ങുന്ന മുന്നേറ്റത്തിൽ പരീക്ഷണത്തിന് കോച്ച് ലൂയിസ് എൻറിക് മുതിരാൻ സാധ്യതയില്ല.
ലോകകപ്പിൽ സ്പെയിനും ജർമനിയും ഏറ്റവുമൊടുവിൽ നേർക്കുനേർ വന്നത് 2010ലെ സെമി ഫൈനലിലാണ്. അന്ന് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച സ്പെയിൻ അത്തവണത്തെ കീരീടവും കൊണ്ടാണ് നാട്ടിലേക്ക് വിമാനം കയറിയത്. കൃത്യം രണ്ടുവർഷം മുമ്പ് അതായത് 2020ൽ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിലാണ് ജർമനിയും സ്പെയിനും അവസാനമായി കണ്ടത്.
അന്ന് ഏകപക്ഷീയമായ ആറ് ഗോളിനായിരുന്നു സ്പെയിനിന്റെ ജയം. ഈ ഓർമയും ആദ്യ മത്സരത്തിൽ ജപ്പാനോടേറ്റ തോൽവിയും കോസ്റ്ററീകക്കെതിരെ സ്പെയിൻ നേടിയ 7-0 ജയവുമെല്ലാം ജർമൻ ക്യാമ്പിൽ ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും ജീവന്മരണപോരാട്ടം നേടിയേ തീരൂവെന്ന് ഉറപ്പിച്ചാണ് മാനുവൽ ന്യൂയർ നായകനും കാവൽക്കാരനുമായ ടീം ഇറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.