ഖ​ത്ത​ർ ടീ​മി​ന് വി​ജ​യാ​ശം​സ നേ​രാ​ൻ ലു​സൈ​ൽ ബൊ​ളേ​വാ​ഡി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കോ​ൽ​ക്ക​ളി

അ​വ​ത​രി​പ്പി​ക്കാ​ൻ ആ​തി​ഥേ​യ ജ​ഴ്സി​യ​ണി​ഞ്ഞെ​ത്തി​യ ‘ഇ​ശ​ൽ മ​ല​ബാ​ർ’ ടീം

'ഉടയോൻ പടച്ചവരേ... ഉലകിൽ ജനിച്ചവരേ...' തിരിഞ്ഞും മറിഞ്ഞും മാറിയും അതിദ്രുതം കോലടിച്ച് അവർ കളിച്ചുമുന്നേറുമ്പോൾ കണ്ടുനിന്ന ഖത്തരീ യുവാവിന് അതിശയം. അതുവരെ ദൂരെനിന്ന് ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തിക്കൊണ്ടിരുന്ന അയാൾക്ക് പിന്നീട് അവരുടെ ഒത്തമധ്യത്തിൽനിന്ന് ഷൂട്ടുചെയ്യണമെന്നായി.

അതിനു സമ്മതിച്ച് അയാളെ നടുവിൽനിർത്തി അവർ വീണ്ടും ചടുലചലനങ്ങളുമായി നിറഞ്ഞു. ഖത്തരീ യുവാവിന് 'അടി കൊള്ളു'മെന്ന് കണ്ടുനിന്നവർക്കൊക്കെ ആധിയുണ്ടായിരുന്നു. എന്നാൽ, ഒരിഞ്ചുപോലും തെറ്റാത്ത കളിക്കാരുടെ മെയ്‍വഴക്കത്തിനു മുന്നിൽ അയാൾ സുരക്ഷിതനായിരുന്നു.

പറഞ്ഞുവരുന്നത് ഖത്തറിന്റെ സ്വന്തം മലയാളി കോൽക്കളി സംഘത്തെക്കുറിച്ചാണ്. ഖത്തർ ലോകകപ്പ് ടീമിന് അഭിവാദ്യമർപ്പിക്കാനും വിജയാശംസകൾ നേരുന്നതിനുമായി കഴിഞ്ഞ ദിവസം മലയാളി ആരാധക കൂട്ടായ്മ ലുസൈൽ ബൊളേവാഡിൽ സംഘടിപ്പിച്ച പരിപാടിയിലാണ് സ്വദേശി ആരാധകരെപ്പോലും വിസ്മയിപ്പിച്ച് കോൽക്കളി ഉൾപ്പെടെയുള്ള കലാപരിപാടികളുമായി മലയാളികൾ രംഗം കൈയടക്കിയത്.

ലുസൈലിലെ 'ഇശൽ മലബാർ ഖത്തർ' എന്ന പേരിൽ വടകര, നാദാപുരം മേഖലയിലെ കൂട്ടുകാർ ചേർന്ന് രൂപവത്കരിച്ച കോൽക്കളി സംഘം ഖത്തറിൽ ഏറെ അറിയപ്പെടുന്ന കൂട്ടായ്മയാണ്. ഈ ലോകകപ്പോടെ നാട്ടിലും ഇവർ ഏറെ ശ്രദ്ധനേടി.

നേരത്തേ, മലയാളി ആരാധകസംഘങ്ങൾ ഫ്ലാഗ് പ്ലാസയിൽ നടത്തിയ വൻ ആരാധകറാലിയിൽ ജർമൻ വേഷവിതാനങ്ങളുമായി കോൽക്കളി കളിച്ച ഇശൽ മലബാറിന്റെ ദൃശ്യങ്ങൾ ഖത്തറിലും കേരളത്തിലും വൈറലായി മാറി. അവർതന്നെ വീണ്ടും ഖത്തറിന്റെ ജഴ്സിയിൽ ചുവടുവെച്ചു ലുസൈലിൽ. 'ശരിക്കും നിങ്ങൾ ഏതു ടീമിന്റെ ആരാധകരാണ്?' 'അങ്ങനെയൊന്നുമില്ല.

ജർമനി വിളിച്ചപ്പോൾ ഞങ്ങൾ പോയി. അന്ന് ജർമനിയുടെ പതാകയുടെ നിറം പ്രിന്റ് ചെയ്ത മുണ്ടൊക്കെ അവർ തന്നു. ഇനി അർജന്റീനയും ബ്രസീലും വിളിച്ചാലും പോകും. ഖത്തറിനുവേണ്ടി ഇന്ന് വന്നത് പക്ഷേ, അവരോടുള്ള ഇഷ്ടംകൊണ്ടുതന്നെയാണ്. അന്നം തരുന്ന നാടിനോടുള്ള സ്നേഹം' -ടീമിന്റെ മാനേജറായ ലത്തീഫ് പാതിരിപ്പറ്റ പറഞ്ഞു. ലുസൈലിൽ ഖത്തറിനോടുള്ള മുഹബ്ബത്തുകൊണ്ട് അവരുടെ മെറൂൺ ജഴ്സിയണിഞ്ഞായിരുന്നു കലാപ്രകടനം.

പഠനകാലത്ത് സ്കൂൾ യുവജനോത്സവങ്ങളിലും മറ്റും കോൽക്കളി കളിച്ചുകൊണ്ടിരുന്ന യുവാക്കളാണ് ഗൾഫിലെ ജോലിത്തിരക്കിനിടയിലും ടീമായി അണിനിരക്കുന്നത്. ഖത്തറിൽ ഇവർ ടീമായി രംഗത്തിറങ്ങുന്നത് 2019 മുതൽ. കുരിക്കൾ അസ്‍ലമാണ് പരിശീലകൻ. ഒപ്പം ഫഹീം, ജസീർ എന്നിവരും ചേർന്നാണ് കൂട്ടായ്മയുടെ തുടക്കം. ജോലിത്തിരക്കിനിടയിലും എല്ലാ വെള്ളിയാഴ്ചയും ഒന്നിച്ചുകൂടി പരിശീലനം തകൃതിയാണ്.

20 പേരാണ് ടീമിലുള്ളത്. ഖത്തറിലെ മിക്ക വേദികളിലും 'ഇശൽ മലബാർ' പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഇബ്രാഹിം, ലത്തീഫ്, ജസീം, നസീർ, ജമീസ്, സഹീറലി, ജുനൈസ്, റസാഖ്, സഹീർ, ഷബീർ, നൗഫൽ, ഷമീദ്, മഹറൂഫ്, സൈഫുദ്ദീൻ തുടങ്ങിയവരാണ് അണിനിരക്കുന്നത്. പണത്തിനുവേണ്ടിയല്ല, കോൽക്കളിയോടുള്ള ഇഷ്ടംകൊണ്ടാണ് കോലെല്ലാം നാട്ടിൽനിന്നെത്തിച്ച്, പ്രവാസജീവിതത്തിനിടയിലും ദ്രുതചുവടുകളായി കളി മുറുക്കുന്നതെന്ന് ഇവരെല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു.

Tags:    
News Summary - qatar world cup stories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.