ദോഹ: 69,000 പേർ തിങ്ങിനിറഞ്ഞ അൽ ബെയ്ത് സ്റ്റേഡിയത്തിലെ ഗാലറിയിൽ ജർമനി-സ്പെയിൻ 'ബിഗ് മാച്ചിനായി' ഭിന്നശേഷിക്കാരായ കാണികൾക്ക് സജ്ജമാക്കിയ വേദിയിൽ ഇരിക്കുേമ്പാഴാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കുഞ്ഞാന് ചെറുതല്ലാത്തൊരു മോഹമുദിക്കുന്നത്.
സെർജിയോ ബുസ്ക്വറ്റ്സും മാർകോ അസൻസിയോയും തോമസ് മുള്ളറും മാനുവൽ നോയറും ഉൾപ്പെടെയുള്ള സ്പെയിൻ, ജർമൻ താരങ്ങളെ അടുത്തൊന്ന് കാണണം. ഉള്ളിലുദിച്ച മോഹം ഗാലറിയിൽ ക്ഷേമാന്വേഷണവുമായെത്തിയ ഫിഫ വളന്റിയറോട് ബോധിപ്പിച്ചു. കളി തുടങ്ങാൻ മിനിറ്റുകൾമാത്രം ശേഷിക്കെ നടക്കാൻ സാധ്യതയില്ലെന്നായിരുന്നു മറുപടി.
എന്നാൽ, ഏതാനും സമയത്തിനുശേഷം, കുഞ്ഞാനെത്തേടി ഒരു ഫിഫ ഒഫീഷ്യലെത്തി. ഗ്രൗണ്ടിലിറങ്ങി കളിക്കാരെ കാണണോയെന്നായി ചോദ്യം. രണ്ടാമതൊന്നാലോചിച്ചില്ല: ''യെസ്...'' എന്ന് മറുപടി നൽകി. പിന്നെയെല്ലാം സ്വപ്നത്തിലെന്നപോലെ അനുഭവിച്ച മുഹൂർത്തങ്ങൾ.
ഭിന്നശേഷിക്കാരായ കാണികൾക്ക് സഹായത്തിനുള്ള മൊബിലിറ്റി അസിസ്റ്റൻസ് വളന്റിയർമാരുടെ സഹായത്താൽ കുഞ്ഞാനും വീൽചെയറും അൽ ബെയ്തിന്റെ ലിഫ്റ്റിലിറങ്ങി, പച്ചപ്പുൽ മൈതാനിയിലേക്ക്. ഡ്രസ്സിങ് റൂമിൽനിന്ന് കളിക്കാർ നടന്ന്, മൈതാനമധ്യത്തിലേക്ക് പോകുന്നവഴിയിൽ വി.ഐ.പി പരിഗണനയോടെ കുഞ്ഞാനും ഒപ്പം ഇറാനിൽനിന്നുള്ള മറ്റൊരു ഭിന്നശേഷിക്കാരിയായ ഫുട്ബാൾ ആരാധികയും.
ടി.വിയിൽ മാത്രം കണ്ട നോയറും ബുസ്ക്വറ്റ്സും ജോർഡി ആൽബയും ഉൾപ്പെടെയുള്ള താരങ്ങൾ തൊട്ടുമുന്നിലൂടെ നടന്ന് മൈതാനത്തേക്ക് പോകുന്ന നിമിഷത്തിന് കുഞ്ഞാൻ അരികിലിരുന്ന് സാക്ഷിയായി. ഹസ്തദാനം ചെയ്യാനോ ചിത്രം പകർത്താനോ കഴിഞ്ഞില്ലെങ്കിലും ഖത്തർ ലോകകപ്പ് സംഘാടകർ തങ്ങൾക്ക് നൽകിയ പരിഗണനയിൽ നന്ദി അറിയിക്കുകയാണ് പെരിന്തൽമണ്ണ താഴെക്കോട് സ്വദേശിയായ ഫാറൂഖ് എന്ന നാട്ടുകാരുടെയും കൂട്ടുകാരുടെയും കുഞ്ഞാൻ.
കുഞ്ഞുപ്രായത്തിൽ പോളിയോ ബാധിച്ച് അരക്കുതാഴെ തളർന്ന കുഞ്ഞാന്റെ ജീവിതം വീൽചെയറിന്റെ രണ്ടു ചക്രങ്ങളിലായെങ്കിലും സ്വപ്നങ്ങൾക്ക് അതിരുകളില്ലായിരുന്നു. സുഹൃത്തുക്കളും കുടുംബവും ആ സ്വപ്നങ്ങൾക്ക് ചിറകായി മാറി. 'വാക്ക് വിത്ത് കുഞ്ഞാൻ' എന്ന പേരിൽ യൂട്യൂബ് േവ്ലാഗറായും മറ്റും സമൂഹമാധ്യമങ്ങളിൽ സജീവമായ കുഞ്ഞാൻ ഫുട്ബാളിനെയും നെഞ്ചിലേറ്റി.
അതിനിടെയാണ്, ഖത്തറിലേക്ക് ലോകകപ്പ് ഫുട്ബാളിന്റെ വരവ്. നാലുവർഷം മുമ്പുതന്നെ ലോകകപ്പ് മത്സരങ്ങൾ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ കൂട്ടുകാർ സഹായവുമായെത്തി. കഴിഞ്ഞ ജനുവരിയിൽ മാച്ച് ടിക്കറ്റ് വിൽപന ആരംഭിച്ചപ്പോൾതന്നെ, ഭിന്നശേഷിക്കാർക്കായി നീക്കിവെച്ച 'അസസിബിലിറ്റി ടിക്കറ്റ്' കാറ്റഗറിയിലൂടെ 10 ടിക്കറ്റുകൾ സ്വന്തമാക്കി.
ഇഷ്ട ടീമായ ബ്രസീൽ, അർജൻറീന, പോർചുഗൽ ഉൾപ്പെടെ മത്സരങ്ങളുടെ ടിക്കറ്റുകളും സ്വന്തമാക്കി. സന്തതസഹചാരി കൂടിയായ ഷബീബിനെയും ഒപ്പംകൂട്ടിയാണ് കുഞ്ഞാൻ നവംബർ 13ന് ഖത്തറിലെത്തിയത്. ലോകകപ്പിന്റെ എല്ലാ സൗന്ദര്യവും ആസ്വദിക്കുന്ന തിരക്കിലാണ് ഇദ്ദേഹം.
സ്റ്റേഡിയങ്ങളും ഫാൻസോണും കോർണിഷും ഉൾപ്പെടെ എല്ലായിടത്തുമെത്തുന്നു. കളിമൈതാനത്തേക്കുള്ള യാത്രകളിൽ വിദേശ കാണികളുമായുള്ള സംഭാഷണവും മറ്റുമായി േവ്ലാഗുകളാക്കിയും പോസ്റ്റ് ചെയ്യുന്നു.
മെസ്സിയുടെയും നെയ്മറിന്റെയുമെല്ലാം കളി കണ്ട് നാട്ടിലേക്ക് മടങ്ങുംമുേമ്പ അവർക്കൊപ്പം ഒരു സെൽഫികൂടി പകർത്തണം, ലോകകപ്പ് ഉദ്ഘാടന വേദിയിൽ തിളങ്ങിയ ഭിന്നശേഷിക്കാരൻ ഗാനിം അൽമുഫ്തയെ ഒന്ന് നേരിട്ടുകാണണം എന്നീ മോഹങ്ങൾകൂടി കുഞ്ഞാനുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ഭിന്നശേഷിക്കാരായ കാണികൾക്കുകൂടി കളി ആസ്വാദ്യകരമാക്കിയ സംഘാടകർക്കും ഖത്തർ ഭരണകൂടത്തിനും നന്ദി പറയുകയാണ് കുഞ്ഞാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.