സൗദി അറേബ്യയുടെ ജഴ്സിയണിഞ്ഞ്, കൈകളിൽ അർജന്റീനയുടെ ബാനറും പിടിച്ച് മൂന്നു യുവാക്കൾ. ലുസൈലിലെ ചരിത്രമായി മാറിയ മത്സരം കഴിഞ്ഞ് മടങ്ങുകയാണ്. അർജന്റീനക്കാരാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തം. നിങ്ങൾക്ക് ഇത്ര ശക്തമായ തിരിച്ചടിയേൽപിച്ച സൗദിയുടെ ജഴ്സിയുമണിഞ്ഞ് നടക്കുന്നതെന്തെന്ന ചോദ്യത്തിന് തികഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റിലായിരുന്നു മറുപടി.
'അർജന്റീനക്കിന്ന് മോശം ദിനമായിരുന്നു. പക്ഷേ, ഇത് ചരിത്രമായി മാറിയ ജഴ്സിയാണ്. മത്സരം കഴിഞ്ഞ ശേഷം ഞങ്ങൾ സ്റ്റേഡിയത്തിലെ സൗദി അറേബ്യൻ കാണികളെ കണ്ട് അവരോട് ചോദിച്ചുവാങ്ങിയതാണ്.' അർജന്റീനയുടെ മുന്നോട്ടുള്ള പ്രയാണത്തെക്കുറിച്ച് ചോദിച്ചപ്പോൾ കൂട്ടത്തിൽ സരസമായി സംസാരിക്കുന്ന ഇവാന് ഒരു ആശയക്കുഴപ്പവുമില്ല. അടുത്ത ശനിയാഴ്ച പോളണ്ടിനെതിരെ ഞങ്ങൾ ജയം നേടും. മെക്സികോയെയും കീഴടക്കി പ്രീക്വാർട്ടറിലെത്തും.
ലോ ചെൽസോയുടെ അഭാവമാണ് അർജന്റീനക്ക് തിരിച്ചടിയായത്. ഗോൾ വഴങ്ങിയപ്പോൾ ടീം മാനസികമായി തകർന്നുപോയി. മെസ്സിക്കാകട്ടെ, പിന്നിൽനിന്ന് പന്തെടുത്ത് മുന്നോട്ടുപോയി ആക്രമണം നയിക്കേണ്ടിവന്നു. ഇനിയുള്ള കളികളിൽ നല്ല പ്രകടനം കാഴ്ചവെക്കുമെന്നുതന്നെയാണ് പ്രതീക്ഷ.
നല്ലതിനായി പ്രാർഥിക്കുന്നു' -ഇവാന്റെ നിരീക്ഷണം. കൂട്ടുകാരൻ ഇഷർമോ വാറൈന്റന് പക്ഷേ, അത്ര ആത്മവിശ്വാസമില്ല. 'ഒന്നും ഉറപ്പില്ല. പോളണ്ടും മെക്സികോയും നല്ല ടീമുകളാണ്. അവർ തമ്മിലുള്ള മത്സരം സമനിലയിലാകണം. പിന്നെ അർജന്റീന അടുത്ത മത്സരങ്ങളിൽ മികവുകാട്ടുകയും വേണം' -ഇഷർമോയുടെ ആഗ്രഹംപോലെ പിന്നാലെ നടന്ന പോളണ്ട്-മെക്സികോ മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു.
മെട്രോയിലും പാർക്കുകളിലുമൊക്കെ സൗദിക്കാർ തകർക്കുകയായിരുന്നു ഇന്നലെ. സൂഖ് വാഖിഫിൽ ആഘോഷം പുലർച്ചെ വരെ പൊടിപൊടിച്ചു. നൂറുകണക്കിനാളുകൾ പാട്ടുപാടിയും നൃത്തം ചെയ്തുമൊക്കെ അരങ്ങുകൊഴുപ്പിച്ചു. സൗദിക്കാർ മാത്രമായിരുന്നില്ല. ഗൾഫ് രാജ്യക്കാരും അൽജീരിയ, തുനീഷ്യ, ഫലസ്തീൻ എന്നിവിടങ്ങളിൽനിന്നുള്ളവരുമൊക്കെ അതിന്റെ ഭാഗമായി.
അർജന്റീന ആരാധകരാകട്ടെ, ആകെ തകർന്ന മട്ടായിരുന്നു. വല്ലാത്തൊരാശങ്ക അവരെ പൊതിഞ്ഞിട്ടുണ്ട്. കപ്പു നേടുമെന്ന പ്രതീക്ഷയിൽ ആഘോഷമായി വന്ന അർജന്റീനക്കാർക്ക് സൗദിയിൽനിന്നു കിട്ടിയ പ്രഹരം ഒട്ടും ഉൾക്കൊള്ളാനായിട്ടില്ല. അവർ മാത്രമല്ല, ഖത്തറിലെ നൂറുകണക്കിനായ മലയാളി അർജന്റീന ആരാധകരും ആകെ തകർന്ന മട്ടാണ്.
മദീന ഖലീഫയിലെ ഹോട്ടലിൽ ഊണു കഴിക്കാൻ കയറിയപ്പോൾ, കൊടുങ്ങല്ലൂരുകാരനായ ഒരു സുഹൃത്തിന്റെ നിരാശയിൽ പൊതിഞ്ഞ ചോദ്യം- 'ഇനി വല്ലതും നടക്കുമോ ചേട്ടാ?'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.