അ​ഹ​മ്മ​ദ് ബി​ൻ അ​ലി സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്ത്

ക​ട​ലാ​സ് ടി​ക്ക​റ്റി​നാ​യി കാ​ത്തു നി​ൽ​ക്കു​ന്ന ഉ​ഹാ​ൻ

ടിക്കറ്റുണ്ടോ കടലാസ് ടിക്കറ്റ്...

ദോഹ: അഹമ്മദ് ബിൻ അലി സ്റ്റേഡിയം വേദിയായ ബെൽജിയം-കാനഡ മത്സരം കഴിഞ്ഞ് മെട്രോ സ്റ്റേഷനിലേക്കുള്ള നടത്തത്തിനിടയിലാണ് സ്റ്റേഡിയം കവാടത്തിലെ ആൾത്തിരക്കിനിടയിൽ പ്ലക്കാർഡുമായി ഒരു യൂറോപ്യൻ കാണി നിൽക്കുന്നത് കണ്ടത്.

'ഉപയോഗിച്ച ടിക്കറ്റുകൾ ശേഖരിക്കുന്നു' ... കടന്നുവരുന്ന കാണികളിലേക്കാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ. ചിലർ വന്ന് കുശലാന്വേഷണം നടത്തുന്നു, മറ്റു ചിലർക്ക് എന്തിനാണ് നിങ്ങൾക്ക് ടിക്കറ്റ് എന്നറിയണം. പക്ഷേ, കക്ഷിക്ക് നൽകാൻ ആരുടെ കൈയിലും ടിക്കറ്റില്ല.

ജർമനിയിലെ മ്യൂണിക്കിൽനിന്നും ലോകകപ്പ് മത്സരം കാണാനെത്തിയതാണ് ഇദ്ദേഹം. പേര് ഫിലിപ്പ്. ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ശേഖരണമാണ് മ്യുണിക്കിൽ എൻജിനീയറായ ഫിലിപ്പിന്റെ ഹോബി. 1998 ഫ്രാൻസ് ലോകകപ്പ് മുതലുള്ള എല്ലാ ലോകകപ്പുകളുടെ ഫൈനൽ ഉൾപ്പെടെ മാച്ച് ടിക്കറ്റുകളുടെ വിപുലമായ ശേഖരമുള്ള ഫിലിപ്പിന് പക്ഷേ, ഈ ലോകകപ്പിൽ എത്ര ടിക്കറ്റുകൾ ലഭ്യമാവുമെന്ന് ഒരു ഉറപ്പുമില്ല.

ഒരു ഫിലിപ്പ് മാത്രമല്ല ലോകകപ്പ് വേദിക്ക് പുറത്ത് കടലാസ് ടിക്കറ്റുകൾക്കായി അപേക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നത്. ഏതാനും മീറ്ററുകൾ മാത്രമുള്ള നടത്തത്തിനിടയിലാണ് ബെൽജിയത്തിലെ ബ്രസൽസിൽനിന്നുള്ള ഉഹാനെയും തുർക്കിക്കാരനായ മുഹമ്മദിനെയുമെല്ലാം കണ്ടത്.

എല്ലാവരും ലോകകപ്പ് മത്സരങ്ങളുടെ ഉപയോഗിച്ച പ്രിൻറഡ് ടിക്കറ്റിനായുള്ള കാത്തിരിപ്പിലാണ്. എന്നാൽ, ഇത്തവണ ഖത്തർ ലോകകപ്പിൽ ഫിഫയും സുപ്രീം കമ്മിറ്റിയും മൊബൈൽ ഇ-ടിക്കറ്റിങ് ആക്കി മാറ്റിയതോടെ കടലാസ് ടിക്കറ്റുകൾ കിട്ടാക്കനിയായി മാറി. ദോഹയിലെ കൗണ്ടർ വിൽപന വഴിയും കോർപറേറ്റ് സ്പോൺസർഷിപ്പിലുള്ള ടിക്കറ്റുകളും മാത്രമാണ് കടലാസായി ലഭിക്കുന്നത്.

സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിനും കാണികൾക്ക് കൈകാര്യം ചെയ്യാനും ഇ-ടിക്കറ്റുകൾ എളുപ്പമാവുമ്പോൾ ലോകകപ്പ് മാച്ച് ടിക്കറ്റ് ശേഖരണം ഹോബിയാക്കിയ ഫിലിപ്പിനെയും ഉഹാനെയും പോലുള്ള നൂറുകണക്കിന് 'കലക്ടേഴ്സിന്റെ' ഹോബി പ്രതിസന്ധിയിലായി.

ബെൽജിയം-കാനഡ മത്സരവേദിയായ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിന് പുറത്ത് പ്ലക്കാർഡുമായി ഏറെ കാത്തിരുന്നിട്ടും ഏതാനും പ്രിന്റഡ് ടിക്കറ്റ് മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് ഉഹാൻ പരിഭവിക്കുന്നു. ലോകകപ്പ് തുടങ്ങും മുമ്പേയെത്തി പ്രിൻറഡ് ടിക്കറ്റുകൾ വാങ്ങാൻ ശ്രമിച്ചിരുന്നു.

എന്നാൽ, കാര്യമായൊന്നും കിട്ടിയില്ല. ഇതോടെയാണ് സ്റ്റേഡിയങ്ങൾക്ക് പുറത്ത് കാത്തിരുന്ന് മത്സരം കഴിഞ്ഞുപോവുന്ന കണികളോട് ടിക്കറ്റ് ചോദിക്കാനായി ഉഹാൻ ഇറങ്ങി പുറപ്പെട്ടത്. കഴിഞ്ഞ മൂന്ന് ലോകകപ്പുകൾക്കുമെത്തിയ ഉഹാന്റെ ശേഖരത്തിലുമുണ്ട് വിവിധ ലോകകപ്പുകളിലെ ആയിരത്തോളം മാച്ച് ടിക്കറ്റുകൾ.

Tags:    
News Summary - qatar world cup stories-ticket collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.