ദോഹ: ഒരു വ്യാഴവട്ടംമുമ്പ് ഇതെല്ലാം വെറുമൊരു സ്വപ്നം മാത്രമായിരുന്നു. യൂറോപ്യൻ രാജ്യങ്ങൾ, നടക്കാൻ പോകാത്ത സ്വപ്നവും വ്യാമോഹവുമെന്ന് ആക്ഷേപിച്ച മോഹങ്ങൾ. എന്നാൽ, 12 വർഷത്തിനിപ്പുറം ഏറ്റവും മനോഹരമായൊരു ലോകകപ്പ് ഒരുക്കി ഖത്തർ ലോകത്തിന് മറുപടി നൽകിയപ്പോൾ ഈ മണ്ണിന് ഇത് അഭിമാന നിമിഷം. വിമർശനങ്ങളെയെല്ലാം ചവിട്ടുപടികളാക്കിയാണ് ഖത്തർ ലോകകപ്പിനെ ചരിത്ര നിമിഷമാക്കി പൂർത്തിയാക്കിയത്.
നീണ്ട കാത്തിരിപ്പിനൊടുവിൽ ലുസൈലിലെ സ്വർണകൂടാരത്തിനുള്ളിൽ പുതിയ ലോകജേതാവ് ലയണൽ മെസ്സിക്ക് കിരീടം സമ്മാനിച്ച് അടുത്ത ആതിഥേയർക്ക് വേദി കൈമാറി ഖത്തർ ലോകത്തിന് മുമ്പാകെ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന നിമിഷത്തിൽ പിന്നിട്ട വഴികളിലേക്ക് ഒരു എത്തിനോട്ടം.
2009 നവംബർ: വർഷങ്ങൾ നീണ്ട കൂടിലാലോചനകൾക്കും തയാറെടുപ്പുകൾക്കും പിന്നാലെ 2022 ലോകകപ്പിനുള്ള ഖത്തറിന്റെ ആതിഥേയത്വ ശ്രമങ്ങളുടെ ഔദ്യോഗിക തുടക്കം 2009 നവംബറിലായിരുന്നു. ഒരുവർഷം കഴിഞ്ഞ് നടക്കുന്ന വേദി പ്രഖ്യാപനത്തിന് മുമ്പായി രാജ്യമെമ്പാടും നടന്ന പ്രചാരണങ്ങളിലൂടെ ഖത്തർ ലോകകപ്പ് ആതിഥേയ ശ്രമം പ്രഖ്യാപിച്ചു.
സൂറികിൽ നടന്ന ഫിഫ കോൺഗ്രസിൽ ഖത്തറിന് ലോകകപ്പ് ആതിഥേയത്തിനുള്ള അവകാശ പ്രഖ്യാപനം. മിഡിലീസ്റ്റിലും അറബ് ലോകത്തും ആദ്യമായി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം. ആസ്ട്രേലിയ, ജപ്പാൻ, ദക്ഷിണകൊറിയ, അമേരിക്ക എന്നിവരായിരുന്നു ബിഡുമായി രംഗത്തുണ്ടായിരുന്നത്. അവസാന റൗണ്ടിൽ ഖത്തറും അമേരിക്കയും മാത്രമായി. 14 വോട്ട് നേടിയ ഖത്തർ ലോകകപ്പ് ആതിഥേയരായി.
ഖത്തറിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ പരിഗണിച്ച് ശൈത്യകാലത്തേക്ക് ലോകകപ്പ് മാറ്റിയതായി ഫിഫ പ്രഖ്യാപിച്ചു. ശൈത്യകാലത്ത് നടക്കുന്ന ആദ്യ ലോകകപ്പായി ഖത്തർ അറിയപ്പെട്ടു. സാധാരണ ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന ലോകകപ്പിന് അറേബ്യൻ മണ്ണിലെ ചൂട് ദോഷകരമായി മാറും എന്ന വിമർശനങ്ങൾക്കിടയിലായിരുന്നു ലോകകപ്പ് വർഷാവസാനത്തേക്ക് മാറ്റാൻ തീരുമാനിച്ചത്.
2022 ഖത്തർ ലോകകപ്പ് നവംബർ 21ന് ആരംഭിക്കുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്റ്റേഡിയങ്ങളിൽ ശീതീകരണ സംവിധാനങ്ങൾ സജ്ജമാക്കി ഉൾപ്പെടെ ചൂടിനെ ചെറുക്കാനുള്ള പല പദ്ധതികളും ഖത്തർ അവതരിപ്പിച്ചിരുന്നു.
തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്ത് വർക്കേഴ്സ് വെൽഫെയർ മാനദണ്ഡങ്ങൾ നടപ്പിൽ വരുത്താനുള്ള കരട് രേഖ ഖത്തർ പുറത്തുവിട്ടു.
ഖത്തറിലെ സ്റ്റേഡിയം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതികളുമായി തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ പരിശോധിക്കുന്നതിനുള്ള സ്വതന്ത്ര സമിതിക്ക് രൂപം നൽകാനുള്ള പദ്ധതി ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ പ്രഖ്യാപിച്ചു.
ആസ്പയർ സോണിലെ ഖലീഫ രാജ്യാന്തര സ്റ്റേഡിയം ലോകകപ്പിനായി നിർമാണം പൂർത്തിയാക്കുന്ന ആദ്യ സ്റ്റേഡിയമായി. ലോകകപ്പിനുള്ള എട്ട് സ്റ്റേഡിയങ്ങളിൽ സജ്ജമായ ആദ്യ കളിമൈതാനമായിരുന്നു ഇത്. നേരത്തെ 2006 ഏഷ്യൻ ഗെയിംസിനും ഖലീഫ സ്റ്റേഡിയം വേദിയായിരുന്നു. പുതുക്കിപ്പണിത് ആതിഥേയരായ ഏക വേദിയും ഇതുതന്നെ.
ഖത്തർ, റഷ്യ ലോകകപ്പുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിലെ അന്തിമ റിപ്പോർട്ട് ഫിഫ പുറത്തുവിട്ടു. ആരോപണങ്ങൾ അടിസ്ഥാന രഹിതമായിരുന്നുവെന്ന് ഫിഫ കണ്ടെത്തി. അമേരിക്കയും വിവിധ യൂറോപ്യൻ രാജ്യങ്ങളും ഉന്നയിച്ച ആരോപണങ്ങൾക്കുള്ള കനത്ത തിരിച്ചടിയായിരുന്നു ഫിഫ റിപ്പോർട്ട്.
രണ്ടുദശലക്ഷത്തോളം വരുന്ന ഖത്തറിലെ കുടിയേറ്റ തൊഴിലാളികൾക്ക് സാമ്പത്തിക പിന്തുണ നൽകിക്കൊണ്ടുള്ള കരട് നിയമത്തിന് ഖത്തർ അംഗീകാരം നൽകി.
തൊഴിലാളികളുടെ സ്പോൺസർഷിപ് ഉൾപ്പെടെയുള്ള വിവിധ നിയമങ്ങളുമായി ബന്ധപ്പെട്ട പരിഷ്കരണം സംബന്ധിച്ച് അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ഖത്തർ കരാറിലെത്തി.
ഖത്തറിനൊപ്പം ഒരു ഗൾഫ് രാജ്യത്തെക്കൂടി ചേർത്ത് ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 48 ആക്കി ഉയർത്താനുള്ള നടപടികൾക്ക് ഫിഫ കൗൺസിൽ അംഗീകാരം നൽകി. പക്ഷേ, പിന്നീട് ഈ ശ്രമം ഉപേക്ഷിക്കുകയും ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നത് അടുത്ത ലോകകപ്പിലേക്ക് മാറ്റുകയും ചെയ്തു.
ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട പൊതുഗതാഗത മേഖലയിലെ പ്രധാന മാർഗമായ ദോഹ മെട്രോ സർവിസ് ആരംഭിച്ചു. 2022 ഡിസംബർ 18ന് ലോകകപ്പിന് സമാപനമാവുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ദശലക്ഷം കാണികൾ പ്രകീർത്തിക്കുന്നതും യാത്രാസേവനങ്ങളിൽ ഏറ്റവും സഹായകമായ മെട്രോ സർവിസിനെയാണ്. മൂന്ന് ലൈനുകളിലായി സജ്ജീകരിച്ച മെട്രോ ലോകകപ്പ് സംഘാടനത്തിൽ ഏറ്റവും നിർണായകമായി.
വക്റയിലെ ലോകകപ്പിനുള്ള പുതിയ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയത്തിന് അൽ ജനൂബ് എന്ന് നാമകരണം ചെയ്തു. പൂർണമായും ലോകകപ്പിനായി നിർമിച്ച ആദ്യ സ്റ്റേഡിയവും അൽ ജനൂബ് സ്റ്റേഡിയമാണ്. വിശ്രത ഇറാഖ്-ബ്രിട്ടീഷ് ആർക്കിടെക്ട് സഹ ഹദീദായിരുന്നു സ്റ്റേഡിയത്തിന്റെ ശിൽപി. ഉദ്ഘാടനത്തിനുമുമ്പേ ഇവർ മരണപ്പെട്ടു.
ഖത്തർ ലോകകപ്പിൽ ടീമുകളുടെ എണ്ണം 48 ആക്കാനുള്ള നടപടികൾ ഫിഫ നിർത്തിവെച്ചു. 2026 ലോകകപ്പ് മുതൽ ടീമുകളുടെ എണ്ണം ഉയർത്താമെന്നായി തീരുമാനം.
ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക മുദ്ര പുറത്തുവിട്ടു. ദോഹയിലെ പ്രധാന കേന്ദ്രങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 24 നഗരങ്ങളിലും മുദ്ര അനാച്ഛാദനം ചെയ്യപ്പെട്ടു. ഇന്ത്യയിൽ മുംബൈയിലും ചടങ്ങ് സംഘടിപ്പിച്ചു.
ഖത്തറിൽ കഫാല സംവിധാനം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. നിശ്ചിത കാലാവധി പൂർത്തിയാക്കിയവർക്ക് തൊഴിലുടമയുടെ അനുമതി കൂടാതെതന്നെ പുതിയ തൊഴിലുടമക്കു കീഴിലേക്ക് മാറാം. ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യം വിടാൻ തൊഴിലുടമയുടെ അനുമതി വേണമെന്ന 'എക്സിറ്റ് പെർമിറ്റ്' നിയമവും എടുത്തുകളഞ്ഞു. ഖത്തറിന്റെ തൊഴിൽ നിയമ പരിഷ്കരണങ്ങൾക്ക് യു.എന്നിന്റെ പ്രശംസ.
എജുക്കേഷൻ സിറ്റി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. ക്വാർട്ടർ ഫൈനലുൾപ്പെടെയുള്ള മത്സരങ്ങളുടെ വേദിയായിരുന്നു ഇത്. മരുഭൂമിയിലെ വജ്രം എന്ന വിളിപ്പേരുള്ള സ്റ്റേഡിയം ലോകകപ്പിന്റെ ശ്രദ്ധേയ കളിമുറ്റങ്ങളിൽ ഒന്നായിരുന്നു.
ഖത്തറിൽ മിനിമം മാസവേതനം 1000 റിയാലാക്കുമെന്ന നിയമവുമായി മുന്നോട്ടുപോകുമെന്ന് ഖത്തർ പ്രഖ്യാപിച്ചു.
ലോകകപ്പിന്റെ നാലാമത് വേദിയായി റയ്യാനിൽ അഹ്മദ് ബിൻ അലി സ്റ്റേഡിയം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്തു.
അൽ തുമാമ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. ലോകകപ്പിന്റെ അഞ്ചാമത്തെ വേദിയായിരുന്നു ഇത്. അമീർ കപ്പ് ഫൈനലിന്റെ വേദിയായാണ് സ്റ്റേഡിയം തുറന്നുനൽകിയത്.
ലോകകപ്പിന്റെ ഒരു വർഷ കൗണ്ട്ഡൗണിന് തുടക്കമായി. ദോഹ കോർണിഷിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിലായിരുന്നു കൗണ്ട്ഡൗൺ ക്ലോക്ക് അനാച്ഛാദനം നിർവഹിച്ചത്.
പൂർണമായും കണ്ടെയ്നറുകളാൽ നിർമിച്ച റാസ് ബൂ അബൂദ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയം 974 എന്ന് പുനർനാമകരണം ചെയ്തു. ടൂർണമെൻറിനുശേഷം പൂർണമായും ഇല്ലാതാക്കുന്ന പ്രഥമ സ്റ്റേഡിയം കൂടിയായിരിക്കും ഇത്. ഇതേദിനം അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഫിഫ അറബ് കപ്പ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു.
ലോകകപ്പ് ഫൈനലിന് കൃത്യം ഒരുവർഷം ബാക്കിനിൽക്കെ ട്രയൽ റണ്ണായ ഫിഫ അറബ് കപ്പ് ഫൈനൽ. അൽബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അൽജീരിയ ജേതാക്കളായി.
ആദ്യ ടിക്കറ്റ് വിൽപന ആരംഭിച്ചു. താമസക്കാർക്ക് 40 റിയാലിന് ടിക്കറ്റുകൾ ലഭ്യമാക്കി. 1986നുശേഷം ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്.ഖത്തർ ലോകകപ്പ് സുരക്ഷക്കായി തുർക്കി 3250 സുരക്ഷാ സൈനികരെ ഖത്തറിലേക്കയക്കുമെന്ന് പ്രഖ്യാപിച്ചു.
ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ ഗ്രൂപ് നറുക്കെടുപ്പ് ദോഹയിൽ നടന്നു. ഫിഫ കോൺഗ്രസിന്റെ ഭാഗമായി ലോകതാരങ്ങളെ സാക്ഷിയാക്കിയായിരുന്നു പ്രൗഢഗംഭീര ചടങ്ങ്.
നിശ്ചയിച്ചതിൽനിന്നും വ്യത്യസ്തമായി ഫിഫ ലോകകപ്പ് ഒരുദിവസം നേരത്തെ ആരംഭിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു. ഖത്തർ- എക്വഡോർ മത്സരം നവംബർ 20ന് നടത്താൻ തീരുമാനിച്ചു.
ലോകകപ്പിന് ഒരുമാസം മാത്രം ബാക്കിയിരിക്കെ അന്തിമ തയാറെടുപ്പുകൾ അധികൃതർ വിലയിരുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഫിഫ സംഘങ്ങളും വളന്റിയർമാരും ഖത്തറിൽ എത്തിത്തുടങ്ങി.
മിഡിലീസ്റ്റിലെയും അറബ് ലോകത്തെയും ആദ്യ ലോകകപ്പിന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ സമാരംഭം കുറിച്ചു. മാനവികതയുടെ ഉദ്ഘോഷണമായി മാറിയ ഉദ്ഘാടന ചടങ്ങ് മോർഗൻ ഫ്രീമാന്റെയും ഗാനിം മുഫ്തയുടെയും സാന്നിധ്യംകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.
ലോകം കൺപാർത്തിരുന്ന മുഹൂർത്തത്തിൽ ലുസൈലിൽ ഫൈനൽ വിസിലിന് കിക്കോഫ്. പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിനൊടുവിൽ ലയണൽ മെസ്സിയുടെ അർജൻറീനക്ക് കിരീട നേട്ടം. ഖത്തർ അമീറും ഫിഫ പ്രസിഡൻറും ലോകനേതാക്കളും സൂപ്പർതാരങ്ങളും സാക്ഷിയായ മൈതാനിയിൽ ലോകകപ്പിന് ശുഭ പര്യവസാനം. ഏറ്റവും സുരക്ഷിതവും മനോഹരവുമായ ലോകകപ്പ് ഒരുക്കി കോവിഡാനന്തരം ലോകത്തെ വീണ്ടും സജീവതയിലേക്കുനയിച്ച് ഖത്തറിന്റെ അഭിമാന നിമിഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.