ദോഹ: ഒരു രാവുകൂടി പെയ്തുതീരുമ്പോൾ ലോകത്തിനുമേൽ കളിയുടെ നിലാവ് പരക്കും. അറേബ്യൻ ഉൾക്കടലിന്റെ തീരത്തുനിന്ന് വീശിയടിക്കുന്ന ആവേശക്കാറ്റിൽ ഭൂഗോളം ഒരു പന്തായി മാറും. വൻകരകളുടെ അതിരുകൾ മായും. വിവിധ ഭാഷകളിലുയരുന്ന ആരവങ്ങൾക്ക് അപ്പോൾ ഒരേ സ്വരമാവും. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 9.30ന് അൽബെയ്ത്ത് സ്റ്റേഡിയത്തിന്റെ പുൽത്തകിടിയിൽ ആതിഥേയരായ ഖത്തറും എക്വഡോറും നേരങ്കം കുറിക്കുന്നതോടെ നാലുവർഷത്തിലൊരിക്കൽ പൂക്കുന്ന വസന്തത്തിന് തുടക്കമാവും.
പോരിശയാർന്ന പോരാട്ടങ്ങൾക്കായി പേർഷ്യൻ ഗൾഫ് ഒരു കളിക്കളത്തിലേക്കു ചുരുങ്ങുകയാണ്. ഖത്തർ പെനിൻസുലയിലേക്ക് ലോകം ഒഴുകിയെത്തുന്നു. ലുസെയ്‍ലും തുമ്മാമയും അൽബെയ്ത്തും ജാനൂബുമൊക്കെ ശബ്ദഘോഷങ്ങളിരമ്പുന്ന ഉത്സവലഹരിയിൽ മുങ്ങുകയാണ്. ആ ആവേശത്തള്ളിച്ചക്കു നടുവിൽ ലിറ്റററി അറബിക്കിന്റെ ക്ലാസിക് റൂളുകൾ തെറ്റിച്ചെഴുതിയ നജ്ദി കവിതകൾപോലെ അവരൊന്നൊന്നായി നൃത്തച്ചുവടുകളാടും. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, കിലിയൻ എംബാപ്പെ... ഈ മണ്ണിൽ ഇനി പന്തുകൊണ്ടെഴുതുന്ന കളിയഴകിൽ തീർത്ത കവിതകളാകും.
പേളിങ് ട്രിപ്പുകളുടെ നാട്ടിൽ അഭിമാനനേട്ടങ്ങളുടെ മുത്തുവാരാനെത്തുന്ന കളിസംഘങ്ങളുടെ മിടുക്കിലേക്കാവും ലോകത്തിന്റെ നോട്ടം. ആഴക്കടലിനു പകരം കളിയാവേശത്താൽ ആർത്തിരമ്പുന്ന ജനസാഗരത്തിന് നടുവിലാണിനി അവരുടെ 'പേൾ ഹണ്ടിങ്'. കളിയഴകിന്റെ വിഭിന്ന ശൈലികൾ കോർത്തിണക്കുന്ന അതിശയങ്ങൾ ഒരുമാസക്കാലം അറബിനാട്ടിൽ രാഗാർദ്രമായി ഇതൾവിരിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.