ദോഹ: ‘ഖത്തറിനെ ഇപ്പോൾതന്നെ ഞാൻ വളരെയധികം മിസ് ചെയ്യുന്നു. ഈ ലോകകപ്പ് നൽകിയ മധുരമൂറുന്ന അനുഭവങ്ങൾ എക്കാലവും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കും’- സ്റ്റേഡിയം 974ൽ വളന്റിയറായിരുന്ന കസാഖ്സ്താൻ സ്വദേശിനി അക്കെനിസ് അബ്ദുല്ലിന പറഞ്ഞു. അബ്ദുല്ലിനയുടെ അതേ വൈകാരിക അടുപ്പമാണ് ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തറിന്റെ മണ്ണിൽ പ്രവർത്തിച്ച എല്ലാ വളന്റിയർമാർക്കുമുള്ളത്.
ഖത്തർ ആതിഥ്യം വഹിച്ച ഫിഫ ലോകകപ്പിന്റെ ചരിത്രപരവും അസാധാരണവുമായ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ പോരാളി സംഘങ്ങളിലൊന്ന് വളന്റിയർമാരായിരുന്നു. 150ലധികം രാജ്യങ്ങളിൽ നിന്നുള്ള 20,000ത്തിലധികം വളന്റിയർമാരാണ് വ്യത്യസ്ത വകുപ്പുകളിലും വേദികളിലുമായി 29 ദിവസം നീണ്ടുനിന്ന ടൂർണമെന്റിന്റെ ഭാഗമായത്.
എട്ട് അത്യാധുനിക സ്റ്റേഡിയങ്ങൾ, ഹോട്ടലുകൾ, വിമാനത്താവളങ്ങൾ, ദോഹ കോർണിഷ്, ഫിഫ ഫാൻ ഫെസ്റ്റിവൽ, പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും അതിലേറെയുമുൾപ്പെടെ ഇരുപത്തഞ്ചോളം സ്ഥലങ്ങളിലായാണ് നൂറുകണക്കിന് വളന്റിയർമാർ ലോകകപ്പിന് പിന്തുണയുമായി അണിനിരന്നത്. ടിക്കറ്റിങ്, കാണികളുടെ സേവനങ്ങൾ ഉറപ്പുവരുത്തുക, പ്രോട്ടോകോൾ, മീഡിയ എന്നിവയുൾപ്പെടെ വിവിധ പ്രവർത്തന മേഖലകളെ പിന്തുണക്കുന്നതിന് ചുമതലയുള്ള സന്നദ്ധപ്രവർത്തകരും മത്സരദിവസങ്ങളിൽ ആഘോഷപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.
ഉദ്ഘാടന ചടങ്ങിനിടെ സമ്മിശ്ര വികാരങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ എൻഗേജ്മെൻറ് വളന്റിയറായിരുന്ന ഖത്തർ സ്വദേശി ഹബീബ് ഖൽഫാൻ പറയുന്നു.209 രാജ്യങ്ങളിൽനിന്നായി അഞ്ചുലക്ഷത്തിലധികം അപേക്ഷകളാണ് ഖത്തർ 2022 വളന്റിയർ പ്രോഗ്രാമിലേക്ക് എത്തിയത്. 58000ലധികം അപേക്ഷകരിൽ നിന്നാണ് ഒടുവിൽ 20,000 പേരെ തെരഞ്ഞെടുത്തത്.
‘എന്റെ മുൻ ലോകകപ്പ് അനുഭവം സ്വന്തം നാട്ടിൽ നടന്ന 2014ലെ ടൂർണമെൻറായിരുന്നു. ഞാൻ സ്വദേശത്ത് തന്നെയായിരുന്നതിനാലും ഒരേ സ്ഥലത്ത് തന്നെയായിരുന്നതിനാലും ലോകകപ്പ് അന്തരീക്ഷം അന്ന് പൂർണാർഥത്തിൽ ഉൾക്കൊള്ളാനായിരുന്നില്ല. ഖത്തർ 2022 എന്നെ സംബന്ധിച്ച് വേറിട്ടതും സവിശേഷവുമായ അനുഭവമായിരുന്നു. മുഴുവൻ സമയവും ഖത്തർ ലോകകപ്പിനൊപ്പം സഞ്ചരിക്കാൻ സാധിച്ചതിനാൽ അത് അതുല്യമായ അനുഭവമായാണ് ഞാൻ കണക്കാക്കുന്നത്’ - 3000 അന്താരാഷ്ട്ര വളന്റിയർമാരിൽ ഒരാളായ ബ്രസീലിൽനിന്നുള്ള ബ്രൗലിയോ മാർക്വെസ് പറഞ്ഞു.
വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നുള്ള നിരവധി ആളുകളുമായി ഞാൻ ദൈനംദിന സമ്പർക്കം നടത്തിയിരുന്നു. ജീവിതത്തിൽ അപൂർവമായി ലഭിക്കുന്ന അവസരമാണത്. ഒരിക്കലും മറക്കാൻ കഴിയാത്ത നിരവധി മുഹൂർത്തങ്ങളുമാണ് ഖത്തർ എനിക്ക് സമ്മാനിച്ചത്’ -ലുസൈൽ സ്റ്റേഡിയത്തിൽ മത്സര മാനേജ്മെൻറ് വിഭാഗം വളന്റിയറായിരുന്ന മാർക്വേസ് കൂട്ടിച്ചേർത്തു.
മിന്നുന്ന വിജയം നേടിയ ഖത്തർ ലോകകപ്പിന്റെ പിന്നണിയിൽ പ്രവർത്തിച്ച വളന്റിയർമാരെ പ്രത്യേകം പരാമർശിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി. ലോകകപ്പ് ടൂർണമെൻറിന്റെ ചരിത്രപരവും ഐതിഹാസികവുമായ വിജയത്തിൽ വളന്റിയർമാർ വലിയ പങ്കാണ് വഹിച്ചതെന്നും അവർക്ക് പ്രശംസ അറിയിക്കുകയാണെന്നും ഹസൻ അൽ തവാദി പറഞ്ഞു. ‘ടൂർണമെന്റിന്റെ ഹൃദയമിടിപ്പായിരുന്നു വളന്റിയർമാർ.
അവരുടെ സാന്നിധ്യം ഇല്ലായിരുന്നെങ്കിൽ ലോകകപ്പ് വിജയം കാണുമായിരുന്നില്ല. സമാനതകളില്ലാത്ത ആവേശത്തോടെയും അഭിനിവേശത്തോടെയും അവർ തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചു. അവരുടെ പോസിറ്റിവ് മനോഭാവം ലോകകപ്പിന്റെ സവിശേഷതയായ ആഘോഷാന്തരീക്ഷത്തെ സജീവമാക്കി. ഈ ചരിത്രനേട്ടത്തിലേക്ക് നയിച്ച സന്നദ്ധ പ്രവർത്തകരുമായുള്ള സഹകരണത്തിൽ ഖത്തറിന് അഭിമാനമുണ്ടെന്നും ഫിഫ ലോകകപ്പ് ഖത്തർ 2022 പ്രസിഡൻറ് കൂടിയായ അൽ തവാദി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.