എ​യ്ഞ്ച​ൽ

ഡി ​മ​രി​യ

രക്ഷകനാവാൻ മാലാഖയില്ലെങ്കിൽ...?

മാറക്കാനയിൽ സ്വന്തം ഹാഫിൽനിന്ന് ആ പന്ത് ഉയർന്നുവരുമ്പോൾ അവൻ ക്ഷണത്തിൽ ഓടിക്കയറിയതും മുട്ടുകാലുകൊണ്ട് തട്ടിയിട്ട് ഇടങ്കാലുകൊണ്ട് ബ്രസീൽ ഗോളി അലിസൺ ബക്കറുടെ തലക്കു മുകളിലൂടെ വലയിലേക്ക് ഉയർത്തിയിട്ടതും ലോകം അത്രയെളുപ്പം മറക്കാനിടയില്ല.

മെലിഞ്ഞു കൊലുന്നനെയുള്ള ആ കളിക്കാരന്റെ എനർജി ലെവൽ കണ്ട് കളിക്കമ്പക്കാർ പലപ്പോഴും അമ്പരന്നുനിൽക്കാറുണ്ട്. ചെറുപ്പത്തിൽ മൂന്നു വയസ്സു മാത്രമുള്ളപ്പോൾ വഴിയിൽ കാണുന്നതൊക്കെ തകർക്കുന്ന ഹൈപർ ആക്ടിവായ കുഞ്ഞിനെ ഫുട്ബാൾ കളിപ്പിക്കാൻ ഡോക്ടർ മാതാപിതാക്കളെ ഉപദേശിക്കുകയായിരുന്നു. എയ്ഞ്ചൽ ഫാബിയാൻ ഡി മരിയ അങ്ങനെയാണ് പന്തുതട്ടിക്കളിക്കാൻ തുടങ്ങിയത്.

സമീപകാല ഫുട്ബാളിൽ ഡി മരിയയെപ്പോലെ ഇത്രയധികം വമ്പൻ ടീമുകൾ അത്രയേറെ മോഹിച്ച് അണിയിലെത്തിച്ച കളിക്കാർ വിരളം. നാലു വയസ്സുള്ളപ്പോൾ കളി തുടങ്ങിയ റൊസാരിയോ സെൻട്രലിൽനിന്ന് പോർചുഗലിലെ വമ്പൻ ടീമായ ബെൻഫിക്കയിലേക്കു മാറ്റം.

അവിടന്ന് സ്പാനിഷ് അതികായരായ റയൽ മഡ്രിഡിന്റെ തൂവെള്ളക്കുപ്പായത്തിൽ. തൊട്ടുപിന്നാലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ അണിയിൽ. ശേഷം ഫ്രഞ്ച് ലീഗിലെ അജയ്യരായ പാരിസ് സെന്റ് ജെർമെയ്നിലേക്ക്.

ഈ സീസണിൽ ഇറ്റാലിയൻ ലീഗിലെ അതിശക്തരായ യുവന്റസിലേക്ക് കൂടുമാറ്റം. കുഞ്ഞായിരിക്കുമ്പോൾ 35 പന്തുകളായിരുന്നു ആദ്യത്തെ ട്രാൻസ്ഫർ ഫീ. വളർന്ന് വലുതായപ്പോൾ ബ്രിട്ടനിലെ ഏറ്റവുമുയർന്ന ട്രാൻസ്ഫർ തുകയായ ആറു കോടി പൗണ്ടിനാണ് അവൻ ഓൾഡ് ട്രാഫോർഡിൽ പറന്നിറങ്ങിയത്.

ഇക്കാലങ്ങളിലൊക്കെ അർജന്റീനാ കുപ്പായത്തിലെ ശക്തിസാന്നിധ്യമാണ് ഡി മരിയ. കൽക്കരിപ്പാടത്തു ചോര നീരാക്കി പണിയെടുത്ത് മകന് ഭക്ഷണത്തിനൊപ്പം ബൂട്ടും പന്തും വാങ്ങാൻ ഉത്സാഹം കാട്ടിയ മിഗ്വൽ ഡി മരിയയുടെയും ഡയാന ഹെർണാണ്ടസിന്റെയും കണക്കുകൂട്ടലുകളൊന്നും തെറ്റിയില്ല.

ഏയ്ഞ്ചൽ കാൽപന്തുകളത്തിലെ താരമായി മാറുകയായിരുന്നു. പണ്ട് റിവർേപ്ലറ്റിന്റെ റിസർവ് ടീമിൽ കളിക്കവേ, കാൽമുട്ടിന് ഗുരുതര പരിക്കുപറ്റിയാണ് മിഗ്വലിന് കളിയോട് വിടപറഞ്ഞ് കൽക്കരിപ്പാടത്തിറങ്ങേണ്ടിവന്നത്.

തനിക്ക് നഷ്ടമായ സ്വപ്നങ്ങൾ അദ്ദേഹം, മകനിലൂടെ നിറപ്പകിട്ടാർന്ന രീതിയിൽ തിരിച്ചുപിടിക്കുകയായിരുന്നു. ബെൻഫിക്കയിൽ ചേർന്നയുടൻ ഏയ്ഞ്ചൽ ചെയ്തത്, 16 വർഷമായി പിതാവ് തുടർന്നുവന്ന കഠിനജോലി ഇനി തുടരേണ്ടതില്ലെന്ന് അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.

ഇന്നിപ്പോൾ ഏയ്ഞ്ചലിന് 34 വയസ്സായിരിക്കുന്നു. പക്ഷേ, പ്രായം തോൽക്കുന്ന കരുത്താണ് ഇടങ്കാലിലിപ്പോഴും. മുൻനിരയിൽ ലയണൽ മെസ്സിക്കൊപ്പം തേരുതെളിക്കാനും പരസ്പരം ഇഴനെയ്ത് മുന്നേറാനും മിടുക്കൻ. ലോകകപ്പ് അടുത്തുവരുമ്പോൾ പക്ഷേ, ആൽബിസെലസ്റ്റെക്ക് അൽപം ആധിയുണ്ട്. മുൻനിരയിൽ മെസ്സിയുടെ ഇഷ്ടകൂട്ടായ ഏയ്ഞ്ചൽ പരിക്കിന്റെ പിടിയിലാണ്.

ഖത്തറിൽ അവനില്ലെങ്കിൽ മനസ്സിൽകണ്ട തന്ത്രങ്ങളിൽ മാറ്റം വരുത്തേണ്ടിവരും. മുന്നേറ്റനീക്കങ്ങളെയാകെ അതു ബാധിക്കും. തങ്ങളുടെ മൂന്നോ നാലോ കളിക്കാർ പരിക്കിന്റെ പിടിയിലാണെങ്കിലും അവരിൽ ഡി മരിയ സുഖംപ്രാപിക്കുന്നതാണ് അർജന്റീന ഉറ്റുനോക്കുന്നത്.

കോപ അമേരിക്ക ഫൈനലിലെ വിജയഗോൾപോലെ നിർണായകവേളയിൽ എതിരാളികളുടെ ഗോൾമുഖത്ത് അവൻ രക്ഷകനായി അവതരിക്കുമെന്ന പ്രതീക്ഷ അവർക്കുണ്ട്. 2008 ബെയ്ജിങ് ഒളിമ്പിക്സിലെ സ്വർണവും അർജന്റീനയിലെത്തിയത് കലാശപ്പോരിലെ ഡി മരിയയുടെ ഗോളിൽ.

പരിക്കു കാരണം ഡി മരിയ കളിക്കാതെപോയ 2014 ലോകകപ്പ് ഫൈനലിൽ ഡി മരിയ ഉണ്ടായിരുന്നെങ്കിൽ? ഇന്നും അർജന്റീന ആരാധകർ നൊമ്പരപ്പെടുന്നത് അയാളിലെ പോരാളിയുടെ സാന്നിധ്യം അന്ന് നഷ്ടമായതിനെക്കുറിച്ചാണ്.

വേഗവും കരുത്തും തന്ത്രങ്ങളുമൊക്കെ ഇപ്പോഴും വേണ്ടുവോളം. പന്തടക്കത്തിന്റെ കാര്യത്തിൽ അഗ്രഗണ്യൻ. ഡ്രിബ്ലിങ് സ്കില്ലിൽ ഗംഭീരൻ. സെറ്റ് പീസ് ഡെലിവറിയും പാസിങ്ങും ക്രോസിങ്ങുമൊക്കെ ഒന്നാന്തരം.

അതിമിടുക്കനായ വിങ്ങർ എന്നതിൽനിന്നുമാറി സെൻട്രൽ മിഡ്ഫീൽഡറായും സെൻട്രൽ അറ്റാക്കിങ് മിഡ്ഫീൽഡറായുമൊക്കെ കളിക്കാനാകും. ആവശ്യമെങ്കിൽ േപ്ലമേക്കറുടെ റോളിലും കളംനിറയും. ഇത്രയും മികച്ച യൂട്ടിലിറ്റി െപ്ലയറെ നഷ്ടമാവാതെ നോക്കാനുള്ള ശ്രമങ്ങളിലാണ് അർജന്റീന.

Tags:    
News Summary - qatar worldcup-Fabian Di Maria-argentina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.