ദോഹ: ലോകകപ്പ് പോരാട്ടങ്ങൾക്ക് കാത്തിരിക്കുന്ന ഖത്തറിലേക്ക് ആദ്യ ടീമായി ജപ്പാൻ സംഘമെത്തി. ചൊവ്വാഴ്ച പുലർച്ചയോടെയാണ് കോച്ച് ഹജിമെ മൊറിയാസുവിന്റെ നേതൃത്വത്തിൽ ജപ്പാൻ ടീമിലെ ഒരു സംഘം ലോകകപ്പിന്റെ പോരാട്ടവേദിയിൽ പറന്നിറങ്ങിയത്. നവംബർ 20ന് കിക്കോഫ് കുറിക്കുന്ന ലോകകപ്പിനായി മത്സരനഗരിയിലെത്തുന്ന ആദ്യ ടീമാണ് ജപ്പാൻ. ക്യാപ്റ്റനും ജർമൻ ക്ലബ് ഷാൽകെയുടെ പ്രതിരോധനിരക്കാരനുമായ മായാ യോഷിദ ഉൾപ്പെടെ യൂറോപ്യൻ ലീഗിൽ കളിക്കുന്ന താരങ്ങൾ വരുംദിനങ്ങളിലായി ദോഹയിലെത്തും. ടീമിന്റെ ബേസ് ക്യാമ്പായി നിശ്ചയിച്ച ദോഹ റാഡിസൺ ബ്ലൂ ഹോട്ടലിൽ അതിരാവിലെ വൻ വരവേൽപാണ് ബ്ലൂ സാമുറായ്സിന് നൽകിയത്. പരമ്പരാഗത അറബ് വാൾ നൃത്തവുമായി ചുവടുവെച്ച പ്രാദേശിക കലാകാരന്മാരും ജപ്പാൻവേഷമണിഞ്ഞെത്തിയവരും ചേർന്നാണ് ലോകകപ്പിന്റെ പോരിടത്തിൽ മാറ്റുരക്കാൻ പോകുന്ന സംഘത്തെ വരവേറ്റത്.
കഴിഞ്ഞയാഴ്ചയാണ് ജപ്പാന്റെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ക്ലബ് ഡ്യൂട്ടിയുള്ള താരങ്ങൾ നവംബർ 14നു ശേഷം ടീമിനൊപ്പം ചേരും. താമസസ്ഥലമായ റാഡിസൺ ബ്ലൂ ഹോട്ടലിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെ അൽസദ്ദ് എസ്.സി ഗ്രൗണ്ടിലാണ് ടീമിന്റെ പരിശീലനം. ബുധനാഴ്ച മുതൽ പരിശീലനമാരംഭിക്കുന്ന ജപ്പാൻപട, വിശ്വപോരാട്ടത്തിൽ തങ്ങളുടെ ആദ്യ മത്സരത്തിനു മുന്നോടിയായി ദുബൈയിലെത്തി അവസാന സന്നാഹ മത്സരത്തിലും കളിക്കും.
നവംബർ 17ന് കാനഡക്കെതിരെയാണ് കളി. തുടർന്ന് ദോഹയിൽ മടങ്ങിയെത്തിയാവും ലോകകപ്പ് ഗ്രൂപ് 'ഇ'യിൽ കരുത്തരായ സ്പെയിൻ, ജർമനി, കോസ്റ്ററീക ടീമുകളെ നേരിടുന്നത്. നവംബർ 23ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ജർമനിക്കെതിരെയാണ് ആദ്യ മത്സരം.
27ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ക്രൊയേഷ്യയെയും ഡിസംബർ ഒന്നിന് ഖലീഫ സ്റ്റേഡിയത്തിൽ സ്പെയിനിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.