ഗ്രൂ​പ്പ്​ റൗ​ണ്ടി​ൽ അ​ർ​ജ​ൻ​റീ​ന മെ​ക്​​സി​കോ മ​ത്സ​ര വേ​ദി​യാ​യ ലു​സൈ​ൽ സ്​​റ്റേ​ഡി​യം നി​റ​ഞ്ഞു ക​വി​ഞ്ഞ​പ്പോ​ൾ   -​ചി​ത്രം: കെ. ​ഹു​ബൈ​ബ്​

നിറഞ്ഞു തുളുമ്പിയ ഒരു കിനാവ് സമ്മാനിച്ച സുന്ദരലോകത്തുകൂടിയുള്ള ഒരു യാത്ര. അവിടെ ലോകത്തെ ഏറ്റവും മനോഹരമായ കളിയുടെ ലോക സൗന്ദര്യം നുകര്‍ന്ന് ഒരു മാസം. ഒരിക്കല്‍ക്കൂടി ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍ ഖത്തര്‍ സമ്മാനിച്ച അനുഭവങ്ങള്‍ അറബിക്കഥപോലെ മനോഹരവും സ്വപ്നസമാനവുമാണ്.

ഫുട്ബോളിനായി മാത്രം ജനിച്ച ഒരു ജനത ജീവിക്കുന്ന ബ്രസീലില്‍ നടന്ന ലോകകപ്പ് നേരിട്ട് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പോലും ലഭിക്കാത്ത നിര്‍വൃതിയാണ് ഖത്തര്‍ സമ്മാനിച്ചത്. 2010ല്‍ പ്രപഞ്ചത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിൻെറ ആതിഥേയാവകാശം കൈപ്പറ്റിയതിനു ശേഷം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഇച്ഛാശക്തിയുടെ ബലത്തില്‍ അതിമനോഹരമായി ലോകകപ്പ് ഖത്തര്‍ സംഘടിപ്പിക്കുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ ടൂര്‍ണമെൻറ് എന്ന വാഗ്ദാനമായിരുന്നു അന്ന് ഖത്തര്‍ ലോകത്തിനു നല്‍കിയ ഉറപ്പ്.

ബ്ര​സീ​ൽ ലോ​ക​ക​പ്പി​ലെ കോ​പ​ക​ബാ​ന ബീ​ച്ച്​ ഫാ​ൻ ഫെ​സ്​​റ്റി​വ​ൽ

ആ ഉറപ്പിനോട് നൂറു ശതമാനം നീതി പുലര്‍ത്താന്‍ ഖത്തറിനായി. അതിനു ഫിഫ പ്രസിഡൻറ് ഇന്‍ഫന്റീനോയുടെ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. ഇന്‍ഫന്റീനോ പറഞ്ഞതുപോലെ ഇതുവരെ നടന്നതില്‍വച്ചേറ്റവും മികച്ച ലോകകപ്പ് ഇതുതന്നെ. പണക്കിലുക്കത്തിൻെറ സാമ്പത്തികവശം തിട്ടപ്പെടുത്തിയാലോ ജനപ്രീതിയുടെ വലുപ്പം അളന്നാലോ നടത്തിപ്പിലെ കൃത്യത മാനദണ്ഡമാക്കിയാലോ ഒക്കെ ഒരു പടി മുന്നിലാണ് ഖത്തര്‍ ലോകകപ്പ്.

സാമ്പത്തികവശം

ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി ഈ ഗള്‍ഫ് രാജ്യം ചെലവഴിച്ചത് 220 ബില്യണ്‍ ഡോളര്‍ ചെലവാക്കിയെന്നാണ് അനൗദ്യോഗിക കണക്ക്. 2014ലെ ബ്രസീല്‍ ലോകകപ്പിൻെറ ആകെ നടത്തിപ്പ് തുക 13.8 ബില്യണ്‍ ഡോളറായിരുന്നു. അതേസമയം, അതിലും കുറവായിരുന്നു റഷ്യയിലേത്; 10.8 ബില്യണ്‍ ഡോളര്‍. ഒരു ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മേഖലയിലെ ആദ്യത്തെ രാജ്യമെന്ന നിലയില്‍, ഖത്തര്‍ ഏറ്റെടുത്ത ഉത്തരവാദിത്വം നിസംശയമായും വിജയകരമാക്കി.

 എന്നുമാത്രമല്ല, എക്കാലത്തെയും മികച്ചതുമാക്കി. അത്യാധുനിക സ്റ്റേഡിയങ്ങള്‍, സൗകര്യപ്രദമായ ഗതാഗതം, മാനബിന്ദുക്കളുടെ സംരക്ഷണം എന്നു വേണ്ട സന്ദര്‍ശകരായ എല്ലാ ആരാധകര്‍ക്കും ഒരു മാസം മുഴുവന്‍ മനസ്സിനെ കുളിര്‍പ്പിക്കുന്ന വിനോദമാക്കി മാറ്റാന്‍ ഈ ലോകകപ്പ് കാലം ഉപകരിച്ചു.

ഖത്തറിലെ പുതിയ സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട ചെലവ് ഏകദേശം 6.5 ബില്യണ്‍ മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെയാണ്. വിശാല ഖത്തര്‍ 2030 പദ്ധതിയുടെ ഭാഗമായ അടിസ്ഥാന സൗകര്യ ചെലവുകളാണ് ചെലവിൻെറ ഭൂരിഭാഗവും. ഹോട്ടലുകള്‍, അത്യാധുനിക മെട്രോ ശൃംഖല, സ്റ്റേഡിയങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയവയ്ക്കുവേണ്ടിയാണ് ഇത്രയും തുക അധികമായി ചെലവഴിച്ചത്.

സുരക്ഷ

ബ്രസീലിലെ ഒരു അനുഭവം പറയാം. ലോകകപ്പ് ഏതാണ്ട് 10 ദിവസത്തോളം പിന്നിട്ട ശേഷമായിരുന്നു സാവോ പോളോയില്‍നിന്ന് റിയോ ഡി ജനെയ്‌റോയിലേക്കു പോകുന്നത്. അവിടെ ബ്രാസ് ദ പീന എന്ന സ്ഥലത്ത് ഒരു സുഹൃത്തിൻെറ വസതിയിലായിരുന്നു താമസം. ഈ പ്രദേശം റിയോയിലെ പ്രശ്‌സ്തമായ ഫവേലകളുടെ അരികത്തായിരുന്നു.

അടിസ്ഥാനസൗകര്യങ്ങള്‍ പോലും അന്യമായ ഒരു പ്രദേശം. അവിടെയെത്തി പിറ്റേദിവസം റിയോയിലെ ഫവേലകള്‍ കാണണമെന്ന ആഗ്രഹം. ഫവേലകള്‍ എന്നാല്‍ ചേരി എന്നര്‍ഥം. ഇതുപ്രകാരം ഒരു റിയോ സ്വദേശിയോടൊപ്പം ഫവേലകള്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ടു. ഫവേലയുടെ പൂമുഖത്തെത്തിയപ്പോള്‍ തന്നെ വെടിയൊച്ച മുഴങ്ങുന്ന വലിയ ശബ്ദം. ഇതു കേട്ടിയ ഞെട്ടിയ എന്നോട് കൂടെയുള്ളയാള്‍ പറഞ്ഞു, എന്താ ഞെട്ടിയത്? ഇതിവിടെ നിത്യ സംഭവമാ..ധൈര്യമായി പോരൂ എന്ന്.

എന്തായാലും ഉള്ളൊന്നു പിടച്ചു. പിന്നീട് അദ്ദേഹത്തിൻെറ പിന്നിലായി നടന്നു. കുറച്ചുദൂരമെത്തിയപ്പോള്‍ രണ്ടോ മൂന്നോ സ്ത്രീകള്‍ നടപ്പാത വെള്ളമൊഴിച്ചു കഴുകുകയാണ്. കാര്യമന്വേഷിച്ചപ്പോഴാണ് മനസിലായത്. കുറച്ചുനേരം മുമ്പ് മുഴങ്ങിയ വെടിയൊച്ച ഇവിടെനിന്നായിരുന്നു. ഇരു വിഭാഗം തമ്മിലുള്ള വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിൻെറ മൃതദേഹം എടുത്തുകൊണ്ടുപോയ ശേഷം അവിടെ പടര്‍ന്നു കിടക്കുന്ന രക്തക്കറ കഴുകിക്കളയുകയാണ് ആ സ്ത്രീകള്‍.

ഭയത്താല്‍ നമ്മുടെ രക്തം തണുത്തുറയുന്നതുപോലെ തോന്നി. ഫവേലകളില്‍ മയക്കുമരുന്ന് മാഫിയകള്‍ സജീവമാണ്. ഓരോ പ്രദേശവും ഓരോ ഗാങ് ലീഡര്‍മാരുടെ കൈയലാണ്. അവര്‍ തമ്മില്‍ ഉടക്കിയാല്‍ വെടിവയ്പ്പായി കൊലപാതകമായി. പോലീസ് വന്നാല്‍ വന്നു ഇല്ലേല്‍ ഇല്ല അത്രതന്നെ. ഏതായാലും ഇത്രയുമായപ്പോള്‍ ജീവനും കൊണ്ട് അവിടെനിന്നോടിപ്പോരികയല്ലാതെ മറ്റു മാര്‍ഗമില്ലെന്നായി.

മി​ഷൈ​രി​ബ്​ മെ​ട്രോ സ്​​റ്റേ​ഷ​ൻ

ഇനി ഖത്തറിലേക്കു വന്നാല്‍, ഏറ്റവും ഗംഭീരമായി അനുഭവപ്പെട്ടത് ഇവിടുത്തെ പഴുതടച്ച സുരക്ഷയാണ്. ആരുടെയും വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാതെ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അത് ഫിസിക്കലായുള്ളതാവട്ടെ, സൈബര്‍ ഇടത്തിലേതായിക്കോട്ടെ.

എല്ലാം വളരെ സിസ്റ്റമാറ്റിക്കായി നടക്കുന്നു. ഖത്തറില്‍നിന്നുള്ളവര്‍ പോരാഞ്ഞിട്ട് പാക്കിസ്ഥാന്‍ തുര്‍ക്കി പോലുള്ള രാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികളും ഇവിടെയുണ്ട്. അതുപോലെ നിങ്ങളെ സഹായിക്കാന്‍ ധാരാളം പേര്‍. വളൻറിയര്‍മാരുടെ വലിയ സന്നാഹം തന്നെ ഇവിടെയുണ്ട്. എല്ലാ മേഖലകളിലെയും ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍ അതിഗംഭിരമായി തന്നെ അവര്‍ ഒരുക്കിയിരിക്കുന്നു.

സൗജന്യയാത്രകൾ; നന്ദി ഹയ്യാ

ഒരു ലോകകപ്പ് കാലം, അല്ലെങ്കില്‍ ഒരു മാസം മുഴുവനായും ഈ നാട്ടിലെത്തുന്ന ആരാധകര്‍ക്കു വേണ്ടി മാറ്റിവയ്ക്കുന്ന അപൂര്‍വ ത്യാഗമാണ് ഒരു രാജ്യം ചെയ്തിരിക്കുന്നത്. വരുന്ന എല്ലാവര്‍ക്കും ഗതാഗത സൗകര്യങ്ങള്‍ സമ്പൂര്‍ണായി സൗജന്യമായി ഉപയോഗിക്കാം. അതിപ്പോള്‍ മെട്രൊ ആയിക്കോട്ടെ, ബസ് സര്‍വീസ് ആയിക്കോട്ടെ എല്ലാം സൗജന്യം. നേരെ മറിച്ച് ബ്രസീല്‍ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല.

അവിടെ നമ്മുടെ യാത്രയ്ക്ക് പണം നല്‍കണമായിരുന്നു. സ്റ്റേഡിയങ്ങളില്‍നിന്ന് സ്റ്റേഡിയങ്ങളിലേക്കുള്ള ബസ്, ട്രെയിന്‍ യാത്രകള്‍ക്ക് പണം നല്‍കേണ്ടി വന്നു. അതുമല്ല, വളരെ അകലെയാണ് അവിടെ സ്റ്റേഡിയങ്ങള്‍. ഒരു സ്റ്റേഡിയത്തില്‍നിന്ന് മറ്റൊരു സ്റ്റേഡിയത്തിലേക്ക് എത്തണമെങ്കില്‍ ചുരുങ്ങിയത് ആറു മണിക്കൂര്‍ എങ്കിലും വേണം.

ഹോട്ടലിലോ മറ്റ് തരത്തിലുള്ള താമസസ്ഥലങ്ങളിലോ താമസിച്ചുകൊണ്ട് ആരാധകര്‍ക്ക് അവരുടെ ടീമിൻെറ കളികള്‍ കാണാം. വേദികളിലേക്ക് പോകാനും തിരിച്ചും പോകാനും അവര്‍ ചെയ്യേണ്ടത് ദോഹയിലെ മെട്രോയോ ബസുകളോ ഉപയോഗിക്കുക, അതിനായി ഹയ്യ കാര്‍ഡ് മതി.

ഹയ്യാ കാര്‍ഡിനു വലിയ നന്ദി. അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ എന്നിവയുടെ നൂതനമായ സാധ്യതകള്‍ പരിപൂര്‍ണമായി അനുഭവിക്കാന്‍ ആരാധകര്‍ക്ക് കഴിയുമെന്നതാണ് ഏറ്റവും വലുതായി കാണുന്നത്. അത് മുന്‍ ലോകകപ്പുകളില്‍നിന്ന് ഖത്തര്‍ നടത്തിയ പ്രധാന ചുവടുവയ്പ്പാണ്.

നിക്ഷേപസാധ്യത, പരിസ്ഥിതി സൗഹൃദം

വലിയ നിക്ഷേപസാധ്യതകള്‍ക്ക് ഖത്തര്‍ വാതില്‍ തുറക്കുകയാണ് ഈ ലോകകപ്പിലൂടെ. ഏതൊരു നിക്ഷേപത്തിനും അനുകൂലമായത് സൗഹൃദമായ അന്തരീക്ഷവും, സുസ്ഥിരമായ ഭരണസംവിധാനവുമാണ്. അതിവിടെയുണ്ട്. ഇവിടുത്തെ നിക്ഷേപത്തിൻെറ മൂല്യം വളരെ വേഗം കുതിച്ചുയരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ചരിത്രത്തിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പ് വാഗ്ദാനം ചെയ്യുന്നതിനാല്‍ എല്ലാ കണ്ണുകളും ഗള്‍ഫ് രാഷ്ട്രത്തിലേക്കാണ്. അതായത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിൻെറ ബഹിര്‍ഗമനം സന്തുലിതമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാന്‍ ഇച്ഛാശക്തിയോടെയാണ് ഭരണകൂടവും സുപ്രീം കമ്മിറ്റിയും ശ്രമിച്ചത്. അതിനു ഫലവുമുണ്ടായി. ലോകകപ്പിന് ആതിഥേയത്വം വഹിച്ച എട്ട് സ്റ്റേഡിയങ്ങളും പരിസ്ഥിതി സൗഹൃദമായിരുന്നു.

ഉപയോഗിക്കുന്ന വസ്തുക്കളുടെ റീസൈക്ലിങ് ഫലപ്രദമായി നടക്കുന്നു. എന്തിന് ഒരു സ്റ്റേഡിയം തന്നെ പൂര്‍ണമായും റൈ സൈക്കിള്‍ ചെയ്യാന്‍ തയാറെടുത്തിരിക്കുകയാണ്. 2010ല്‍ ദക്ഷിണാഫിക്കയില്‍ നടന്ന ലോകകപ്പ് മുതലാണ് ലോകകപ്പ് പരിസ്ഥിതിസൗഹൃദമാക്കാനുള്ള ശ്രമമാരംഭിച്ചത്. എന്നാല്‍, അത് പൂര്‍ണമായും ലക്ഷ്യത്തിലെത്തുന്നത് ഈ ലോകകപ്പിലായിരിക്കാം. ബ്രസീലിലും പരിസ്ഥിതി സൗഹൃദലോകകപ്പാക്കി മാറ്റാനുള്ള വലിയ ശ്രമങ്ങള്‍ നല്‍കിയിരുന്നു. മനുഷ്യനൊപ്പം പ്രകൃതിയും ജീവിക്കട്ടെ എന്ന സന്ദേശം അവര്‍ വളരെ ഗംഭീരമാക്കി നടപ്പിലാക്കി.

കോപ്പ വെര്‍ദെ എന്നായിരുന്നു അവര്‍ പദ്ധതിക്കു നല്‍കിയ പേര്. അതായത് ഗ്രീന്‍ ലോകകപ്പ്. എന്നാല്‍, അത് ലോകകപ്പ് നടന്ന എട്ട് സ്റ്റേഡിയങ്ങളിലായി പരിമിതപ്പെട്ടു. ഖത്തറിലെ എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളും ഗ്രീന്‍ സര്‍ട്ടിഫൈ ചെയ്യണമെന്നും കാര്‍ബണ്‍ എമിഷന്‍ പ്രോജക്ടുകള്‍ നടപ്പിലാക്ണമെന്നുമുള്ള ഫിഫയുടെ കര്‍ശന നിര്‍ദേശം സുപ്രീം കമ്മിറ്റി നടപ്പിലാക്കി. ഖത്തറിലെ 8 സ്റ്റേഡിയങ്ങളില്‍ ഒന്നൊഴികെ മറ്റെല്ലാ സ്റ്റേഡിയങ്ങളും 60 കിലോമീറ്ററിനുള്ളിലാണ്. അതുകൊണ്ടുതന്നെ ഇത് ചരിത്രത്തിലെ 'ഏറ്റവും ഒതുക്കമുള്ള' ലോകകപ്പായി മാറുന്നു. അങ്ങനെ ബ്രസീലിനേക്കാള്‍ എല്ലാം കൊണ്ടും മികച്ച ഒരു ലോകകപ്പ് അനുഭവമായി ഖത്തര്‍ 2022 മാറിയിരിക്കുന്നു.

(ഖത്തർ ലോകകപ്പിനെത്തിയ മലയാളി മാധ്യമപ്രവർത്തകരിൽ ഒരാളായ ലേഖകൻ മെട്രൊ വാര്‍ത്ത സ്പോര്‍ട്സ് എഡിറ്ററാണ്)

Tags:    
News Summary - Qatar's World Cup Organising Analysis- CK Rajeshkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.