representational image

സ്വപ്നങ്ങൾക്കു പരിക്കേറ്റവർ

സ്വപ്നം യാഥാർഥ്യത്തിന്റെ രൂപത്തിൽ അടുത്തെത്തിനിൽക്കെ, എല്ലാം ഇരുളടഞ്ഞുപോകുന്ന വേദനയാണിവർക്ക്. വിശ്വമേളയിലേക്കുള്ള വാതിലുകൾ മലർക്കെ തുറന്നുകിടക്കുമ്പോഴും പരിക്കിന്റെ ചുകപ്പുകാർഡിൽ തിരിഞ്ഞുനടക്കാൻ വിധിക്കപ്പെട്ടവർ.

കളിയിലുണ്ടാകുമെന്ന് അത്രമേൽ മോഹിച്ച് കരക്കിരിക്കേണ്ടിവരുന്ന ഹതാശർ ഏതു ലോകകപ്പിന്റെയും നൊമ്പരമാണ്. ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, 'സ്വപ്നങ്ങൾക്ക് പരിക്കേറ്റവർ' ഖത്തറിന്റെയും കണ്ണീരാവുന്നു.

ഫ്രാൻസ്

എൻഗോളോ കാന്റെ


നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസാണ് പരിക്കിൽ പുളയുന്ന ടീം. മധ്യനിരയിൽ ടീമിന്റെ വിശ്വസ്തനായ എൻഗോളോ കാന്റെ ലോകകപ്പിൽ കളിക്കില്ലെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. പേശിക്കു പരിക്കേറ്റ ചെൽസി സെൻട്രൽ മിഡ്ഫീൽഡർ കഴിഞ്ഞയാഴ്ചയാണ് ശസ്ത്രക്രിയക്കു വിധേയനായത്.

കഴിഞ്ഞ ലോകകപ്പിൽ ടീമിനെ കിരീടത്തിലേക്കു നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സ്റ്റാർ മിഡ്ഫീൽഡർ പോൾ പോഗ്ബ പരിക്കിന്റെ പിടിയിലാണിപ്പോഴും. ആസ്റ്റൺ വില്ല മിഡ്ഫീൽഡർ ബൂബകർ കമാറയും മാഞ്ചസ്റ്റർ യുനൈറ്റഡിന് ബൂട്ടണിയുന്ന സെൻട്രൽ ഡിഫൻഡർ റാഫേൽ വറാനെയും പരിക്കിൽനിന്ന് ഇതുവരെ മോചിതരായിട്ടില്ല.

കാൽവണ്ണക്കു പരിക്കേറ്റ ഗോൾകീപ്പറും എ.സി. മിലാൻ താരവുമായ മൈക് മെയ്ഗ്നാൻ ലോകകപ്പിൽ കളിക്കുന്ന കാര്യം ഉറപ്പില്ല. ലെഫ്റ്റ് ബാക്ക് ലൂകാസ് ഡീനെ, ഡിഫൻഡർ വെസ്‍ലി ഫൊഫാന, ലെഫ്റ്റ് ബാക്ക് ലൂകാസ് ഹെർണാണ്ടസ് എന്നിവരും പരിക്കേറ്റവരുടെ പട്ടികയിലാണുള്ളത്.

അർജന്റീന

പൗ​ളോ ഡി​ബാ​ല


സ്റ്റാർ ഫോർവേഡുകളായ പൗളോ ഡിബാല, എയ്ഞ്ചൽ ഡിമരിയ, റൈറ്റ് ബാക്ക് യുവാൻ ഫോയ്ത്ത് എന്നിവരാണ് അർജന്റീന ടീമിൽ ഇഞ്ചുറി ലിസ്റ്റിലുള്ളത്. ഇവരിൽ ഡിബാല ലോകകപ്പിനുണ്ടാവില്ലെന്ന ആശങ്ക അർജന്റീന ക്യാമ്പിലുണ്ട്. അതേസമയം, ഡിമരിയ ഫിറ്റ്നസ് വീണ്ടെടുക്കുന്ന സൂചനകളാണ് ടീം അധികൃതർ നൽകുന്നത്. കാൽമുട്ടിനു പരിക്കേറ്റ വിയ്യ റയൽ താരം ഫോയ്ത്ത് കളിക്കുന്ന കാര്യം സംശയത്തിലാണ്.

പേശിക്കു പരിക്കേറ്റ മിഡ്ഫീൽഡർ എസെക്വീൽ പലാസിയോസും സ്ട്രൈക്കർ നികോ ഗോൺസാലസും പരിക്കിന്റെ പിടിയിലാണ്. മിഡ്ഫീൽഡർ ലിയാൻഡ്രോ പരേഡെസ് പരിക്കിൽനിന്ന് ഏറക്കുറെ മുക്തനായിട്ടുണ്ട്.

ബ്രസീൽ

മിഡ്ഫീൽഡർ ആർതർ മെലോ ആണ് പരിക്കുകാരണം മഞ്ഞക്കുപ്പായമണിയാൻ കഴിയാതെ പോകുന്നവരിൽ മുമ്പൻ. തുടക്കേറ്റ ഗുരുതര പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്കു വിധേയനായ താരം ലോകകപ്പിനുണ്ടാവില്ല. ഡിഫൻഡർ ഗ്വില്ലർമോ അറാനയും ടീമിലുണ്ടാകുന്ന കാര്യം സംശയത്തിലാണ്.

ഇംഗ്ലണ്ട്

റീ​സ് ജെ​യിം​സ്


പരിക്കലട്ടുന്ന പ്രമുഖ ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. ചെൽസി ഡിഫൻഡർ റീസ് ജെയിംസ് കാൽമുട്ടിനേറ്റ പരിക്കിൽനിന്ന് ലോകകപ്പിനുമുമ്പ് മുക്തനാകുന്ന കാര്യം സംശയത്തിലാണ്. പ്രതിരോധനിരയിലെ മറ്റൊരു പ്രമുഖൻ കെയ്ൽ വാക്കറും ടൂർണമെന്റ് നഷ്ടമാകുമെന്ന ആശങ്കയിലാണ്.

മിഡ്ഫീൽഡർമാരായ എമിൽ സ്മിത്ത് റോവ്, കാൽവിൻ ഫിലിപ്സ് എന്നിവർ ലോകകപ്പിനുമുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കില്ല. സെൻട്രൽ ഡിഫൻഡർ ഹാരി മഗ്വയറുടെ പരിക്ക് ഭേദമായത് ഇംഗ്ലണ്ടിന് ആശ്വാസമായി.

ജർമനി

സ്ട്രൈക്കർ മാർകോ റോയ്സും മിഡ്ഫീൽഡർ ഫ്ലോറിയൻ വിറ്റ്സുമാണ് ഇഞ്ചുറി ലിസ്റ്റിൽ. ഇരുവരും കളിക്കുന്ന കാര്യം ഉറപ്പില്ല.

നെതർലൻഡ്സ്

കാലിലെ അസ്ഥിക്ക് പൊട്ടലേറ്റ മിഡ്ഫീൽഡർ ജോർജിനിയോ വൈനാൾഡം ലോകകപ്പിനുണ്ടാവില്ല. എ.എസ് റോമ മിഡ്ഫീൽഡർ അടുത്ത വർഷം വരെ കളത്തിലുണ്ടാവില്ല. 2020 യൂറോകപ്പിൽ ഓറഞ്ചുപടയുടെ നായകനായിരുന്നു വൈനാൾഡം.

പോർചുഗൽ

ഡി​യാ​ഗോ ജോ​ട്ട​


ലിവർപൂൾ സ്ട്രൈക്കറായ ഡിയാഗോ ജോട്ടയുടെ സേവനം പറങ്കിപ്പടക്ക് ഖത്തറിൽ ലഭ്യമാവില്ല. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിലേറ്റ പരിക്കാണ് വിനയായത്. സ്ട്രൈക്കർ പെഡ്രോ നെറ്റോ, ഡിഫൻഡർമാരായ റിക്കാർഡോ പെരീറ, നൂനോ മെൻഡസ്, പെപെ എന്നിവരും പരിക്കിന്റെ പിടിയിലാണ്.

ഉറുഗ്വായ്

ബാഴ്സലോണ ഡിഫൻഡർ റൊണാൾഡ് അറോയോ പരിക്കിൽനിന്ന് മോചിതനായിട്ടില്ല. എങ്കിലും 55 അംഗ സാധ്യതാ ലിസ്റ്റിൽ അറോയോയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - qatarworld cup-those whose dreams are wounded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.