ബ്രസീലിന് ആശ്വാസം; നെയ്മർ ഇറങ്ങും

ദോഹ: തിങ്കളാഴ്ച ദക്ഷിണ കൊറിയക്കെതിരെ പ്രീ-ക്വാർട്ടർ പോരാട്ടത്തിനിറങ്ങുന്ന ബ്രസീലിന് ആശ്വാസ വാർത്ത. സൂപ്പർ താരം നെയ്മർ മത്സരത്തിൽ ബൂട്ടണിയുമെന്ന് കോച്ച് ടിറ്റെ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നായകൻ തിയാഗോ സിൽവയും ഇക്കാര്യം സ്ഥിരീകരിച്ചു. പരിക്കേറ്റ ഡാനിലോയും നാളെ തിരിച്ചെത്തും. സെർബിയക്കെതിരായ ആദ്യ ​മത്സരത്തിൽ ടാക്ലിങ്ങിനിരയായി കണങ്കാലിന് പരിക്കേറ്റ നെയ്മർക്ക് കഴിഞ്ഞ രണ്ട് മത്സരങ്ങൾ നഷ്ടമായിരുന്നു. 

മുമ്പ് ബ്രസീലിൽ കോപ അമേരിക്ക നടക്കുമ്പോഴും നെയ്മർ പരിക്കേറ്റ് മടങ്ങിയിരുന്നു. കഴിഞ്ഞ ലോകകപ്പിൽ കൊളംബിയക്കെതിരായ ക്വാർട്ടറിലും പരിക്ക് വില്ലനായി. അതിവേഗവും ഫിനിഷിങ് മികവുമായി മുന്നേറ്റത്തിൽ അപകടം വിതക്കുന്ന താരത്തിനു നേരെ എതിരാളികൾ കൂടുതൽ കഠിനമായി പെരുമാറുന്നതാണ് പ്രശ്നമാകുന്നത്. പന്ത് കാലിലെത്തുമ്പോഴേക്ക് താരത്തെ നിലത്തുവീഴ്ത്താൻ തിരക്കുകൂട്ടുന്ന സെർബിയൻ താരങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ദേശീയ ടീമിനായി 75 ഗോളുകൾ നേടിയ നെയ്മർക്ക് രണ്ടു ഗോളുകൾ കൂടി നേടാനായാൽ ഇതിഹാസ താരം പെലെക്കൊപ്പമെത്താനാകും. മുന്നേറ്റത്തിൽ നെയ്മറിന്റെ നഷ്ടം പരിഹരിക്കാനുണ്ടായിരുന്ന ഗബ്രിയേൽ ജീസസിനും അലക്സ് ടെല്ലസിനും കാമറൂണിനെതിരായ കളിയിൽ കാൽമുട്ടിന് പരിക്കേറ്റിരുന്നു. ഇരുവരും ഈ ലോകകപ്പിൽ ഇനി കളിക്കില്ലെന്ന് ബ്രസീൽ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. ഫുൾ ബാക്ക് അലക്സ് സാൻഡ്രോയും പരിക്കിന്റെ പിടിയിലാണ്.

Tags:    
News Summary - Relief for Brazil; Neymar will come down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.