ഖത്തറിൽ ലോകകപ്പിന് വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പാരിസിലെ പാർക് ഡെ പ്രിൻസസിൽ ബ്രസീൽ-തുനീഷ്യ സൗഹൃദ മത്സരം അരങ്ങേറുന്നു. ബ്രസീലിന്റെ രണ്ടാം ഗോൾ നേട്ടം കോർണർ ഫ്ലാഗിന് സമീപം ആഘോഷിക്കുന്നതിനിടെ ഒരു താരത്തിന് നേരെ കാണികൾ കുപ്പികളും പഴവുമെറിഞ്ഞു. കാലിന് സമീപമാണ് പഴം വീണതെങ്കിലും അവൻ കണ്ടഭാവം നടിച്ചില്ല. അതിനുള്ള മറുപടി കരുതിവെച്ചത് ലോകകപ്പിലേക്കായിരുന്നു.
പറഞ്ഞുവന്നത് ഒറ്റ ദിവസം കൊണ്ട് ലോകത്തെ ഫുട്ബാൾ പ്രേമികളുടെ മുഴുവൻ ഹൃദയത്തിലേക്ക് ചേക്കേറിയ ബ്രസീൽ താരം റിച്ചാർലിസണെ കുറിച്ചാണ്. ലോകകപ്പിൽ ബ്രസീലിന്റെ ആദ്യ പോരാട്ടത്തിൽ അക്രോബാറ്റിക് ഗോളടക്കം രണ്ടുതവണ സെർബിയൻ വല കുലുക്കിയ താരം ഇപ്പോൾ അവർക്ക് വീരനായകനാണ്.
ബ്രസീലിലെ നോവ വെനീഷ്യയിൽ കൽപണിക്കാരനായ അന്റോണിയോ കാർലോസ് ആൻഡ്രെയ്ഡിന്റെയും ഐസ്ക്രീം വിൽപനക്കാരിയായ വെര ലൂസിയയുടെയും മകനായി 1997 മേയ് 10നായിരുന്നു ജനനം. മിക്ക ബ്രസീൽ താരങ്ങളെയും പോലെ ചേരികളിലായിരുന്നു കുട്ടിക്കാലം. കൂട്ടുകാരിൽ പലരും മയക്കുമരുന്ന് വിറ്റ് വേഗത്തിൽ പണമുണ്ടാക്കാൻ തുടങ്ങിയ കാലത്ത് അവൻ തെരുവിൽ ഐസ്ക്രീമും ചോക്ലേറ്റും വിറ്റ് നടന്നും കാറുകൾ കഴുകിയും കഫേയിൽ വെയിറ്ററായുമെല്ലാം ജീവിതത്തോട് പോരാടി. പന്തിനെ പ്രണയിച്ചു തുടങ്ങിയത് മുതൽ അവന്റെ ജീവിതം മാറിത്തുടങ്ങി.
ഫുട്ബാളുമായുള്ള അടുപ്പം കണ്ട് പിതാവ് ഏഴാം വയസ്സിൽ അവന് പന്ത് വാങ്ങി നൽകി, ഒന്നല്ല പത്തെണ്ണം. അതിനുള്ള പണമുണ്ടായിട്ടായിരുന്നില്ല, തന്റെ മകനെ വലിയ താരമാക്കണമെന്ന അതിയായ മോഹമായിരുന്നു അതിന് പിന്നിൽ. ആ കുട്ടി അന്നുറപ്പിച്ചതായിരുന്നു ഒരിക്കൽ ബ്രസീലിനായി പന്തുതട്ടുമെന്നത്.
പതിനാലാം വയസ്സിൽ തോക്കിൻമുനയിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ കഥയും റിച്ചാര്‍ലിസന് പറയാനുണ്ട്. മയക്കുമരുന്ന് മോഷ്ടിച്ചെന്ന് സംശയിച്ചാണ് പ്രദേശത്തെ മാഫിയ തലവൻ അവന് നേരെ തോക്ക് ചൂണ്ടിയത്. താൻ ഫുട്ബാൾ കളിക്കാൻ മാത്രമാണ് അവിടെയെത്തിയതെന്ന് ബോധ്യപ്പെടുത്താനായതിനാലാണ് ജീവനോടെ രക്ഷപ്പെട്ടതെന്ന് റിച്ചാർലിസൻ ഓർത്തെടുക്കുന്നു. പിന്നെ ആ പ്രദേശത്തേക്കവൻ പോയിട്ടില്ല.
പ്രാദേശിക ടീമായ റിയൽ നൊരോയെസ്റ്റെയുടെ യൂത്ത് ടീമിനായി കളിക്കുമ്പോൾ ബിസിനസുകാരനായ റെനാറ്റൊ വെലാസ്കൊയുടെ കണ്ണിലുടക്കിയതോടെയാണ് റിച്ചാർലിസന്റെ ഭാഗ്യം തെളിഞ്ഞത്. അയാൾ അവന് ഒരു ജോഡി ബൂട്ട് വാങ്ങിനൽകുകയും പ്രഫഷനൽ ക്ലബായ അമേരിക്ക മിനെയ്റോയിൽ എത്തിക്കുകയും ചെയ്തു. അവിടെ പയറ്റിത്തെളിയുന്നതിനിടെ ഇംഗ്ലീഷ് ക്ലബ് വാട്ട്ഫോഡിലേക്കുള്ള വിളിയെത്തി. പിന്നെ എവർട്ടനും കടന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻനിരക്കാരായ ടോട്ടൻഹാം ഹോട്സ്പറിലെത്തിയിരിക്കുകയാണ്.
2018ൽ ബ്രസീൽ ടീമിന്റെ മഞ്ഞക്കുപ്പായത്തിലിറങ്ങി കോപ്പ അമേരിക്കയിലും ഒളിമ്പിക്സിലുമെല്ലാം മിന്നിത്തിളങ്ങിയ താരം ഇതിനകം 39 മത്സരങ്ങളിൽനിന്ന് 19 ഗോളുകൾ അടിച്ചുകൂട്ടിയിട്ടുണ്ട്. അതിൽ അവസാനത്തേത് ഫുട്ബാൾ ചരിത്രത്തിലെ മനോഹര ഗോളുകളിലൊന്നായി വിശേഷിപ്പിക്കപ്പെട്ടു കഴിഞ്ഞു. അക്രോബാറ്റിക് കിക്കിലൂടെയുള്ള ആ ഗോൾ ഇന്ന് ലോകം മുഴുവൻ ആഘോഷിക്കുകയാണ്. ഒപ്പം അതിനായുള്ള പ്രത്യേക പരിശീലനത്തിന്റെ വിഡിയോയും. പ്രതിഭാ ധാരാളിത്തമുള്ള ബ്രസീൽ ടീമിന്റെ മുന്നേറ്റം ഇനി റിച്ചാർലിസനെ കൂടി ആശ്രയിച്ചായിരിക്കുമെന്നതിൽ സംശയമില്ല. ആ ബൂട്ടിൽനിന്ന് ഇനിയും അതിശയിപ്പിക്കുന്ന ഗോളുകൾ പിറക്കുന്നത് കാത്തിരിക്കുകയാണ് കളിയാരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.