ബ്രസീല്‍ നൃത്തം ചെയ്ത് കൊറിയയെ അപമാനിച്ചെന്ന് റോയ് കീൻ; ചെകുത്താന്‍റെ മനസ്സുള്ളവരേ അങ്ങനെ പറയൂവെന്ന് ടിറ്റെ

ദോഹ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ കൊറിയക്കെതിരായ ഓരോ ഗോള്‍നേട്ടവും ​ ബ്രസീല്‍ ടീം അംഗങ്ങൾ ആഘോഷിച്ചത് കൂട്ടം ചേർന്ന് നൃത്തം ചെയ്താണ്. കളിയാരാധകർക്കിടയിൽ ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. മൂന്നാം ഗോള്‍ നേടിയ റിച്ചാർലിസൻ സഹതാരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്തതിനൊപ്പം ഡഗ് ഔട്ടിലിരുന്ന കോച്ച് ടിറ്റെയെ കൂടി അതില്‍ പങ്കാളിയാക്കി.

എന്നാൽ, ഇത് എതിരാളികളായ കൊറിയന്‍ ടീമിനോടുള്ള അനാദരവാണെന്നും അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നുമുള്ള ആക്ഷേപവുമായി മുന്‍ ഐറിഷ് മിഡ്ഫീൽഡറും മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളുമായിരുന്ന റോയ് കീന്‍ ചാനല്‍ ചര്‍ച്ചയില്‍ രംഗത്തുവന്നു. ''ഞാൻ കാണുന്നതിനെ എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ ഒരിക്കലും ഇത്രയധികം ഡാൻസ് കണ്ടിട്ടില്ല. ഇത് എതിരാളികളോടുള്ള അനാദരവാണ്. നാല് ഗോളടിച്ചപ്പോഴും അവർ അങ്ങനെ ചെയ്തു. അതിന് പുറമെ പരിശീലകനും പങ്കാളിയായി. ഈ രീതി ഞാൻ ഇഷ്ടപ്പെടുന്നില്ല, ഇത് നല്ല രീതിയാണെന്ന് തോന്നുന്നില്ല'' കീന്‍ പറഞ്ഞു.

എന്നാല്‍, ഗോളടിച്ച ശേഷം നൃത്തം ചെയ്ത് ആഘോഷിച്ചത് ആരെയും അപമാനിക്കാനല്ലെന്നും ടീമിന്‍റെയും യുവതാരങ്ങളുടെയും സന്തോഷത്തില്‍ പങ്കാളികളാകുകയായിരുന്നെന്നും ടിറ്റെ മത്സരശേഷം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ടീം അംഗങ്ങളുമായുള്ള ആത്മബന്ധം തെളിയിക്കുന്നതാണ് ആ ആഘോഷപ്രകടനങ്ങൾ. എന്‍റെ കുട്ടികള്‍ യുവാക്കളാണ്. അവരുടെ ആഘോഷത്തില്‍ പങ്കുചേരാനാണ് ഞാന്‍ ശ്രമിച്ചത്. ഗോളടിച്ചാല്‍ തന്നെക്കൊണ്ട് നൃത്തം ചെയ്യിക്കുമെന്ന് കളിക്കാര്‍ നേരത്തെ പറഞ്ഞിരുന്നു.

ഗോള്‍ ആഘോഷിക്കുന്നതിനെ എതിരാളികളോടുള്ള അനാദരവായി കണ്ട് ആഘോഷങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനം നല്‍കരുത്. ചെകുത്താന്‍റെ മനസ്സുള്ളവർക്കേ അങ്ങനെയൊക്കെ പറയാനാവൂ. കൊറിയന്‍ പരിശീലകനായ പൗളോ ബെന്‍റോയോട് തനിക്ക് ഏറെ ബഹുമാനമുണ്ടെന്നും വാക്കുകള്‍ കൊണ്ടോ പ്രവൃത്തി കൊണ്ടോ എതിരാളികളോട് അനാദരവ് കാട്ടിയിട്ടില്ലെന്നും ടിറ്റെ വ്യക്തമാക്കി.

Tags:    
News Summary - Roy Keane says Brazil insulted Korea by dancing; Tite with reply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.