ദോഹ: ചാമ്പ്യൻ ടീമിനും രാഷ്ട്രത്തലവന്മാർക്കും ഫിഫ ഭാരവാഹികൾക്കും മാത്രം കൈയിലേന്താൻ കഴിയുന്ന ലോകകപ്പ് എങ്ങനെ തുർക്കി ഷെഫ് സാൾട്ട് ബേയുടെ കൈകളിലെത്തി? ലോകകപ്പ് സമാപിച്ചതിനു പിന്നാലെ രൂപപ്പെട്ട പുതിയ വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഫിഫ. നിയന്ത്രണങ്ങളും നിയമങ്ങളും ലംഘിച്ച് മൈതാനത്തിറങ്ങുകയും ലോകകപ്പ് കൈകളിലേന്തി ഫോട്ടോക്ക് പോസ് ചെയ്യുകയും കപ്പിൽ മുത്തമിടുകയുമാക്കെ ചെയ്ത സെലിബ്രിറ്റി ഷെഫിന്റെ നടപടി ഫിഫ അധികൃതരെ ഞെട്ടിച്ചിരുന്നു. ഇയാൾക്ക് എങ്ങനെയാണ് ഇതൊക്കെ സാധിച്ചതെന്നതാണ് ആഗോള ഫുട്ബാൾ സംഘടനയെ അതിശയപ്പെടുത്തിയിരിക്കുന്നത്.
മത്സരത്തിനു പിന്നാലെ സമ്മാനദാന ചടങ്ങിനുശേഷം ജേതാക്കളായ അർജന്റീന താരങ്ങൾ മൈതാനത്ത് ആഹ്ലാദം പ്രകടിപ്പിക്കുന്നതിനിടെയാണ് സാൾട്ട് ബേ ‘നുഴഞ്ഞുകയറിയത്’. അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി, മറ്റു ടീമംഗങ്ങളായ എയ്ഞ്ചൽ ഡി മരിയ, ലിസാൻഡ്രോ മാർട്ടിനെസ് എന്നിവർക്കൊപ്പം ഫോട്ടോയെടുക്കാനും ഇയാൾ സമയം കണ്ടെത്തി. ഇയാളുടെ നീക്കത്തിൽ മെസ്സി അതൃപ്തി പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു. രണ്ടു തവണ മെസ്സിയുടെ കൈയിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ ഒരു തവണ അർജന്റീന നായകൻ ഒഴിഞ്ഞുമാറിക്കളഞ്ഞു. ഇതിനിടെ, മറ്റൊരു അർജന്റീന താരത്തിന്റെ കഴുത്തിലണിഞ്ഞ മെഡലിൽ ഇയാൾ മുത്തമിടുകയും ചെയ്തു. വിജയം ആഘോഷിക്കുന്ന അർജൻറീന താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചു. സാൾട്ട് ബേയുടെ നടപടിയിൽ ആദ്യം ഫിഫ പ്രതികരിച്ചിരുന്നില്ല.
ഇപ്പോൾ മൂന്നു ദിവസത്തിനു ശേഷമാണ് ഇക്കാര്യത്തിൽ ഫിഫയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്. ‘‘ഡിസംബർ 18ന് ലുസൈലിലെ ഫൈനലിനുശേഷം വ്യക്തികൾക്ക് അനർഹമായി എങ്ങനെ ഗ്രൗണ്ടിൽ പ്രവേശിക്കാൻ കഴിഞ്ഞുവെന്നത് ഫിഫ അന്വേഷിക്കും. അതിനനുസരിച്ച് വിഷയത്തിൽ നടപടികളുണ്ടാവും’’ -ഫിഫ അധികൃതർ വാർത്തലേഖകരോട് പറഞ്ഞു.
39കാരനായ സാൾട്ട് ബേ ലോകത്തെ പ്രമുഖ ആഡംബര റസ്റ്റാറന്റുകളുടെ ഉടമയാണ്. ലോസ് ആഞ്ജലസിലെ ബെവർലി ഹിൽസും ലണ്ടനിലെ നൈറ്റ്സ്ബ്രിഡ്ജും ഉൾപ്പെടെയുള്ളവ ഇയാളുടെ ഉടമസ്ഥതയിലാണ്. സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ബേയുടെ യഥാർഥ പേര് നുസ്റത്ത് ഗോക്കെ എന്നാണ്. ലോകകപ്പിൽ ആദ്യ റൗണ്ട് മത്സരങ്ങൾക്കിടെ, ഒരുതവണ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോക്ക് ഒപ്പമിരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ഇയാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.