ദോഹ: ഇന്നലെ സൗദി അറേബ്യക്കെതിരെ അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ അർജന്റീനക്ക് സംഭവിച്ച അതേ വിധിയായിരുന്നു ഇന്ന് ജപ്പാനെ നേരിട്ട ജർമനിയെയും കാത്തിരുന്നത്. അർജന്റീനയെ പോലെ ആദ്യം പെനാൽറ്റിയിലൂടെ ലീഡ് നേടിയെങ്കിലും തുടർന്ന് രണ്ട് ഗോൾ തിരിച്ചുവാങ്ങിയാണ് ജർമനിയും പരാജയത്തിന്റെ രുചിയറിഞ്ഞത്. രണ്ട് വമ്പന്മാരും തോറ്റത് ഏഷ്യൻ ടീമുകളോടെന്ന പ്രത്യേകതയുമുണ്ട്. വമ്പന്മാരുടെ ആക്രമണത്തെ പ്രതിരോധിച്ചുനിന്ന് കൗണ്ടർ അറ്റാക്കിലൂടെ ഗോൾ നേടുന്ന തന്ത്രമാണ് ഇരു ടീമുകളും പയറ്റിയത്. കളിയുടെ മുക്കാൽ ഭാഗവും പന്ത് അർജന്റീനയുടെയും ജർമനിയുടെയുമെല്ലാം കൈവശമായിരുന്നെങ്കിൽ അതിലല്ല, ഗോൾ നേടുന്നതിലാണ് കാര്യമെന്ന് ഏഷ്യൻ ടീമുകൾ വീണ്ടും തെളിയിച്ചു.
ഏഷ്യയിൽ നടക്കുന്ന ലോകകപ്പിൽ ഇതേ ഭൂഖണ്ഡത്തിലെ ടീമുകളുടെ ദയനീയ പ്രകടനത്തിനാണ് ആദ്യ രണ്ടു ദിവസങ്ങൾ സാക്ഷിയായത്. ആദ്യ മത്സരത്തിൽ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ആതിഥേയർ പരാജയപ്പെട്ടെന്ന നാണക്കേട് ഖത്തറിനെ തേടിയെത്തിയപ്പോൾ, തൊട്ടടുത്ത ദിവസം ഇംഗ്ലണ്ട് ഇറാനെ രണ്ടിനെതിരെ ആറ് ഗോളിന് നാണം കെടുത്തി. ഇതോടെ ഏഷ്യൻ ടീമുകളെ എഴുതിത്തള്ളിയവരുടെ വായടപ്പിച്ചാണ്, രണ്ട് ഏഷ്യൻ ടീമുകൾ വമ്പൻ അട്ടിമറി സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ന് ഖലീഫ സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ ജർമനി തുടർച്ചയായി ആക്രമിച്ചു കയറുമ്പോൾ, ജപ്പാൻ താരങ്ങൾ ചിത്രത്തലുണ്ടായിരുന്നില്ല. നിരവധി ഗോളുകൾ വഴങ്ങേണ്ടിയിരുന്ന സ്ഥാനത്താണ് ജപ്പാൻ ആദ്യ പകുതിയിൽ ഒരു ഗോളിൽ ഒതുങ്ങിയത്. എന്നാൽ അർജന്റീന-സൗദി മത്സരത്തിലേതിന് സമാനമായി രണ്ടാം പകുതിയിൽ കളി മാറി. ജർമൻ ഗോൾമുഖം അവർ പലതവണ വിറപ്പിച്ചു. 75ാം മിനിറ്റിൽ ജർമൻ വല കുലുങ്ങുകയും ചെയ്തു. എട്ടു മിനിറ്റിനിടെ രണ്ടാം ഗോളും എത്തിയതോടെ ജപ്പാനും ചരിത്രം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.