ദോഹയിലെ ലോകകപ്പ് ഫുട്‌ബാൾ ഉദ്ഘാടന വേളയിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽതാനിയോടൊപ്പം

ലോകകപ്പ് നടത്തിപ്പിൽ ഖത്തറിനെ അഭിനന്ദിച്ച് സൗദി കിരീടാവകാശി

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഖത്തറിൽ ഞായറാഴ്ച നടന്ന ഫിഫ ലോകകപ്പ് 2022 ന്റെ ഉദ്ഘാടന ചടങ്ങിൽ മറ്റ് അന്താരാഷ്ട്ര നേതാക്കൾക്കൊപ്പം പങ്കെടുത്തു. ഖത്തറും എക്വഡോറും തമ്മിൽ നടന്ന ഉദ്ഘാടന മത്സരം വീക്ഷിച്ച കിരീടാവകാശി അൽഖോറിലെ അൽ-ബൈത്ത് സ്റ്റേഡിയത്തിൽ ഖത്തർ ദേശീയ ടീമിനെ പിന്തുണക്കുംവിധം ഖത്തറിന്‍റെ സ്‌കാർഫ് ധരിച്ചാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ അടുത്തെത്തിയത്.

2022 ഫിഫ ലോകകപ്പ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയെ കിരീടാവകാശി അഭിനന്ദിച്ചു. ദോഹയിൽ ഖത്തർ അമീർ നൽകിയ സ്വീകരണത്തിലും മുഹമ്മദ് ബിൻ സൽമാൻ പങ്കെടുത്തിരുന്നു.

ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി, ജോർദാൻ രാജാവ് അബ്ദുല്ല, കുവൈത്ത് കിരീടാവകാശി ശൈഖ് മഷാൽ അൽ അഹ്‌മദ്‌ അൽ-ജാബിർ അസ്സബാഹ്, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, അൾജീരിയൻ പ്രസിഡന്റ് അബ്ദുൽമജീദ് തബൂൺ, ലൈബീരിയൻ പ്രസിഡന്റ് ജോർജ്ജ് വീ, റുവാണ്ടൻ പ്രസിഡന്റ് പോൾ കഗാമെ, സെനഗൽ പ്രസിഡന്റ് മക്കി സാൽ എന്നിവരും മിഡിൽ ഈസ്റ്റിലെ കന്നി ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് ആവശ്യമായ ഏത് പിന്തുണയും നൽകാൻ ദോഹയിൽ എത്തിയതിന് തൊട്ടുപിന്നാലെ കിരീടവകാശി സൗദിയിലെ വിവിധ മന്ത്രാലയങ്ങളോടും സർക്കാർ ഏജൻസികളോടും നിർദേശിച്ചിരുന്നു. 

Tags:    
News Summary - Saudi crown prince congratulated Qatar for hosting the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.