മെസ്സിയെ ഭീഷണിപ്പെടുത്തിയ മെക്സി​ക്കൻ ബോക്സർക്ക് വായടപ്പൻ മറുപടിയുമായി അഗ്യൂറോ

ബ്വേനസ് ഐറിസ്: മെക്സിക്കോയെ വീഴ്ത്തിയ ആഘോഷങ്ങൾക്കിടെ അവരുടെ ദേശീയ പതാകയെ നിലത്തിട്ടുചവിട്ടിയെന്നും അപമാനിച്ചെന്നും കടുത്ത വിമർശനവുമായി എത്തിയ ബോക്സിങ് സൂപർ സ്റ്റാർ കാൻസലോ അൽവാരസിന് അതേ നാണയത്തിൽ മറുപടിയുമായി അർജന്റീന സ്ട്രൈക്കർ സെർജിയോ അഗ്യൂറോ. ലോകകപ്പിൽ ആദ്യ കളിയിൽ സൗദിക്കെതിരെ പരാജയപ്പെട്ട അർജന്റീന നിർണായകമായ രണ്ടാമത്തെ മത്സരത്തിലാണ് മെക്സിക്കോക്കെതിരെ ഇറങ്ങിയത്. മെസ്സി ഗോളടിക്കുകയും അടിപ്പിക്കുകയും ചെയ്ത കളിയിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു അർജന്റീന ജയം. ഇതോടെ നോക്കൗട്ട് സാധ്യത സജീവമാക്കിയ അർജന്റീന ടീം കളി കഴിഞ്ഞുടൻ ഡ്രസ്സിങ് റൂമിൽ വിജയം ആഘോഷിച്ചിരുന്നു. ഇതിനിടെയാണ് മെക്സിക്കോ പതാകയിൽ മെസ്സി ചവിട്ടുന്നതായി ചിത്രങ്ങൾ പ്രചരിച്ചത്. പരാജയത്തിൽ മനംനൊന്ത മെക്സിക്കോ ആരാധകർ വിഷയം ഏറ്റെടുത്തു. മെക്സിക്കോക്കാരനായ ബോക്സർ അൽവാരസും വിഷയം ഏറ്റുപിടിച്ച് സമൂഹ മാധ്യമത്തിൽ വിമർശനവുമായി എത്തി. മെസ്സി മെക്സിക്കോയെ ആദരിക്കണമെന്ന ഭീഷണിയും ഇതോടൊപ്പം ഉന്നയിച്ചു.

എന്നാൽ, വിഷയം പൂർണമായി മനസ്സിലാക്കാതെ സമൂഹ മാധ്യമത്തിൽ പ്രതികരണവുമായി എത്തുന്നത് ശരിയല്ലെന്നായിരുന്നു അഗ്യൂറോയുടെ മറുപടി. ''കാൻസലോ, വെറുതെ ഒഴികഴിവുകളും പ്രശ്നങ്ങളും തേടിനടക്കരുത്. ഫുട്ബാളിനെ കുറിച്ച് നിങ്ങൾക്ക ഒരു ചുക്കും അറിയില്ല. അവിടെ, ഡ്രസ്സിങ് റൂമിൽ നടക്കുന്നതിനെ കുറിച്ചും. കളി കഴിയുന്നതോടെ ഷർട്ടുകൾ നിലത്താണു​ണ്ടാകുക. വിയർപ്പാണ് പ്രശ്നം. ബൂട്ട് അഴിക്കാൻ നീങ്ങുന്നതിനിടെ അറിയാതെ കാൽ തട്ടുന്നതാണത്''- അഗ്യൂറോ പറഞ്ഞു.

സംഭവത്തിൽ മെസ്സി പ്രതികരിച്ചിട്ടില്ല. ബുധനാഴ്ച പോളണ്ടിനെതിരെയാണ് ടീമി​ന് അടുത്ത മത്സരം. വിജയം ടീമിന് നോക്കൗട്ട് ഉറപ്പാക്കും. സമനിലയും ചിലപ്പോൾ അടുത്ത ഘട്ടത്തിലേക്ക് വഴി തുറക്കും. 

Tags:    
News Summary - Sergio Aguero rubbishes Canelo Alvarez’s claims that Argentina captain Lionel Messi disrespected Mexico

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.