ബാൾ പൊസഷനിലല്ല കാര്യം... ജപ്പാന്റെ അതിവേഗത്തെ പേടിച്ച് ക്രൊയേഷ്യ

സ്​പെയിനിനെതിരായ നിർണായക മത്സരത്തിൽ 17 ശതമാനം മാത്രമായിരുന്നു സമുറായികൾ പന്ത് നിയന്ത്രിച്ചത്. 83 ശതമാനം സമയവും കൈവശം വെച്ച് മുന്നിൽ നിന്നിട്ടും സ്​പെയിൻ കളിതോറ്റു. അതിനുമുമ്പ് ജർമനിക്കുണ്ടായ അനുഭവവും സമാനം. 26 ശതമാനത്തിലൊതുങ്ങി ജപ്പാന്റെ ബാൾ പൊസഷൻ. കളിയുടെ നാലിൽ മൂന്നും കാലിൽ വെച്ചവർക്കും അടിതെറ്റി. വമ്പന്മാർ എതിരെനിന്ന രണ്ടു കളികളിലും ജപ്പാൻ നേടിയ ഗോളുകൾക്ക് സുവർണ സ്പർശമായിരുന്നു. വിജയത്തിന് ഇരട്ടി മാറ്റും. സ്​പെയിനും ജർമനിയും മുന്നിലുണ്ടായിരുന്നിട്ടും അതിലൊരാളെ നോക്കൗട്ട് പോലും കടത്താതെ പുറത്താക്കിയായിരുന്നു ജപ്പാന്റെ 'പട്ടണപ്രവേശം'.

അതുതന്നെയാണ് പ്രീക്വാർട്ടറിൽ എതിരെബൂട്ടുകെട്ടുന്ന ക്രൊയേഷ്യയുടെ ആധിയും. 2018 ലോകകപ്പ് റണ്ണേഴ്സ് അപ്പ് ടീമിനു മുൻതൂക്കം കൽപിക്കാനാകും വാതുവെപ്പുകാർക്ക് ഇപ്പോഴും താൽപര്യമെങ്കിലും എന്തും ചെയ്തുകളയുന്നതാണ് സാമുറായ് വീര്യം. അതിനാൽ തന്നെ അവരെ എഴുതിത്തള്ളാനില്ലെന്നും ചെറുതാക്കി കാണിക്കാനില്ലെന്നും പറയുന്നു, ക്രൊയേഷ്യ മിഡ്ഫീൽഡർ ലവ്റോ മാജെർ. 'എല്ലാവരും കളിക്കുന്നത് മികച്ച ഫുട്ബാളാണ്. ഈ ലോകകപ്പിൽ അട്ടിമറിക​ളേറെ നാം കണ്ടിട്ടുണ്ട്''.

ഗ്രൂപ് ഘട്ടത്തിൽ ഒരു കളി​പോലും തോൽക്കാത്തവരാണ് ക്രൊയേഷ്യ. നോക്കൗട്ടിന്റെ ആദ്യ ഘട്ടം ഒരിക്കൽ പോലും തോൽക്കാത്തവരെന്ന റെക്കോഡും ലോകകപ്പിൽ അവർ​ക്ക് കൂട്ടായുണ്ട്.

ഗ്രൂപ് ഘട്ടത്തിൽ രണ്ടു സമനിലകൾ വഴങ്ങിയവരെങ്കിലും എതിരാളികൾക്കെതിരെ തങ്ങളുടെ ആവനാഴി ഇപ്പോഴും നിറഞ്ഞുതന്നെയാണെന്ന് പറയുന്നു, ക്രൊയേഷ്യൻ പ്രതിരോധ നിരയിലെ ജോസിപ് ജുറാനോവിച്ച്. 37കാരനായ ലൂക മോഡ്രിച്ച് ഇപ്പോഴും അതിവേഗ കുതിപ്പുമായി മുന്നിലുണ്ടാകുമ്പോൾ ടീം തളരുമെന്ന് കരുതാനാകില്ല.

എന്നാലും ജപ്പാന്റെ അതിവേഗത്തെ ക്രൊയേഷ്യ ഭയക്കുന്നുണ്ട്. സ്​പെയിനും ജർമനിക്കും എതിരെവന്ന രണ്ടു കളികളിലും ഗോളടിച്ച് ആദ്യം മുന്നിലെത്തിയത് അവർ തന്നെയായിരുന്നു. 11ാം മിനിറ്റിൽ തന്നെ ഗോളടിച്ച് സ്​പെയിൻ വരവറിയിച്ചതാണ്. ജർമനിയും ഗോളടിച്ചത് ആദ്യ പകുതിയിൽ. എല്ലാം അവസാന മിനിറ്റുകളിലേക്ക് കരുതിവെച്ച സാമുറായികൾ മിനിറ്റുകൾക്കിടെ ര​ണ്ടുവട്ടം എതിർവല കുലുക്കിയായിരുന്നു രണ്ടു കളികളും ജയിച്ചുമടങ്ങിയത്. ഇതേ അനുഭവം ആവർത്തിക്കുമെന്നാണ് ക്രൊയേഷ്യയും ആശങ്കപ്പെടുന്നത്. ചരിത്രത്തിലാദ്യമായാണ് ഏഷ്യയിൽനിന്ന് മൂന്നു ടീമുകൾ ലോകകപ്പ് നോക്കൗട്ടിലെത്തുന്നത്. അതിൽ ക്വാർട്ടറിലേക്ക് ടിക്കറ്റ് എടുക്കുന്ന ആദ്യ ടീമാകുകയാണ് ജപ്പാന്റെ ലക്ഷ്യം.

എന്നാൽ, സമാനമായി അതിവേഗം കൊണ്ട് അദ്ഭുതങ്ങൾ തീർക്കുമെന്ന് കരുതിയ കാനഡക്കെതിരെ  പിന്നിൽനിന്ന ശേഷം തിരിച്ചുവന്ന് 4-1ന് ജയിച്ച ചരിത്രം തങ്ങൾക്കുണ്ടെന്ന് ക്രൊയേഷ്യൻ ടീം ഒന്നിച്ചുപറയുന്നു. 

Tags:    
News Summary - Soccer-Croatia surprised by Japan's run but ready to handle their speed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.