ക്ലൈമാക്സിൽ കൊറിയൻ മിന്നൽ; പോർചുഗലിനെ അട്ടിമറിച്ച് പ്രീ ക്വാർട്ടറിൽ

ദോഹ: ഗ്രൂപ് എച്ച് അവസാന റൗണ്ട് പോരാട്ടത്തിൽ പറങ്കിപ്പടയെ അട്ടിമറിച്ച് ദക്ഷിണ കൊറിയൻ പടയോട്ടം. പോർചുഗലിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തകർത്ത് കൊറിയ പ്രീ ക്വാർട്ടർ യോഗ്യത നേടി. മത്സരം തോറ്റെങ്കിലും രണ്ടു ജയവുമായി ആറു പോയന്‍റുള്ള പോർചുഗൽ ഗ്രൂപ് ചാമ്പ്യന്മാരായി.

ഉറുഗ്വായ്ക്കൊപ്പം പോയന്റ് നിലയിലും ഗോൾ ശരാശരിയിലും തുല്യതയിലായ കൊറിയ കൂടുതൽ ഗോൾ നേടിയതിന്റെ ആനുകൂല്യത്തിലാണ് പ്രീക്വാർട്ടറിലേക്ക് കുതിച്ചത്. കിം യങ് ഗോൺ (29ാം മിനിറ്റ്), ഹ്വാങ് ഹീ ചാൻ (90+1ാം മിനിറ്റ്) എന്നിവരാണ് കൊറിയക്കായി വലകുലുക്കിയത്. റികാർഡോ ഹോർത്തയാണ് (അഞ്ചാം മിനിറ്റ്) പോർചുഗലിന്‍റെ ആശ്വാസ ഗോൾ നേടിയത്.

അഞ്ചാം മിനിറ്റിൽ റികാർഡോ ഹോർത്തയിലൂടെ പോർചുഗലാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. ലോങ് പാസ് സ്വീകരിച്ച് വലതുവിങ്ങിലൂടെ ബോക്സിനുള്ളിലേക്ക് കയറി വന്ന ദിയോഗോ ദലോട്ട് നൽകിയ പന്ത് ഹോർത്ത വലയിലാക്കി.

17ാം മിനിറ്റിൽ കിം ജിൻ സുവിലൂടെ കൊറിയ വലകുലുക്കിയെങ്കിലും ലൈൻ റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തി. 27ാം മിനിറ്റിൽ കൊറിയ ഒപ്പമെത്തി. കിം യങ് ഗോണാണ് ഗോളടിച്ചത്. കോർണറിൽനിന്നുള്ള പന്ത് ബോക്സിനുള്ളിൽ ക്ലിയർ ചെയ്യുന്നതിലെ പോർചുഗൽ താരങ്ങളുടെ പിഴവാണ് ഗോളിൽ കലാശിച്ചത്. പന്ത് അനായാസം കിം യങ് വലയിലേക്ക് തട്ടിയിട്ടു.

മത്സരം സമനിലയിലേക്കെന്ന് തോന്നിക്കുന്ന അവസരത്തിലാണ് കൊറിയ ഗംഭീര തിരിച്ചുവരവ് നടത്തിയത്. അവസാന പകുതിയുടെ ഇൻജുറി ടൈമിലായിരുന്നു കൊറിയയുടെ പ്രഹരം. മൈതാനത്തിന്‍റെ മധ്യത്തിൽനിന്ന് പന്തുമായി മുന്നേറിയ ഹ്യൂങ് മിൻ സൺ കൈമാറിയ പന്ത് ഹ്വാങ് ഹീ ചാൻ വലയിലെത്തിച്ചു. ഗാലറിയിൽ ആവേശം അണപ്പെട്ടി.

പന്തടക്കത്തിലും പാസ്സിങ്ങിലും ഉൾപ്പെടെ പോർചുഗൽ മുന്നിട്ടുനിന്നെങ്കിലും വിജയം കൊറിയക്കൊപ്പമായിരുന്നു. എതിർ വല ലക്ഷ്യമാക്കി ടാർഗറ്റിലേക്ക് ഇരുവരും ആറു ഷോട്ടുകളാണ് തൊടുത്തത്. ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പമായിരുന്നു പോരാട്ടം. 29ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സുവർണാവസരം ലഭിച്ചെങ്കിലും കൊറിയൻ ഗോളി പന്ത് തട്ടിയകറ്റി. പിന്നാലെ റഫറി ഓഫ്സൈഡും വിളിച്ചു.

ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ പോർചുഗൽ ഗോളിലേക്കെന്ന് തോന്നിക്കുന്ന ഒന്നിലധികം മുന്നേറ്റങ്ങൾ നടത്തിയെങ്കിലും കൊറിയ പ്രതിരോധിച്ചു. ഇരുടീമുകളുടെയും മുന്നേറ്റങ്ങളോടെയാണ് രണ്ടാം തുടങ്ങിയത്. പന്തിന്‍റെ നിയന്ത്രണം പോർചുഗലിനാണെങ്കിലും അവസരങ്ങളുണ്ടാക്കി കൊറിയയുടെ മുന്നേറ്റം. 61ാം മിനിറ്റിൽ പോർചുഗൽ ബോക്സിനുള്ളിലേക്കുള്ള സൺ ഹ്യൂങ് മിന്നിന്‍റെ മുന്നേറ്റം പ്രതിരോധം വിഫലമാക്കി.

67ാം മിനിറ്റിൽ ബോക്സിനു മുന്നിൽനിന്നുള്ള കൊറിയൻ താരത്തിന്‍റെ ഒരു ബുള്ളറ്റ് ഷോട്ട് പോർചുഗൽ ഗോളി തട്ടിയകറ്റി. 72ാം മിനിറ്റിൽ ബോക്സിനു തൊട്ടുമുന്നിൽനിന്നുള്ള ഫ്രീകിക്ക് കൊറിയക്ക് മുതലെടുക്കാനായില്ല. ലീ കാങ്ങിന്‍റെ കിക്ക് പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക്. 78ാം മിനിറ്റിൽ കൊറിയയുടെ മുന്നേറ്റം ബോക്സിനുള്ളിൽ ആന്ദ്രെ സിൽവ പ്രതിരോധിച്ചു.

Tags:    
News Summary - South Korea defeat Portugal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.