ഫുട്ബാളിലെ കാളക്കൂറ്റന്മാരെന്നും മറ്റഡോറെന്നും പേരുള്ള സ്പെയിൻ ഇത്തവണ ഖത്തറിലെത്തുന്നത് രണ്ടാമതൊരു കിരീടവും സ്വപ്നം കണ്ടാണ്. യോഗ്യത റൗണ്ടിലെ എട്ടു കളികളിൽ ആറു ജയവും ഒരു തോൽവിയും ഒരു സമനിലയും നേടിയാണ് ഇവരുടെ വരവ്. സ്വീഡനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ഗ്രൂപ് 'ഇ'യിൽ സ്പെയിൻ ബെർത്തുറപ്പിച്ചത്. കുഞ്ഞൻ പാസുകളിലൂടെ ഗോൾ പോസ്റ്റ് വരെ പന്തെത്തിക്കുന്ന ടിക്കി ടാക്ക രീതിയാണ് സ്പെയിനിന്റേത്. ഏറ്റവും മനോഹരമായ പാസുകളിലൂടെ ആരാധകരെ വിസ്മയം കൊള്ളിച്ച വർഷമായിരുന്നു 2010. ആദ്യമായി ലോകകിരീടമണിഞ്ഞതും ഇതേ വർഷമായിരുന്നു. 2014ലെ ലോകകപ്പിൽ ടീം നന്നായി കളിച്ചു തുടങ്ങിയിരുന്നെങ്കിലും ഗ്രൂപ് ഘട്ടം കടക്കാതെ പുറത്താവേണ്ടിവന്നു.
പ്രതിരോധ നിരയിലും മിഡ്ഫീൽഡിലും മികച്ച താരങ്ങളുള്ള സ്പെയിൻ ഇത്തവണ ടിക്കി ടാക്കക്കൊപ്പം കളിയുടെ രീതി മാറ്റുമോ എന്നത് കണ്ടറിയണം. അൽവാരോ മൊറാറ്റ, പാബ്ലോ സെർബിയ, ഫെറാൻ ടോറസ്, സെർജിയോ ബുസ്കറ്റ്സ് തുടങ്ങിയ താരനിര മൈതാനത്ത് പൊരുതാനിറങ്ങുമ്പോൾ കൂടെ നികോ വില്യംസടക്കമുള്ള ചെറുപ്പക്കാരും കളിക്കളത്തിൽ പോരിനുണ്ടാവും. യൂറോപ്പിലെ ആരാധകർക്ക് പുറമെ ഏഷ്യയിലും നിരവധി ആരാധകരുള്ള ടീമാണ് സ്പെയിൻ. 1934ലാണ് ആദ്യമായി ലോകകപ്പ് കളിച്ചത്. കരുത്തരായ ബ്രസീലിനെയും ഇറ്റലിയെയും ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തിയിട്ടുള്ള സ്പെയിൻ ഖത്തറിലും വാശിയോടെയായിരിക്കും അങ്കത്തിനൊരുങ്ങുക. 16 തവണ ലോകകപ്പ് കളിച്ച പരിചയവും ടീമിനുണ്ട്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ മൂന്നു തവണയാണ് ഈ സ്പാനിഷ് പട കിരീടം നേടിയത്.
കുന്തമുന
ക്യാപ്റ്റൻ സെർജിയോ ബുസ്കറ്റ്സും അൽവാരോ മൊറാറ്റയുമാണ് ഗോളവസരങ്ങൾ ഒരുക്കുന്നതിലും ഗോളുകൾ നേടുന്നതിലും മിടുക്കർ. സ്ട്രൈക്കറായ അൽവാരോ പന്തിനെ അനായാസം കാലുകളിലെടുക്കുകയും ഫിനിഷ് ചെയ്യുന്നതിലും മികവ് കാണിക്കാറുണ്ട്. റിയൽ മഡ്രിഡ് 'ബി' ടീമിൽ തുടങ്ങി ജുവന്റസ്, ചെൽസി, അത്ലറ്റികോ മഡ്രിഡ് തുടങ്ങിയ ടീമുകളിലെല്ലാം അൽവാരോ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. അനായാസം ഗോളടിക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവിൽ പലപ്പോഴും സ്പെയിൻ ആരാധകർ ആവേശത്തിലുമായിരുന്നു.
അണ്ടർ 17 സ്പെയിൻ ദേശീയ ടീമിൽ കളിച്ചു തുടങ്ങിയ ഇദ്ദേഹം 2014 മുതലാണ് സ്പെയിൻ ടീമിൽ പന്ത് തട്ടിയത്. 2014ന് ശേഷം തന്റെ രാജ്യത്തിനായി ഇതുവരെ 27 ഗോളുകളും അൽവാരോ നേടിയിട്ടുണ്ട്. സ്പെയിൻ രണ്ടു തവണ അണ്ടർ 21 യൂറോപ്യൻ ചാമ്പ്യൻഷിപ് നേടിയപ്പോഴും അൽവാരോയുടെ പങ്ക് വലുതായിരുന്നു. ടീമിലെ ഡിഫൻസിവ് മിഡ്ഫീൽഡറാണ് സെർജിയോ. ബാഴ്സലോണയിൽ കളിക്കുന്ന സെർജിയോ അടവുകൾ പയറ്റുന്നതിൽ മിടുക്കനാണ്. 2010ൽ സ്പെയിൻ ലോകകപ്പ് നേടിയപ്പോഴും 2012ൽ യൂറോപ്യൻ ചാമ്പ്യൻഷിപ് നേടിയപ്പോഴും ഇദ്ദേഹത്തിന്റെ പങ്ക് ടീമിന് മുതൽക്കൂട്ടായിരുന്നു. തന്റെ ടീമിനെ സാഹചര്യങ്ങൾക്കനുസരിച്ച് മൈതാനത്ത് സജ്ജരാക്കുന്നതിലും മിടുക്കനാണ്.
ആശാൻ
സ്പെയിൻ ദേശീയ ടീമിലും ബാഴ്സലോണയിലും കളിച്ചിരുന്ന ലൂയിസ് എൻറികാണ് സ്പെയിനിന്റെ ആശാൻ. മിഡ്ഫീൽഡറായും മുന്നേറ്റ താരമായും കളം നിറഞ്ഞു നിന്നിരുന്ന ഇദ്ദേഹം തന്റെ സീനിയർ കരിയറിൽ 162 ഗോളുകൾ നേടിയിട്ടുണ്ട്. സ്പെയിനിനായി 12 ഗോളുകളും നേടിക്കൊടുത്തു.
വിവിധ പൊസിഷനുകളിൽ കളിച്ചുള്ള ഇദ്ദേഹത്തിന്റെ പരിചയസമ്പത്തും നിർദേശങ്ങളും ടീമിന് ഏറെ ഗുണം ചെയ്യും. ബാഴ്സലോണയെയാണ് ആദ്യമായി പരിശീലിപ്പിച്ചു തുടങ്ങിയത്. 2018 മുതൽ സ്പെയിനിന്റെ മുഖ്യ പരിശീലകനാണ്. ലാ ലിഗ ബ്രേക്ക് ത്രൂ പ്ലെയറായി 1990ൽ ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.