ദോഹ: ലോകകപ്പ് ഫുട്ബാൾ പോരാട്ടം ഫിനിഷിങ് പോയൻറിലെത്തുമ്പോൾ കണ്ണൂർ കക്കാട് സ്വദേശി നബീൽ മുസ്തഫ ഫുൾ മാരത്തൺ ഓടിത്തീർത്ത ഫീലിലാണ്. കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി സ്റ്റേഡിയങ്ങളിൽ നിന്നും സ്റ്റേഡിയങ്ങളിലേക്കുള്ള ഓട്ടമായിരുന്നു. അർജൻറീന, ബ്രസീൽ, ഇംഗ്ലണ്ട്, സ്പെയിൻ, സെനഗാൾ, ജർമനി.... ഇങ്ങനെ നീണ്ടുനിൽക്കുന്ന മത്സര ഷെഡ്യൂളുകൾ. കളികാണാനുള്ള ഓട്ടത്തിനിടയിൽ ഈ മലയാളി ലോകകപ്പിനെത്തിയ 32ൽ 31 ടീമുകളുടെ മത്സരങ്ങളും ഗാലറിയിലിരുന്ന് കണ്ടുകഴിഞ്ഞു. തലനാരിഴക്ക് നഷ്ടമായത് കോസ്റ്ററീകയുടെ കളികൾ മാത്രം.
ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും ഒതുക്കമുള്ള (കോംപാക്ട്) ലോകകപ്പിന് സ്വന്തം മുറ്റത്തെന്ന പോലെ ഖത്തറിൽ പന്തുരുളുമ്പോൾ ഗാലറിയിലെത്തി പരമാവധി മത്സരം കാണുക എന്ന തീരുമാനവുമായാണ് പ്രവാസിയായ നബീൽ മുസ്തഫ ഇറങ്ങിത്തിരിച്ചത്. നവംബർ 20ന് അൽബെയ്ത്ത് സ്റ്റേഡിയത്തിൽ ഖത്തറും എക്വഡോറും ഏറ്റുമുട്ടുമ്പോൾ ഡ്യൂട്ടിയിലായതിനാൽ കളി കണ്ടില്ല.
എന്നാൽ, രണ്ടാം ദിനം രണ്ട് കളി കണ്ട് സ്റ്റേഡിയങ്ങൾക്കിടയിലെ യാത്ര തുടങ്ങി. നവംബർ 25ന് ഗ്രൂപ് റൗണ്ടിൽ നാലു മത്സരം നടന്നപ്പോൾ മൂന്ന് കളി വരെ കണ്ടതായി നബീൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഫിഫ ഓൺലൈൻ ടിക്കറ്റുകൾ വഴി ഒരു ദിവസം പരമാവധി രണ്ട് മത്സരങ്ങൾക്കുള്ള ടിക്കറ്റാണ് ലഭിക്കുന്നതെങ്കിൽ, അന്നേദിവസം ക്യു.എൻ.ബിയുടെ ഓൺലൈൻ മത്സരത്തിൽ പങ്കെടുത്ത് ലഭിച്ച ടിക്കറ്റുമായി മൂന്ന് മത്സരം കണ്ടു.
ഒരു ടൂർണമെൻറിൽ ഇത്രയേറെ മത്സരങ്ങൾ കണ്ടുതീർക്കുന്ന കാണിയെന്ന അപൂർവതയിലേക്കായിരുന്നു നബീലിന്റെ സ്റ്റേഡിയം യാത്രകൾ.
കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച ടിക്കറ്റ് ബുക്കിങ്ങിന്റെ ആദ്യരണ്ടു ഘട്ടങ്ങളിലും ഒരു ടിക്കറ്റ് പോലും ലഭിച്ചില്ലെന്ന് നബീൽ. എന്നാൽ, റീ സെയിൽ ബുക്കിങ് പ്ലാറ്റ്ഫോം തുറന്നപ്പോൾ ലാപ്ടോപ്പിന് മുന്നിൽ കുത്തിയിരുന്നാണ് ഓരോ മാച്ചിനുമുള്ള സിംഗ്ൾ ടിക്കറ്റുകൾ സ്വന്തമാക്കിയത്. ഭാര്യ ഫെർമിൻ അവധിക്കായി നാട്ടിലേക്ക് പോയതോടെ മത്സരങ്ങൾക്കു പിന്നാലെയുള്ള ഒറ്റയാൻ ഓട്ടം സജീവമായി.
ആദ്യം കിട്ടുന്ന ടിക്കറ്റുകളായിരുന്നു ലക്ഷ്യമെങ്കിൽ പിന്നെ എല്ലാ ടീമുകളുടെയും കളി കാണുകയെന്ന തീരുമാനമായി. അങ്ങനെയാണ് ലോകകപ്പിനുള്ള 32 ടീമുകളുടെയും മാച്ച് ടിക്കറ്റുകൾ സ്വന്തമാക്കാനായി ശ്രമം തുടങ്ങിയത്. പക്ഷേ, കോസ്റ്ററീക ഗ്രൂപ് റൗണ്ടിൽ പുറത്തായപ്പോൾ അതുമാത്രം നഷ്ടമായി. 31ാമത് ടീമായി ബാക്കിയുണ്ടായിരുന്നത് ക്രൊയേഷ്യയായിരുന്നു. അർജൻറീനക്കെതിരായ സെമി ഫൈനലിന് രാവും പകലും റീ സെയിൽ പ്ലാറ്റ്ഫോമിൽ കുത്തിയിരുന്ന് തപ്പിയപ്പോൾ മത്സരത്തിന് കിക്കോഫ് വിസിൽ മുഴങ്ങാൻ നാല് മണിക്കൂർ ബാക്കിനിൽക്കെ ടിക്കറ്റ് ലഭിച്ചതായി നബീൽ പറഞ്ഞു.
ശനിയാഴ്ച നടക്കുന്ന ക്രൊയേഷ്യ-മൊറോക്കോ ലൂസേഴ്സ് ഫൈനൽ ഉൾപ്പെടെ 29 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളാണ് നബീൽ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ നാലും നെതർലൻഡ്സ്, അമേരിക്ക ടീമുകളുടെ മൂന്നും അർജൻറീന, ബ്രസീൽ, പോർചുഗൽ ഉൾപ്പെടെ രണ്ട് മത്സരങ്ങൾ വീതവും കണ്ടുതീർത്തു. അതേസമയം, ഉപയോഗിക്കാൻ കഴിയാത്ത ഏഴു മാച്ച് ടിക്കറ്റുകൾ സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്തു.
ഇതിനെല്ലാം കൂടി എത്ര കാശ് മുടക്കിയെന്ന് ചോദിച്ചാൽ ആറായിരത്തിന് മുകളിൽ റിയാൽ (ഏതാണ്ട് 1.35 ലക്ഷം രൂപ) ആയെന്നാണ് ഉത്തരം. ജീവിതത്തിലൊരിക്കലും ഇത്രയും കുറഞ്ഞ തുകയിൽ ലോകകപ്പ് കാണാൻ കഴിയില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന നബീൽ ശനിയാഴ്ചയിലെ ലൂസേഴ്സ് ഫൈനലിലൂടെ തന്റെ ലോകകപ്പ് യാത്ര പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.