ജിബ്രീൽ സിസെ ഖത്തർ ലോകകപ്പിനെത്തുമെന്നു കേൾക്കുമ്പോൾ കളിക്കാനോ കളി പറഞ്ഞുകൊടുക്കാനോ എന്ന ചിന്തയാകും ആദ്യം മനസ്സിൽ വരുന്നത്. എന്നാൽ, അതിനൊന്നുമല്ല മുൻ ഫ്രാൻസ് സ്ട്രൈക്കർ എത്തുന്നത്. പന്തില്ലെങ്കിലും കാണികളെ സിസെ ഇളക്കിമറിക്കുമെന്നുറപ്പ്.
കാരണം, ആംബർ ലോഞ്ചിൽ ഡിസംബർ ഏഴിന് ഈ 41കാരനെത്തുന്നത് ഡി.ജെ പാട്ടുകാരനായാണ്. ലോകകപ്പിന്റെ ഭാഗമായി ലെ റോയൽ മെറിഡിയൻ ഹോട്ടലിൽ നവംബർ 27 മുതൽ ഡിസംബർ 18 വരെ ഒരു മാസത്തോളം നീളുന്ന ആഘോഷങ്ങളുടെ ഭാഗമാകാനാണ് സിസെ എത്തുന്നത്.
ഖത്തർ ക്ലബായ അൽ ഗറാഫ ക്ലബിന്റെ താരമായി 2013ൽ സിസെ ദോഹയിലുണ്ടായിരുന്നു. പരിചിതമായ മണ്ണിൽ കലാകാരനായി എത്തുന്നതിൽ ആവേശമുണ്ടെന്ന് സിസെ പറയുന്നു. 'ലോകകപ്പിനായി ഖത്തർ ഒരുക്കിയ സൗകര്യങ്ങൾ ഗംഭീരമാണ്. അൽ ഗരാഫക്ക് കളിക്കുന്ന കാലത്തുതന്നെ ഇവിടത്തെ സൗകര്യങ്ങൾ എന്നെ അതിശയിപ്പിച്ചിരുന്നു.
ഇപ്പോൾ ടൂർണമെന്റിനായി അവിശ്വസനീയമായ രീതിയിലുള്ള സൗകര്യങ്ങളാണ് ഖത്തർ ഒരുക്കിയിട്ടുള്ളത്. കായിക മേഖലയിൽ ഏറെ വികസനം ആഗ്രഹിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യുന്ന ഖത്തറിന്റെ പ്രവർത്തനങ്ങളുടെ തുടർച്ച മാത്രമാണിത്' -സിസെ അഭിപ്രായപ്പെടുന്നു.
ആംബർ ലോഞ്ചിൽ സിസെക്കൊപ്പം ബേസ്മെന്റ് ജാസ്, ഡി.ജെ ജാസി ജെഫ്, ലിൽ ജോൺ, ദ സ്റ്റിക്മാൻ പ്രൊജക്ട്, ഫാറ്റ്മാൻ സ്കൂപ്, ലെ ട്വിൻസ് തുടങ്ങിയവരും പരിപാടികൾ അവതരിപ്പിക്കും. ഫോർമുല വൺ ആഫ്റ്റർ പാർട്ടിയുടെ പേരിലും ഏറെ അറിയപ്പെട്ടതാണ് ആംബർ ലോഞ്ച്. ലോകകപ്പിനിടെ അവിടെ പരിപാടി അവതരിപ്പിക്കുന്നതിന്റെ ആവേശത്തിലാണ് ലോകമറിഞ്ഞ ഫുട്ബാൾ താരം.
കളിക്കാനെത്തിയ മണ്ണിൽ ഡി.ജെയായി വീണ്ടുമെത്തുന്നതിൽ സന്തോഷമുണ്ട്. വിവിധ തലങ്ങളിലുള്ള ആരാധകരുമായി ബന്ധം പുതുക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നത്. ഹൗസ്, ഡിസ്കോ, ആഫ്രോബീറ്റ് തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിലാണ് സിസെയുടെ പരീക്ഷണങ്ങൾ.
കളിയിൽ നിരന്തരം പരിക്കേൽക്കുന്ന കാലത്താണ് മറ്റു ഹോബികളിലും ശ്രദ്ധയൂന്നണമെന്ന മോഹമുദിച്ചത്. ചെറുപ്പത്തിലേ സംഗീതം കൂടെയുണ്ടായിരുന്നതിനാൽ അതിൽ മനസ്സുറപ്പിച്ചു. 'ഒരു ദിവസം കളി നിർത്തേണ്ടിവരും. അതിന് കരിയറിന്റെ അവസാന നാളുകളിലേ ഞാൻ മാനസികമായി ഒരുങ്ങിയിരുന്നു.
ഫുട്ബാൾ സ്റ്റേഡിയത്തിൽനിന്ന് ഫെസ്റ്റിവലിലേക്കും പാർട്ടികളിലേക്കും മാറാൻ ഞാൻ ഒരുങ്ങിക്കഴിഞ്ഞു' -ഡി.ജെ ആയി പുതിയ റോളിൽ തുടക്കമിടുന്നതിന് മുന്നോടിയായി സിസെ പറഞ്ഞതിങ്ങനെ. ഈ ലോകകപ്പിൽ ഫ്രാൻസ് കപ്പു നേടണമെന്നാണ് സിസെയുടെ ആഗ്രഹം. 'മികച്ച ടീമാണവർ. എല്ലാ കളിക്കാരും നല്ല ഒരുക്കവുമായാണ് എത്തിയിട്ടുള്ളത്. അവർക്കാണെന്റെ പിന്തുണ. കപ്പുമായി അവർ വീണ്ടും പാരിസിലെത്തുമെന്നാണെന്റെ പ്രതീക്ഷ.'
കളിക്കളത്തിലെ 'ആർട്ടിസ്റ്റാ'യി കഴിഞ്ഞ വർഷം വരെ സിസെ കളത്തിലുണ്ടായിരുന്നു. അതിനുശേഷമാണ് യഥാർഥ ആർട്ടിസ്റ്റായി മാറിയത്. ഷികാഗോയിലെ ഗ്രീസ്-അമേരിക്കൻ ടീമായ പനതിനായിക്കോസ് ഷികാഗോയിൽനിന്നാണ് കളിയോട് വിടപറഞ്ഞത്.
ലിവർപൂൾ, മാഴ്സെ, സണ്ടർലൻഡ്, ലാസിയോ, ക്വീൻസ് പാർക് തുടങ്ങിയ ടീമുകൾക്കുവേണ്ടി കരിയറിൽ 452 പ്രഫഷനൽ മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഈ ആറടിക്കാരൻ 205 ഗോളുകൾ നേടിയിട്ടുണ്ട്. ഇതിനുപുറമെ ഫ്രാൻസ് ദേശീയ ടീമിനുവേണ്ടി 41 മത്സരങ്ങൾ, ഒമ്പതു ഗോളുകൾ. കളിക്കുന്ന കാലത്ത് മുൻനിരയിൽ അപകടകാരിയായിരുന്ന സ്ട്രൈക്കറായിരുന്നു സിസെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.