ദോഹ: കുടിയേറിയ മണ്ണിന്റെ ജഴ്സിയണിഞ്ഞ് പിറന്ന നാടിനെതിരെ പോരിനിറങ്ങി ഗോളടിച്ചു ജയിപ്പിച്ച് സ്വിസ് താരം ബ്രീൽ എംബോളോ. ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ് ജി പോരിൽ കാമറൂണിനെതിരെയാണ് സ്വിറ്റ്സർലൻഡ് ഒറ്റഗോളിൽ ജയിച്ചുകയറിയത്.
കടുത്ത പോരാട്ടങ്ങൾ കാത്തിരിക്കുന്ന ഗ്രൂപ്പിൽ ജയം അനിവാര്യമായിരുന്നു ഇരു ടീമുകൾക്കും. പ്രതിരോധം കോട്ടകെട്ടി കാത്തും ഒത്തുകിട്ടുമ്പോൾ അതിവേഗം മുന്നേറിയും കളിക്കുന്നതായിരുന്നു ഇരു ടീമുകളും സ്വീകരിച്ച തന്ത്രം. അതുകൊണ്ടുതന്നെ, ആദ്യപകുതിയിൽ ഇരുവശത്തും ഗോൾവല വാതിൽ തുറക്കാതെ നിന്നു. 90കളിൽ ലോക ഫുട്ബാളിനെ ഞെട്ടിച്ച റോജർ മില്ലയെന്ന ഇതിഹാസം കൈയടിച്ച് ഗാലറിയിലിരുന്നിട്ടും കറുത്ത വൻകരക്കാരുടെ മുന്നേറ്റങ്ങൾ പാതിവഴിയിൽ വീണു.
ഇടവേള കഴിഞ്ഞ ഉടനെയാണ് എംബോളോ ഗോൾ എത്തുന്നത്. എറിക് ചൂപോ മോട്ടിങ്ങും മാർട്ടിൻ ഹൊംഗലയും നയിച്ച കാമറൂൺ ആക്രമണങ്ങൾ പരാജയപ്പെട്ട മൈതാനത്തായിരുന്നു പിറന്ന നാടിനെതിരെ സ്വിസ് താരത്തിന്റെ ഗോൾ. ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാകയും ഷെർദാൻ ഷാകിരിയും ചേർന്നു നടത്തിയ മുന്നേറ്റത്തിനൊടുവിലായിരുന്നു പെനാൽറ്റി ബോക്സിൽ കാത്തിരുന്ന എംബോളോ കാൽവെച്ച് പന്ത് വലയിലെത്തിച്ചത്. 56ാം മിനിറ്റിൽ മോട്ടിങ് ഒറ്റയാൾ ദൗത്യവുമായി സ്വിസ് മതിൽ ഭേദിച്ചെങ്കിലും അവസാന നിമിഷം പാളി. അതിനിടെ, റൂബൻ വർഗാസ് 68ാം മിനിറ്റിൽ സ്വിസ് ലീഡുയർത്തിയെന്നു തോന്നിച്ചെങ്കിലും വലക്കണ്ണികളിലെത്തിയില്ല.
ടീമിനെ വിജയത്തോളം നയിച്ച ഗോൾ നേടിയിട്ടും ആഘോഷിക്കാനാവാതെ സ്വിസ് താരം എംബോളോ. 48ാം മിനിറ്റിൽ ഗോൾ പിറന്നയുടൻ കൈകളുയർത്തി ആഹ്ലാദമറിയിച്ച താരം പക്ഷേ, ആ സമയത്തത്രയും കണ്ണടച്ചുപിടിച്ചു. ഗോൾ നേടിയത് പിറന്ന നാടിനെതിരെയായതാണ് താരത്തെ ത്രിശങ്കുവിൽ നിർത്തിയത്.
ആറാം വയസ്സിൽ കാമറൂൺ വിട്ട് കുടുംബത്തിനൊപ്പം സ്വിറ്റ്സർലൻഡിലേക്കു കുടിയേറിയതാണ് എംബോളോ. 2014 മുതൽ സ്വിസ് പൗരനാണ്. ബേസൽ ക്ലബിനായി കളിച്ചുതുടങ്ങിയ താരം അതിവേഗം ദേശീയ ടീമിന്റെ ഭാഗമായി.
സൗഹൃദം കളി തുടങ്ങുംവരെയാണെന്നും മൈതാനത്തിറങ്ങുന്നതോടെ അവർ എതിരാളികളാണെന്നുമുള്ള കോച്ചിന്റെ ഉപദേശം നെഞ്ചേറ്റിയായിരുന്നു താരം ഇറങ്ങിയത്. തുടക്കം മുതൽ സ്വിസ് ആക്രമണത്തിന്റെ ചുക്കാൻപിടിച്ചു എംബോളോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.