സ്വന്തം തന്ത്രങ്ങൾ തിരിച്ചടിച്ചു; ഫ്രഞ്ച് മാസ്റ്റർ ​പ്ലാനിൽ വീണ് ആഫ്രിക്കൻ പടയോട്ടം

തളരാത്ത പ്രതിരോധവും അതിവേഗം അടയാളപ്പെട്ട പ്രത്യാക്രമണവും കൊണ്ട് വമ്പന്മാർ പലരെയും വീഴ്ത്തി ലോകപോരിൽ അവസാന നാലിലെത്തിയ മൊറോക്കോ നിലവിലെ ചാമ്പ്യന്മാർക്കു മുന്നിൽ വീണിരിക്കുന്നു. ആദ്യ അഞ്ചുമിനിറ്റിൽ തന്നെ ഗോൾ വഴങ്ങുകയും ആർത്തിരമ്പിയ നീലപ്പടയോട്ടത്തിൽ പിന്നീടൊന്നും ശരിയാകാതെ വരികയും ചെയ്താണ് മടക്കം.

തന്ത്രങ്ങളിൽ എ​ന്നും അതിമാനുഷരാണ് ഫ്രാൻസ് എന്ന് മൊറോക്കോ പരിശീലകൻ റഗ്റാഗൂയി നേരത്തെ മനസ്സിലാക്കിയതാണ്. ഏതു ടീമിനെതിരെയും പുതുതന്ത്രങ്ങളുടെ രാജകുമാരന്മാരായി മൈതാനം വാഴുന്നോർ. ഓരോ ടീമിനെതിരെയും കളി മാറ്റിമാറ്റിപ്പിടിക്കുന്നവർ. അതുതന്നെയായിരുന്നു മൊറോക്കോക്കെതിരെയും കണ്ടത്. പൊസഷൻ ഗെയിം മൊറോക്കോക്കെതിരെ വെറുതെയാണെന്ന് തിരിച്ചറിഞ്ഞ ദെഷാംപ്സിന്റെ പട അതുമാറ്റിവെച്ച് അഞ്ചാം മിനിറ്റിൽ തന്നെ എതിർവല ചലിപ്പിച്ച് കളി തുടങ്ങി. ശക്തമായി തിരിച്ചടിച്ച ആഫ്രിക്കക്കാർ ഒന്നിലേറെ തവണ ഫ്രഞ്ച് ഗോളി ലോറിസിനെ പരീക്ഷിച്ചു. ഒരിക്കൽ അൽയാമിഖിന്റെ മനോഹരമായ ബൈസിക്കിൾ കിക്ക് പോസ്റ്റിൽ തട്ടി മടങ്ങുമ്പോൾ അൽബൈത് സ്റ്റേഡിയം വിശ്വസിക്കാനാവാതെ നെടുവീർപിട്ടു. മറ്റൊരിക്കൽ 25 വാര അകലെനിന്നു അസ്സുദ്ദീൻ ഉനാഹിയുടെ ഷോട്ട് പോസ്റ്റിന്റെ മൂലയിൽ പതിച്ചെന്നു തോന്നിച്ചു. തിരിച്ചെത്തിയ പന്തുമായി കുതിച്ച ഒലിവർ ജിറൂദിന്റെ ബുള്ളറ്റ് ഷോട്ട് മൊറോക്കോ ഗോളിയെ കീഴടക്കിയെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി.

കളത്തിൽ അതിമാനുഷ പദവിയുള്ളവരായിട്ടും ഫ്രാൻസിനെതിരെ തോറ്റുപോയ കളിയായിരുന്നില്ല മൊറോക്കോയുടെത്. പന്ത് കാലിലെത്തോമ്പോഴൊക്കെ എതിർ പാളയത്തിൽ അവർ അപകടം വിതച്ചു. ഇടവേളക്കു ശേഷം ആക്രമണത്തിന് മൂർച്ചകൂട്ടി ഫ്രഞ്ചുകാരെ കൂടുതൽ സമ്മർദത്തിലാക്കി. ക്രൊയേഷ്യക്കെതിരെ അർജന്റീന ജയിച്ചവന്റെ കളിയാണ് കെട്ടഴിച്ചതെങ്കിൽ ഇവിടെ ഒപ്പംനിന്നായിരുന്നു ഇരു ടീമുകളുടെയും പോരാട്ടം. എന്നല്ല, ഈ ടൂർണമെന്റിൽ തന്നെ ആദ്യമായി പൊസഷൻ കൂടുതൽ മൊറോക്കോക്കൊപ്പം നിന്നു- 62 ശതമാനം. ഷോട്ടുകളിലും അവർതന്നെയായിരുന്നു മുന്നിൽ. ഗോൾഷോട്ടുകളിൽ ഒപ്പംപിടിച്ചു. പാസുകളുടെ എണ്ണം പരിഗണിച്ചാൽ 575 എണ്ണം നൽകി അതിലും മൊറോക്കോ ഒന്നാമതായി. പാസിന്റെ കൃത്യതയിൽ പോലും ഫ്രഞ്ചുകാരെ അവർ പിറകിലാക്കി. ഇതിലൊക്കെ ഒന്നാം നമ്പറായപ്പോൾ സ്വാഭാവികമായും സ്കോർ ഷീറ്റിൽ പിന്നാക്കം പോയി. മൊറേോക്കോക്കെതിരെ മുമ്പ് മറ്റു ടീമുകൾക്ക് സംഭവിച്ച ദുരന്തങ്ങളുടെ തനിയാവർത്തനം. അന്ന് മറ്റു ടീമുകളായിരുന്നു ഈ കണക്കുകളിലെല്ലാം ആദ്യക്കാരായത്. സ്കോർ ബോർഡിൽ മാത്രം മൊറോക്കോ ജയിച്ചുകയറി. ഇത് കണ്ടറിഞ്ഞ ദെഷാംപ്സ് അതുതന്നെ ഫ്രഞ്ചുതാരങ്ങളെ പഠിപ്പിച്ചപ്പോൾ ജയം എളുപ്പമായി.

കഴിഞ്ഞ കളികളിൽ ബെൽജിയം, സ്​പെയിൻ, പോർച്ചുഗൽ ടീമുകൾ ആഫ്രിക്കൻ സംഘത്തിന്റെ കളത്തിലെ ധൈര്യത്തിനു മുന്നിൽ പതറുന്നതായിരുന്നു കാഴ്ചയെങ്കിൽ ഫ്രാൻസ് അതിന് തലവെച്ചുകൊടുത്തില്ലെന്ന വ്യത്യാസവും കണ്ടു. മാത്രവുമല്ല, ഏതുനിമിഷവും കെട്ടു​പൊട്ടിച്ച് ഗോൾ നേടാൻ മിടുക്കും പ്രഹരശേഷിയുമുള്ള കാലുകളുമായി ഫ്രഞ്ച് പട ഓടി നടന്നു. ഇടതുവിങ്ങിൽ എംബാപ്പെയും കൂടെ ഗ്രീസ്മാൻ, ജിറൂദ് എന്നിവരും ചേർന്നപ്പോൾ പ്രത്യാക്രമണം സജീവമായി. പേരുകേട്ട മൊറോക്കോ പ്രതിരോധത്തിൽ ഇടക്കിടെ വിള്ളൽ വീണുകൊണ്ടിരുന്നു.

അതിലൊന്നായിരുന്നു തുടക്കത്തി​ൽ പിറന്ന ഹെർണാണ്ടസിന്റെ ഗോൾ. പതിവുനീക്കങ്ങളിലൊന്നിൽ ഒരു പ്രതിരോധതാരം സ്കോർ ചെയ്യുകയെന്ന അപൂർവതക്കും ഈ ​ഗോൾ സാക്ഷിയായി. പകരക്കാരനായി ഇറങ്ങിയ കോലോ മുവാനിയുടെ വകയായിരുന്നു കളിയവസാനിക്കാൻ 11 മിനിറ്റ് ബാക്കിനിൽക്കെ രണ്ടാം ഗോൾ.

ഏകപക്ഷീയമായിരുന്നു ഗോളുകളെങ്കിലും കളിയഴകിലും അവസരങ്ങൾ ഒരുക്കുന്നതിലും മൊറോക്കോയും ഒപ്പം നിന്നു.

നാലു വർഷം മുമ്പ് റഷ്യയിൽ ബെൽജിയത്തിനേറ്റ തോൽവിയുടെ തനിയാവർത്തനമായി മൊറേോക്കോ ​വീഴ്ച. അതുവരെയും അമ്പരപ്പിക്കുന്ന മിടുക്കുമായി കളി പിടിച്ചവർ അവസാനം ചാമ്പ്യന്മാർക്കുമുന്നിൽ തലകുനിച്ചു മടങ്ങി.

മറുവശത്ത് ഫ്രാൻസാകട്ടെ, തുടർച്ചയായി പിന്നെയും കലാശപ്പോരിലേക്ക് ടിക്കറ്റുറപ്പിച്ചിരിക്കുന്നു. അതും കാര്യമായ നഷ്ടക്കണക്കുകളില്ലാതെ. നോക്കൗട്ട് പോരാട്ടങ്ങളിൽ എതിരാളികൾക്ക് അവസരം നൽകാതെയും.

ഇനി ലയണൽ മെസ്സിയുടെ അർജന്റീനയും കിലിയൻ എംബാപ്പെയുടെ ഫ്രാൻസും തമ്മിൽ കലാശ​പ്പോര്. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താൻ മൊറോക്കോ ക്രൊയേഷ്യക്കെതിരെയും കളിക്കും. 

Tags:    
News Summary - Tactical masterplan, and grit, take France into World Cup final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.