ദോഹ: ലോകകപ്പ് പോലൊരു ഫുട്ബാൾ മേളക്ക് കളമുണരുമ്പോൾ താരങ്ങൾക്കിത് വെറുമൊരു കളിക്കാലം മാത്രമല്ല. കളിമികവിനൊപ്പം തലമുടി ആകർഷകമാക്കിയും ദേഹത്ത് പച്ചകുത്തിയുമാണ് അവർ ആരാധക മനസ്സിലേക്ക് ഫ്രീ കിക്ക് അഴകുപോലെ പറന്നു കയറുന്നത്. ഓരോ പച്ചകുത്തലിനു പിന്നിൽ പലകഥകളുമുണ്ടെന്നതാണ് രസകരം. പ്രിയപ്പെട്ടവർക്കുള്ള ആദരവ് മുതൽ, ഇഷ്ട നായകരോടുള്ള ആരാധന വരെ താരങ്ങൾ ടാറ്റൂവാക്കി ദേഹത്ത് പതിക്കുന്നുണ്ട്. ഇതിനുപുറമെ തങ്ങളുടെ വിശ്വാസവും പ്രതീക്ഷകളുമെല്ലാം ടാറ്റൂവായി ശരീരത്തെ അലങ്കരിക്കുന്നു.
മെസ്സിയുടെ ലവ് സ്റ്റോറി
എട്ടോളം ടാറ്റൂവാണ് അർജന്റീന നായകൻ ലയണൽ മെസ്സിയുടെ ശരീരം അലങ്കരിക്കുന്നത്. ഓരോന്നിനു പിന്നിലുമുണ്ട് കഥകൾ.
തന്റെ വിശ്വാസം അടയാളപ്പെടുത്തുന്ന യേശുവിന്റെ ചിത്രമാണ് താരത്തിന്റെ വലതുകൈയുടെ തോളിലുളത്. പനിനീർ പൂവും താമരയും ടാറ്റൂവായി വലതു കൈയിലുണ്ട്. ദേഹത്തെ ചുംബന ചിത്രത്തിലൂടെ ഭാര്യ
ആന്റനെല റോക്കുസോയുമായുള്ള പ്രണയവും താരം പ്രതീകമാക്കുന്നു. ഇടതു കാലിൽ മകൻ തിയാഗോയുടെ കൈയും 10ാം നമ്പറും ഫുട്ബാളുമായി അടിമുടി ടാറ്റൂവിലാണ് മെസ്സി കളത്തിലെത്തുന്നത്.
സഹോദരിക്ക് സമർപ്പിച്ച നെയ്മർ
ടാറ്റൂവിൽ മുങ്ങിക്കുളിച്ചവനാണ് നെയ്മർ എന്നു പറയാം. കൈയിലും കാലിലും ദേഹത്തും കഴുത്തിലുമായി 40ഓളം ടാറ്റൂ. അതിൽ ആറും സഹോദരി റഫേല സാന്റോസിനെയാണ് ബ്രസീലിന്റെ സൂപ്പർ താരം പകർത്തിവെച്ചത്. കുഞ്ഞു നാൾ മുതൽ ലോകമറിയുന്ന ഫുട്ബാൾ താരമായി വളരുന്നതുവരെ പിന്തുണയുമായി ജീവിതത്തിൽ ഒപ്പം നിന്ന സഹോദരിയോടുള്ള സ്നേഹം കളത്തിൽ പ്രകടിപ്പിക്കുകയായിരുന്നു താരം. ദേശീയ ടീമിനൊപ്പമുള്ള ടൂർണമെന്റും ക്ലബ് സീസണും കഴിഞ്ഞ് സമ്മർദങ്ങൾക്കു നടുവിൽനിന്ന് ആശ്വാസം തേടാൻ സഹോദരിക്കും കുടുംബത്തിനുമരികിൽ ഓടിയെത്തുന്ന നെയ്മർ ആരാധകർക്കും പരിചിതനാണ്.
കെയ്ൽ വാകറുടെ ടാറ്റൂ
2018 റഷ്യ ലോകകപ്പിലായിരുന്നു ഇംഗ്ലണ്ട് താരം കെയ്ൽ വാകറുടെ ടാറ്റൂ ശ്രദ്ധ നേടിയത്. ഏറെ കിരീടപ്രതീക്ഷയോടെ ഇംഗ്ലണ്ടുകാർ റഷ്യയിലെത്തിയപ്പോൾ ടീമിലെ 23 അംഗങ്ങളുടെയും പേരുകൾ ദേഹത്ത് എഴുതിയായിരുന്നു വാകർ ശ്രദ്ധ നേടിയത്.
ഇംഗ്ലണ്ടിന്റെ പ്രതിരോധത്തിലെ വന്മതിലായ വാകർ ഇക്കുറി ടാറ്റൂവിൽനിന്ന് ടീമിനെ ഒഴിവാക്കിയെങ്കിലും കുത്തിയ പച്ചയുടെ വലുപ്പത്തിൽ കുറവില്ല.
ഒളിമ്പിക് മെഡലുമായി റിച്ചാർലിസൺ
ലോകകപ്പിൽ ബ്രസീലിനായി ഗോളടിച്ചുകൂട്ടുന്ന റിച്ചാർലിസൺ ദേശീയ ടീമിനായി നേടിയ ഏറ്റവും മികച്ച നേട്ടത്തെയാണ് കുറിച്ചിടുന്നത്. കഴിഞ്ഞ ഒളിമ്പിക്സിൽ സ്വർണം നേടിയതിന്റെ ഓർമയായി 10ാം നമ്പറും പേരും ഒളിമ്പിക്സ് സ്വർണവും ഇടതുകാൽ തുടയിൽ പച്ചകുത്തിയിരിക്കുന്നു. ഒളിമ്പിക്സിലെ ടോപ് സ്കോററുമായിരുന്നു റിച്ചി. ഇതിനു പുറമെ ദേഹത്തും കൈകളിലുമെല്ലാമുണ്ട് ടാറ്റൂ.
ടാറ്റൂവിനോട് 'നോ' പറഞ്ഞ ക്രിസ്റ്റ്യാനോ
താരങ്ങളെല്ലാം പച്ചകുത്തി രസിക്കുമ്പോൾ ടാറ്റൂവിനോട് നോ പറഞ്ഞു മാറിനിൽക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രീതി ആരാധകർക്കിടയിൽ പ്രശസ്തമാണ്. രക്തദാനം നിർവഹിക്കുന്നതിനാൽ ടാറ്റൂ കുത്താറില്ലെന്ന് താരം മുമ്പൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി രക്തദാനത്തിന് പ്രചാരണം നൽകുന്ന താരം കൂടിയാണ് ക്രിസ്റ്റ്യാനോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.