നന്ദി ലിയോ...

ദോഹ: കളിയെ പുൽകിയ മനസ്സകങ്ങളുടെ അനന്തവിഹായസ്സിലായിരുന്നു നീ. സ്വപ്നങ്ങളുടെ നീലവാനിൽ. സംവത്സരങ്ങൾ നീണ്ട പോരിന്റെ കനൽപഥങ്ങളെ അനവദ്യസുന്ദരമായ മൃദുസ്പർശങ്ങൾകൊണ്ട് വകഞ്ഞുമാറ്റിയവർ നിന്നെപ്പോലെ മറ്റാരുണ്ട്? കളിയുടെ കാൽപനിക ഭാവങ്ങളത്രയും പാദങ്ങളിലാവാഹിച്ച് നീ നടത്തിയ പടയോട്ടങ്ങളോളം സുന്ദരമായ മുഹൂർത്തങ്ങൾ കളിയുടെ കണക്കുപുസ്തകങ്ങളിൽ മറ്റെന്തുണ്ട്? ലിയോ... നിന്റെ കൗമാരത്തിനും യൗവനത്തിനുമൊപ്പം വളർന്ന തലമുറകളുണ്ടിവിടെ.

അവർ അവരുടെ ജീവിതകാലത്തെ വേർതിരിച്ചെടുക്കുന്നതുതന്നെ നിന്റെ കരിയറിനെ അടയാളപ്പെടുത്തിയായിരുന്നു. മീശ മുളക്കാത്ത പ്രായത്തിൽ, തോളറ്റം മുടി നീട്ടിവളർത്തിയ നീ, ഗോളുകളടിച്ച് തിമിർക്കുമ്പോൾ ഇരുകൈകളാൽ വാരിപ്പുണരുന്ന റൊണാൾഡീന്യോയുടെ സന്തോഷം മനസ്സിന്റെ ചില്ലലമാരയിൽ നിറംമങ്ങാതെ കാത്തുവെക്കുന്നവരുണ്ട്. ഗെറ്റാഫെക്കെതിരെ ചരിത്രക്കുതിപ്പ് നടത്തി ഒടുവിൽ ഗോളിയെയും വെട്ടിച്ച് അക്യൂട്ട് ആംഗിളിൽനിന്ന് പന്തിനെ അതിബുദ്ധിയാൽ അവസാന വര കടത്തിയപ്പോൾ അന്ന് കടമെടുത്തത് മറഡോണയെത്തന്നെയായിരുന്നു. ചില്ലറക്കാരനല്ലെന്ന് ലോകം സാക്ഷ്യപ്പെടുത്തിയ അതിശയ മുഹൂർത്തം.

പിന്നീട് കളിയുടെ പുൽമേട്ടിൽ കാഴ്ചവെച്ചതൊക്കെ അതിരറ്റ വിസ്മയങ്ങളുടെ അഴകുറ്റ പദവിന്യാസങ്ങളായിരുന്നു. അന്തിമനേട്ടങ്ങളിലേക്കുള്ള അവസാന കടമ്പയിൽ പലകുറി വീണുപോയിട്ടും തളരാതെ പോരാടിയ കഥകൾ, കാലം വരുംതലമുറകൾക്കുമുന്നിൽ പ്രചോദനങ്ങളുടെ വീറുറ്റ പാഠങ്ങളായി അവതരിപ്പിക്കും. ഒരുപാടുകാലം കളിച്ചുതെളിഞ്ഞതിനൊടുവിൽ, മുതിർന്നവന്റെ പാകതയിൽനിന്നുകൊണ്ട്, വിസ്മയചരിതങ്ങൾ തീർത്ത ആ ബൂട്ടഴിച്ച് വിശ്വപോരാട്ടങ്ങളോട് വിടപറയുമ്പോൾ നീ തന്ന സുകൃതങ്ങളുടെ പേരിൽ കളിയുടെ ചരിത്രത്താളുകളും കോടാനുകോടി മനസ്സുകളും നിന്നോട് കടപ്പെട്ടിരിക്കുന്നു.

ബാഴ്സലോണയും അർജന്റീനയുമായിരുന്നു നീ തീർത്ത വിസ്മയങ്ങളുടെ പറുദീസ. ഏറ്റവുമൊടുവിൽ പാരിസ് സെന്റ് ജെർമെയ്നും. എല്ലായിടത്തും നീ അതിശയച്ചെപ്പു തുറന്നു. ബാഴ്സയിലെ കുഞ്ഞുകുട്ടിയിൽനിന്ന് കളിവൈഭവത്തിന്റെ ഹോർമോണുകൾ രക്തത്തിലലിയിച്ചു ചേർത്താണ് നീ ലോകത്തോളം വളർന്നത്. അതിശയമായിരുന്നു നിന്റെ വളർച്ച. അത് ജീവിതമായാലും കളിയായാലും.

വിശ്വമേളയുടെ അഭിമാനവേദിയിൽ അരങ്ങുതകർത്താടിത്തന്നെയാണ് നീ തിരിച്ചുകയറുന്നതും. കളിച്ച അഞ്ചു ലോകകപ്പുകളിലും സ്പോട്ട് ലൈറ്റുകൾ നിന്റെ നേർക്കായിരുന്നു. പ്രായം പിടിമുറുക്കുമ്പോൾ, വെല്ലുവിളികളെ വെട്ടിയൊഴിഞ്ഞ് കയറാൻ കഴിയില്ലെന്ന മുൻവിധികളെയാണ് ഖത്തറിൽ നീ ചേതോഹരമായി ഡ്രിബ്ൾ ചെയ്തു കയറിയത്. ഈ വിസ്മയകഥകൾ വരാനിരിക്കുന്ന കാലങ്ങളിൽ കളിയുടെ കാഴ്ചപ്പാടുകളെത്തന്നെ തിരുത്തിയെഴുതും.

ലിയോ, ഇനിയുമൊരാൾ നിന്നെപ്പോലെ കടന്നുവരണമെന്നു തന്നെയാണ് ഞങ്ങൾ മോഹിക്കുന്നത്; അതിനുള്ള സാധ്യത അതിവിദൂരമാണെങ്കിൽ പോലും. കരിയറിന്റെ സായാഹ്നത്തിലും ഖത്തറിൽ അസാധ്യമെന്നു തോന്നിച്ചതിന്റെ അവസാന നാഴികയിൽനിന്ന് നീ തൊടുത്തുവിട്ട വിസ്മയങ്ങൾ അതുപോലെ പകർന്നാടാൻ കഴിയുന്നൊരാൾ കേവല ചിന്തകൾക്കപ്പുറത്താണ്. വന്യമായ കരുത്തും വേഗവും അരങ്ങുവാഴുന്നിടത്ത് നീയൊരു തൂവൽസ്പർശമായിരുന്നു. പന്തിനെ കേവലമൊരു തഴുകലിൽ, ആശിച്ച വഴികളിലൂടെ നടത്തിച്ച മജീഷ്യൻ.

നാട്ടിൽ വറുതിയുടെ കരങ്ങൾ തീക്ഷ്ണമായി പിടിമുറുക്കുമ്പോഴും അവ പൊട്ടിച്ച് ബ്വേനസ് ഏയ്നസിൽനിന്നും റൊസാരിയോയിൽനിന്നും കൊർദോബയിൽനിന്നും ലാ പ്ലാറ്റയിൽനിന്നുമൊക്കെ ആയിരങ്ങൾ ഖത്തറിലേക്ക് പറന്നിറങ്ങിയത് അവർക്ക് നിന്നിൽ വിശ്വാസമുള്ളതുകൊണ്ടായിരുന്നു. ആദ്യകടമ്പയിൽ വീണുപോകുമായിരുന്നിട്ടും അവരുടെ അടങ്ങാത്ത പിന്തുണയിൽ നീ കൂട്ടുകാർക്കൊപ്പം ചേർന്ന് നടത്തിയ കുതിപ്പുകൾ അവർക്ക് അഭിമാനവും ആഹ്ലാദവും പകർന്നുനൽകി.

കളിയുടെ ചരിത്രത്തിൽ സ്വന്തത്തോട് ഇത്രമേലൊട്ടിയ കാണികൾ ഖത്തറിൽ നിന്നെ അത്രകണ്ട് സ്നേഹിച്ചവരായിരുന്നു. ഒരു കളി പെയ്തുതീരുമ്പാഴും അവർക്കുമേൽ സന്തോഷമായി പെയ്യാൻ നീ ഓടിയെത്തിയതായിരുന്നു ഈ മണ്ണിലെ അനിർവചനീയ കാഴ്ചകളിലൊന്ന്... ലിയോ, കളിയുള്ളിടത്തോളം കാലം ഈ ഇഷ്ടവും നിന്റെ അത്ഭുതകഥകളും അനശ്വരമായി നിലനിൽക്കുമെന്നിരിക്കെ, നീ ജേതാവ് തന്നെയാണ്... ലോകത്തിനു മുമ്പാകെ ഫുട്ബാൾ അഭിമാനപുരസ്സരം അവതരിപ്പിച്ച അതിമാനുഷരിൽ ഏറ്റവും വിജയശ്രീലാളിതരായവരിലെ മുൻനിരക്കാരിൽ ഒരാൾ...

Tags:    
News Summary - Thanks Leo...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.