കനക കിരീടത്തിനായുള്ള പോരാട്ടം കനക്കുമ്പോൾ കളത്തിനു പുറത്ത് കളി നിയന്ത്രിക്കുന്ന കോച്ചുമാരാണ് താരങ്ങൾ. ടീമിന് തന്ത്രങ്ങളൊരുക്കിയും എതിർ ടീമിന്റെ തന്ത്രങ്ങൾക്ക് മറുമന്ത്രമോതിയും കളിക്കാരെ നിയന്ത്രിച്ചും അടക്കിഭരിച്ചും തലോടിയും ശാസിച്ചും ഡ്രസ്സിങ് റൂമിലും ഡഗ് ഔട്ടിലും അതികായരായി നിലകൊള്ളുന്ന പരിശീലകരാണ് കളി മെനയുന്നത്. നാലു ടീമുകളുടെയും പരിശീലകരിലൂടെ ഒന്ന് കണ്ണോടിക്കാം...
•അർജന്റീന
വയസ്സ്: 44
ദേശീയ ടീം കോച്ച്: 2018 മുതൽ
ഖത്തർ ലോകകപ്പിനെത്തിയ പരിശീലകരിലെ ബേബിയാണ് സ്കലോണി. എന്നാൽ, തന്ത്രങ്ങളുടെ കാര്യത്തിൽ ബേബിയല്ല ലയണൽ. 2016ൽ മാത്രം കോച്ചിങ് രംഗത്തെത്തിയ സെവിയ്യയിൽ ജോർജെ സാംപോളിയുടെ കോച്ചിങ് സ്റ്റാഫിൽ അംഗമായാണ് സ്കലോണി പണി പഠിക്കുന്നത്. 2018 ലോകകപ്പിൽ അർജന്റീന പുറത്തായപ്പോൾ അതേ സാംപോളിക്ക് പകരക്കാരനായി പാബ്ലോ അയ്മർക്കൊപ്പം ദേശീയ ടീമിന്റെ താൽക്കാലിക ചുമതല.
പിന്നാലെ സ്വന്തന്ത്ര ചുമതലയിൽ ടീമിന്റെ സ്ഥിരം കോച്ച്. കോപ അമേരിക്കയിൽ മൂന്നാം സ്ഥാനവുമായി തുടങ്ങി 2021 കോപയിൽ ബ്രസീലിനെ തോൽപിച്ച് സ്കലോണിയുടെ ടീം കപ്പുമടിച്ചു. പിന്നാലെ ഫൈനലിസിമയിൽ ഇറ്റലിയെ തോൽപിച്ചും കിരീടധാരണം.അർജന്റീനയെ 60 മത്സരങ്ങളിൽ പരിശീലിപ്പിച്ച സ്കലോണിക്ക് 41 വിജയങ്ങളുണ്ട് (68 ശതമാനം).
മെസ്സിയെ മാത്രം ചുറ്റിപ്പറ്റി നിന്ന അർജന്റീന ടീമിനെ സൂപ്പർ താരത്തിന്റെ പ്രാധാന്യം കുറക്കാതെതന്നെ മറ്റുള്ളവരെകൂടി മികച്ച രീതിയിൽ ഉപയോഗിക്കുന്ന കളിസംഘമാക്കി മാറ്റി എന്നതാണ് സ്കലോണിയുടെ വിജയം. മെസ്സിയടക്കമുള്ള കളിക്കാരുമായുള്ള മികച്ച വ്യക്തിബന്ധവും ആശയവിനിമയവും സ്കലോണിയുടെ വിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്.
•മൊറോക്കോ
വയസ്സ്: 47
ദേശീയ ടീം കോച്ച്: ഈ വർഷം
ഈ വർഷം ആഗസറ്റ് 31ന് വാഹിദ് ഹാലിഹോഡ്സിചിന്റെ പകരക്കാരനായി ദേശീയ ടീം കോച്ചായി നിയമിക്കപ്പെടുമ്പോൾ അത്ര മികച്ച പേരൊന്നുമായിരുന്നില്ല വലീദ് റെഗ്റഗൂയിക്ക്. ഏറക്കാലം മൊറോക്കോയിലെ ഫസ് റബാത് ക്ലബിന്റെ പരിശീലകനായിരുന്ന റെഗ്റഗൂയി പിന്നീട് ഖത്തറിലെ അൽ ദുഹൈൽ ക്ലബിനെയും നാട്ടിലെ വൈദാദ് എ.സിയെയും പരിശീലിപ്പിച്ചശേഷമാണ് ദേശീയ ടീമിൽ ചുമതലയേൽക്കുന്നത്.
റെഗ്റഗൂയിക്ക് കീഴിൽ മൊറോക്കോ ഇതുവരെ തോറ്റിട്ടില്ല. എട്ടു കളികളിൽ അഞ്ചു വിജയവും മൂന്നു സമനിലയും. വിജയശതമാനം 62. കരുത്തൻ ടീമുകൾക്കെതിരെ അപാരമായ പോരാട്ടവീര്യത്തോടെ മത്സരിക്കാനും അവരെ മലർത്തിയടിക്കാനുമുള്ള കഴിവോടെ ടീമിനെ സജ്ജമാക്കാൻ സാധിക്കുന്നതാണ് റെഗ്റഗൂയിയുടെ വിജയം.
ബെൽജിയം, സ്പെയിൻ, പോർചുഗൽ... മൂന്നു യൂറോപ്യൻ വമ്പന്മാരെയാണ് റെഗ്റഗൂയിയുടെ തന്ത്രങ്ങളിലേറി മൊറോക്കോ മലർത്തിയടിച്ചത്. കളിക്കാരുടെ മാതാക്കൾക്ക് ടീമിനൊപ്പം സഞ്ചരിക്കാനും താമസിക്കാനും അനുമതി നൽകിയ റെഗ്റഗൂയിയുടെ തന്ത്രവും വിജയകരമായി.
സ്ലാറ്റ്കോ ഡാലിച്
•ക്രൊയേഷ്യ
വയസ്സ്: 56
ദേശീയ ടീം കോച്ച്: 2017 മുതൽ
ക്രൊയേഷ്യയുടെ ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച കോച്ച് എന്നാണ് ഡാലിചിന്റെ വിശേഷണം. കാരണം, ലോകകപ്പിൽ ടീമിന്റെ ഏറ്റവും മികച്ച നേട്ടമായ 2018 ലോകകപ്പ് ഫൈനൽ പ്രവേശനം ഡാലിചിന്റെ കീഴിലായിരുന്നു. ഇപ്പോഴിതാ അദ്ദേഹംതന്നെ പരിശീലിപ്പിക്കുന്ന ടീം വീണ്ടും സെമിയിലുമെത്തിയിരിക്കുന്നു.ദേശീയ ടീമിനെ 68 മത്സരങ്ങളിൽ പരിശീലിപ്പിച്ച ഡാലിചിന് 33 എണ്ണത്തിലാണ് (48 ശതമാനം) വിജയത്തിലെത്തിക്കാനായത്.
2017ൽ ആൻഴഡ കാസിചിന് പകരക്കാരനായാണ് ഡാലിച് ക്രൊയേഷ്യയുടെ പരിശീലക പദവി ഏറ്റെടുക്കുന്നത്. ടീമിനെ 2018 ലോകകപ്പിനെത്തിക്കുകയാണ് തന്റെ പ്രഥമ ദൗത്യമെന്നും അതിൽ പരാജിതനായാൽ സ്ഥാനമൊഴിയുമെന്നും വ്യക്തമാക്കിയ ഡാലിച് ലോകകപ്പിനെത്തുക മാത്രമല്ല, ടീമിന് രണ്ടാം സ്ഥാനം നേടിക്കൊടുക്കുകയും ചെയ്തു.
അതുകൊണ്ടുതന്നെ ഇപ്പോഴും സ്ഥാനത്ത് തുടരുകയും ചെയ്യുന്നു.ലൂക മോഡ്രിച് അടക്കമുള്ള ടീമിലെ സീനിയർ താരങ്ങളുമായുള്ള മികച്ച ബന്ധവും യുവതാരങ്ങളെ പ്രചോദിപ്പിക്കാനുള്ള കഴിവുമാണ് ഡാലിചിന്റെ പ്ലസ് പോയന്റ്. ഒപ്പം എതിരാളികൾക്കനുസരിച്ച് ടീമിന്റെ കളിതന്ത്രം മെനയാനുള്ള മികവും.
•ഫ്രാൻസ്
വയസ്സ്: 54
ദേശീയ ടീം കോച്ച്: 2012 മുതൽ
ലോകകപ്പിൽ ശേഷിക്കുന്ന കോച്ചുമാരിൽ ഏറെ പരിചയസമ്പന്നൻ. ഫ്രാൻസ് ദേശീയ ടീമിനൊപ്പം പതിറ്റാണ്ട് പിന്നിട്ടു. ഫ്രാൻസിന്റെ രണ്ടു ലോകകപ്പ് നേട്ടങ്ങളിൽ നായകനായും കോച്ചായും മുദ്ര പതിപ്പിച്ച മുൻ ഡിഫൻസിവ് മിഡ്ഫീൽഡറുടെ കൈയൊപ്പ് പതിഞ്ഞ ടീമാണ് ഇപ്പോഴത്തെ ഫ്രാൻസ് ടീം.
ഏതാണ്ടെല്ലാവരും ദെഷാംപ്സിന്റെ കൈപിടിച്ച് ദേശീയ ടീമിലെത്തിയവർ. ബ്രസീലിന്റെ മാരിയോ സഗാലോക്കും ജർമനിയുടെ ഫ്രൻസ് ബെക്കൻ ബോവർക്കും ശേഷം കളിക്കാരനായും കോച്ചായും ആ നേട്ടം കൈവരിച്ച മൂന്നാമനാണ് ദെഷാംപ്സ്. ബെക്കൻബോവർക്കുശേഷം ക്യാപ്റ്റനായും കോച്ചായും ലോകകപ്പ് നേടിയ രണ്ടാമനും.
ഫ്രാൻസിനെ പരിശീലിപ്പിച്ച 137 മത്സരങ്ങളിൽ 88 എണ്ണത്തിലും (64 ശതമാനം) വിജയിച്ചതിന്റെ ക്രെഡിറ്റുണ്ട് ദെഷാംപ്സിന്. 2018 ലോകകപ്പ് കിരീടത്തിനുപുറമെ 2016 യൂറോ കപ്പ് ഫൈനൽ, 2014 ലോകകപ്പ് ക്വാർട്ടർ ഫൈനൽ തുടങ്ങിയവയാണ് ദെഷാംപ്സിന്റെ മറ്റു നേട്ടങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.