റിയാദ്: അർജന്റീനക്കെതിരായ സൗദി അറേബ്യയുടെ തകർപ്പൻ വിജയത്തിൽ രാജ്യത്തിനകത്തും അറബ് ലോകമെമ്പാടും ആഹ്ലാദം തുടരുമ്പോൾ ദേശീയ ടീമായ 'ഗ്രീൻ ഫാൽക്കൺസ്' അടുത്ത പോരാട്ടത്തിന്റെ മുന്നൊരുക്കം പൂർത്തിയാക്കി. ലോകകപ്പ് ഗ്രൂപ്പ് സിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിനുള്ള തയാറെടുപ്പിനായി സൗദി ദേശീയ സ്ക്വാഡ് അംഗങ്ങൾ ബുധനാഴ്ച സീലൈൻ റിസോർട്ട് സ്റ്റേഡിയത്തിൽ കോച്ച് ഹെർവ് റെനാർഡിന്റെ മേൽനോട്ടത്തിൽ പരിശീലന സെഷൻ പുനരാരംഭിച്ചു.
ശനിയാഴ്ച പോളണ്ടിനെയാണ് സൗദി ടീം നേരിടുന്നത്. ചൊവ്വാഴ്ച ഗ്രൂപ്പിലെ അവസാന മത്സരത്തിൽ എതിരാളികൾ മെക്സിക്കോയാണ്. പരിശീലന സെഷനിലെ ടീം അംഗങ്ങളുടെ പ്രകടനത്തിൽ റെനാർഡ് സംതൃപ്തനാണ്. കഴിഞ്ഞ മത്സരത്തിൽ പേശികൾക്ക് പരിക്കേറ്റ മിഡ്ഫീൽഡർ റിയാദ് അൽഷറാഹിലി വൈദ്യ സംഘത്തിന്റെ സാന്നിധ്യത്തിൽ അവരുടെ നിർദേശപ്രകാരമാണ് പരിശീലനം നടത്തുന്നത്. എന്നാൽ, ടീം ക്യാപ്റ്റൻ സൽമാൻ അൽ-ഫറാജിന് കഴിഞ്ഞ മത്സരത്തിൽ മുട്ടിന് താഴെ എല്ലിന് പരിക്കേറ്റതായി മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചു. തുടർന്നുള്ള മത്സരങ്ങളിൽ അൽ-ഫറജ് കളിക്കില്ലെന്ന് കോച്ച് റെനാർഡ് ചൊവ്വാഴ്ച സൂചിപ്പിച്ചിരുന്നു.
അർജന്റീനയുടെ പരാജയത്തെ തുടർന്ന് പോളണ്ടും മെക്സിക്കോയും ജാഗ്രതയിലാണ്. വരാനിരിക്കുന്ന മത്സരങ്ങളുടെ കാഠിന്യത്തെക്കുറിച്ച് കഴിഞ്ഞ മത്സരത്തിന് ശേഷമുള്ള വാർത്ത സമ്മേളനത്തിൽ റെനാർഡ് സൂചിപ്പിച്ചിരുന്നു. വരാനിരിക്കുന്ന മത്സരങ്ങളുടെ ഗൗരവം നിലനിർത്താനെന്നോണം ആദ്യ വിജയത്തിലുള്ള ആഘോഷം 20 മിനിറ്റായി പരിമിതപ്പെടുത്താൻ തന്റെ കളിക്കാരോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ചരിത്ര വിജയത്തിലെ താരങ്ങളിൽ ഒരാളായ സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ-ഉവൈസ് പോളണ്ടിനും മെക്സിക്കോക്കുമെതിരെ വിജയം തുടരുമെന്ന പ്രതീക്ഷയിലാണ്. 'ഞങ്ങൾ തയാറായിക്കഴിഞ്ഞു. തുടർന്നും ഞങ്ങൾക്ക് മികച്ച ഫലങ്ങൾ ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു' -അൽ-ഉവൈസ് പറഞ്ഞു.
തിങ്ങിനിറഞ്ഞ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തന്റെ പോസ്റ്റിന് നേരെ വന്ന പന്തുകളെല്ലാം ഉവൈസ് പിടിച്ചെടുത്തിരുന്നു. അവസാന മിനിറ്റുകളിൽ കളി സമനിലയിലാക്കാൻ ലയണൽ മെസ്സിയും സംഘവും നടത്തിയ നിരവധി ശ്രമങ്ങൾ അദ്ദേഹം പരാജയപ്പെടുത്തി.
സൂപ്പർ താരം മെസ്സി ഒമ്പതാം മിനിറ്റിൽ നേടിയ ഗോളിൽ ആദ്യപകുതിയിൽ പിന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ സാലിഹ് അൽഷെഹ്‌രിക്കും സാലിം അൽ ദോസരിക്കും ഓരോ ഗോൾ നേടാനായതാണ് സൗദിക്ക് നേട്ടമായത്. മൂന്ന് വർഷമായി തോൽവിയറിയാതെ മുന്നേറിയ, ലോകകപ്പിൽ മുത്തമിടാൻ സാധ്യത കൽപിക്കപ്പെട്ടിരുന്ന അർജന്റീന എതിരാളിയെ തൂത്തുവരുമെന്ന് കരുതിയിരുന്നെങ്കിലും സൗദിക്ക് മുന്നിൽ വീഴുകയായിരുന്നു.
saudi team
പോളണ്ടുമായി ശനിയാഴ്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായി സൗദി ടീം പരിശീലനത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.