ഹിജാബ് പ്രക്ഷോഭങ്ങളിൽ പ​ങ്കെടുത്ത ഫുട്ബാൾ താരം വധശിക്ഷ ഭീഷണിയിലെന്ന്

ഇറാനില്‍ ഹിജാബ് പ്രക്ഷോഭങ്ങളിൽ പ​ങ്കെടുത്ത് അറസ്റ്റിലായ ഫുട്ബാൾ താരം വധശിക്ഷ ഭീഷണിയിലെന്ന് റിപ്പോർട്ട്. അമീർ നസ്ർ അസദാനി എന്ന 26കാരനാണ് ഭരണകൂട നടപടിക്കിരയാകുന്നത്. വാര്‍ത്ത ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് ഫുട്ബാള്‍ താരങ്ങളുടെ സംഘടനയായ ഫിഫ്പ്രോ ട്വീറ്റ് ചെയ്തു. ഞങ്ങള്‍ താരത്തോട് ഐക്യപ്പെടുകയും അദ്ദേഹത്തിന്‍റെ ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതായി ട്വീറ്റില്‍ പറയുന്നു.

2016 മുതൽ 2018 വരെ പേർഷ്യൻ ഗൾഫ് പ്രോ ലീഗിൽ കളിച്ച അമീർ 2017ലാണ് അവസാനമായി പ്രഫഷനൽ ഫുട്ബാൾ ലീഗിൽ കളത്തിലിറങ്ങിയത്. ഹിജാബ് പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ രണ്ടുപേരെ തൂക്കിലേറ്റിയതിന് പിന്നാലെയാണ് താരത്തിനെതിരെ കടുത്ത നടപടി വരുന്നെന്ന വാർത്ത പുറത്തുവന്നത്. എന്നാല്‍, ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. 'ദൈവത്തിനെതിരെ യുദ്ധം ചെയ്യുക' എന്ന കുറ്റം ചുമത്തിയാണ് അമീർ നസ്ർ അസദാനിയെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ ലോകകപ്പിൽ ഇറാൻ ടീം രംഗത്തുവന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കുമ്പോൾ ടീം അംഗങ്ങൾ നിശബ്ദരായി നിലയുറപ്പിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 16നാണ് കുര്‍ദിഷ് വനിത മഹ്സ അമിനി എന്ന 22കാരിയെ ശരിയായി ഹജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മത പൊലീസിന്റെ മർദനത്തിനിരയായത്. ഗുരുതര പരിക്കേറ്റ മഹ്സ വൈകാതെ മരിച്ചു. തുടര്‍ന്ന് ഇറാനിൽ വ്യാപക പ്രക്ഷോഭമാണ് അരങ്ങേറിയത്. 500ലധികം പേർ ഇതിനകം കൊല്ലപ്പെട്ടു.

Tags:    
News Summary - The football player who participated in the hijab protests is under threat of death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.