ദോഹ: അർജന്റീനക്ക് മൂന്നാം ലോകകപ്പിന്റെ സുവർണത്തിളക്കം സമ്മാനിച്ച സൂപ്പർതാരം ലയണൽ മെസ്സി സ്വന്തം പേരിലാക്കിയത് നിരവധി റെക്കോഡുകൾ. ഫുട്ബാൾ ചരിത്രത്തിലെ ഇതിഹാസ താരങ്ങളിലൊരാളായ മെസ്സി ലോകപോരാട്ട വേദിയിൽ അവസാന മത്സരം കളിച്ചുതീർത്ത രാത്രി കൂടിയായിരുന്നു ഇത്. മുമ്പ് നാലു ലോകകപ്പ് കളിച്ചിട്ടും എത്തിപ്പിടിക്കാനാവാതെ പോയ ആ കനക കിരീടം ഭാഗ്യനിർഭാഗ്യങ്ങൾക്കൊടുവിൽ കാവ്യനീതി പോലെ അയാളെ തേടിയെത്തി.
ടൂർണമെന്റിലുടനീളം അപാര ഫോമിലാണ് മെസ്സി പന്തു തട്ടിയത്. എതിരാളികൾ ഏത് പൂട്ടിട്ട് പൂട്ടിയിട്ടും തന്റെ മാന്ത്രിക വിദ്യകളിലൂടെ മെസ്സി അവ പൊട്ടിച്ചെടുത്തു. ഏഴ് ഗോളുമായി ലോകകപ്പിലെ ഗോൾ വേട്ടക്കാരിൽ രണ്ടാമനാണ് മെസ്സി. ഫ്രഞ്ച് സൂപ്പർ താരവും പി.എസ്.ജിയിലെ സഹതാരവുമായ എംബാപ്പെ ഹാട്രിക് അടിച്ചില്ലായിരുന്നെങ്കിൽ ഗോൾഡൻ ബൂട്ട് കൂടി മെസ്സിയെ തേടിയെത്തുമായിരുന്നു. നിരവധി റൊക്കോഡുകളാണ് താരം കലാശക്കളിയിലൂടെ സ്വന്തം പേരിലാക്കിയത്.
ഫൈനൽ കളിച്ചതോടെ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടം മെസ്സിയുടെ പേരിലായി. 25 മത്സരങ്ങൾ കളിച്ച ജർമനിയുടെ ലോതർ മത്തേയൂസിനെയാണ് മറികടന്നത്.
ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമയം കളിച്ച താരവും ഇനി മെസ്സിയാണ്. 2,217 മിനിറ്റുകൾ കളിച്ച ഇറ്റലിയുടെ പോളോ മാൾഡീനിയെയാണ് മറികടന്നത്. ഫൈനലിൽ 23 മിനിറ്റ് കൂടി കളിച്ചതോടെയാണ് മെസ്സി റെക്കോഡ് മറികടന്നത്.
ഫൈനലിൽ ഫ്രാൻസിനെതിരെ അർജന്‍റീന ജയിച്ചതോടെ ലോകകപ്പിൽ കൂടുതൽ മത്സരങ്ങൾ ജയിച്ച താരമെന്ന റെക്കോഡിനൊപ്പവും മെസ്സി എത്തി. 17 മത്സരങ്ങൾ ജയിച്ച ജർമനിയുടെ മിറാസ്ലാവ് ക്ലോസെക്കൊപ്പമാണ് ഇനി മെസ്സി.
ലോകകപ്പിലെ ആദ്യ റൗണ്ടിലും പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും സെമിഫൈനലിലും ഫൈനലിലും ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡും ഇനി മെസ്സിക്ക് സ്വന്തമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യക്കും മെക്സിക്കോക്കുമെതിരെ ഗോൾ നേടിയ താരത്തിന് പോളണ്ടിനെതിരെ സ്കോർ ചെയ്യാനായിരുന്നില്ല. എന്നാൽ, പ്രീ ക്വാർട്ടറിൽ ആസ്ട്രേലിയക്കെതിരെയും ക്വാർട്ടറിൽ നെതർലാൻഡ്സിനെതിരെയും സെമിയിൽ ക്രൊയേഷ്യക്കെതിരെയും ഓരോ ഗോൾ നേടിയ മെസ്സി ഫൈനലിൽ ഫ്രാൻസിനെതിരെ ഇരട്ട ഗോളും നേടിയാണ് പട്ടിക പൂർത്തിയാക്കിയത്.
ലോകകപ്പ് ചരിത്രത്തിൽ രണ്ട് തവണ ഗോൾഡൻ ബാൾ നേടിയ ആദ്യ താരമായി മെസ്സി. 2014ലെ ബ്രസീൽ ലോകപ്പിൽ കലാശക്കളിയിൽ ജർമനിയോട് തോറ്റെങ്കിലും മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ മെസ്സി സ്വന്തമാക്കിയിരുന്നു. ലോകകപ്പിൽ ആകെ ഏഴ് ഗോളുകളാണ് മെസ്സി ഈ ലോകപ്പിൽ അടിച്ചുകൂട്ടിയത്. ഒപ്പം മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
ലോകകപ്പ് ചരിത്രത്തിൽ മെസ്സിയുടെ പേരിൽ ഇതുവരെ ഒമ്പത് അസിസ്റ്റുകളാണുള്ളത്. പത്ത് അസിസ്റ്റുകളുമായി ഇതിഹാസം പെലെക്കൊപ്പം എത്താൻ അവസരമുണ്ടായെങ്കിലും ഫൈനലിൽ അസിസ്റ്റ് നൽകാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.