ഒരു മിനിറ്റുപോലും കളിക്കാതെ ലോകകിരീടം തൊട്ട താരങ്ങൾ ഇവരാണ്..

കാൽപന്തിലെ ലോക​കിരീടത്തിൽ അവസാന മുത്തം കൊതിച്ച് അർജന്റീനയും ഫ്രാൻസും കൊമ്പുകോർക്കാനൊരുങ്ങുമ്പോൾ ആദ്യ ഇലവനിൽ ആരൊക്കെയെന്ന ചോദ്യം സുപ്രധാനമാണ്. ഇന്ന് ലുസൈൽ മൈതാനത്ത് കിക്കോഫ് വിസിൽ മുഴങ്ങുമ്പോൾ ഏറ്റവും കരുത്തരെ തന്നെ ഓരോ ടീമും ഇറക്കുമെന്നുറപ്പ്. എന്നാൽ, സോക്കർ ലോകകപ്പ് ചരിത്രത്തിൽ ഒരിക്കൽ പോലും മൈതാനത്തെത്താതെ കിരീടം തൊട്ട താരങ്ങൾ നിരവധി പേരുണ്ടെന്നാണ് ചരിത്രം. രണ്ടു തവണ തുടർച്ചയായി ടീം കപ്പുയർത്തിയിട്ടും ഒരിക്കൽ പോലും ഇറങ്ങാൻ കഴിയാതെവന്നവർ തന്നെ മൂന്നു പേരുണ്ട്. രണ്ടു പേർ ഗോൾകീപർമാരാണെങ്കിൽ ഒരാൾ ബ്രസീലിന്റെ ഇതിഹാസ താരങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്ന ജോസ് മാസിയ എന്ന പെപെയാണ്. വിങ്ങിൽ അതിവേഗ നീക്കങ്ങളുമായി സെലികാവോ സംഘത്തിലുണ്ടായിരുന്ന പെപെ പക്ഷേ, 1958, 1962 വർഷങ്ങളിൽ കാനറികൾ ലോകചാമ്പ്യന്മാരായപ്പോൾ ഒരു തവണ പോലും കളിക്കാൻ ഇറങ്ങിയിരുന്നില്ല. അതേ ടീമിന്റെ ഗോൾകീപർ കാർലോസ് ​ജോസ് കാസ്റ്റിലോയും ഇതുതന്നെയായിരുന്നു ഗതി. പെലെയുടെ മാന്ത്രിക കാലുകളിലേറി തുടർച്ചയായ രണ്ടു തവണ ബ്രസീൽ ചാമ്പ്യന്മാരായപ്പോൾ പെപെയെ പോലെ കാസ്റ്റിലോയും പരീക്ഷിക്കപ്പെട്ടില്ല. ഇറ്റലി ലോകകിരീടം ചൂടിയ 1934, 1938 വർഷങ്ങളിൽ ടീമിന്റെ ഗോൾകീപർ സ്റ്റാന്ഡ്ബൈ ആയിരുന്ന ഗിഡോ മസെറ്റിയാണ് മൂന്നാമൻ.

ഫ്രാൻസ് വലക്കുമുന്നിൽ ഹ്യൂഗോ ലോറിസ് എന്ന അതികായൻ നിറഞ്ഞുനിൽക്കുമ്പോൾ അവസരം നിഷേധിക്കപ്പെട്ട് സൈഡ് ബെഞ്ചിലിരിക്കുന്ന അൽഫോൺസ് അറിയോള 2018ലും ടീമിന്റെ രണ്ടാം നമ്പർ ഗോളിയായി പുറത്തുണ്ടായിരുന്നു. ഒരു തവണ പോലും അന്ന് അവസരം ലഭിക്കാതെ പോയ താരം ഇത്തവണയും ഇതുവരെ ഇറങ്ങിയിട്ടില്ല. ഫ്രാൻസ് ലോക ജേതാക്കളായാൽ മറ്റു മൂന്നുപേർക്കൊപ്പം അറിയോളയും തുടർച്ചയായ രണ്ടു ലോകകപ്പ് കിരീടം ചൂടുന്ന ടീമിലെ അംഗം എന്ന ചരിത്രത്തിന്റെ ഭാഗമാകും.

ഒറ്റത്തവണ ടീമിനൊപ്പമുണ്ടായി കളിക്കാത്തവർ കൂടുതൽ സ്​പാനിഷ് താരങ്ങളാണ്. 2010ൽ ദക്ഷിണാഫ്രിക്ക ലോകകപ്പിൽ ടീം കിരീടം ചൂടുമ്പോൾ ആദ്യ ഇലവനിലുണ്ടായിരുന്ന പെപെ റെയ്ന, വിക്ടർ വാൽഡെസ്, റൗൾ അൽബിയോൾ എന്നിവരൊന്നും ഒരിക്കൽ പോലും ഇറങ്ങിയിരുന്നില്ല. 1994ൽ ബ്രസീൽ ജേതാക്കളാകുമ്പോൾ ഒരിക്കലും ഇറങ്ങാത്ത താരമായിരുന്ന റൊണാൾഡോ നസാരിയോ തൊട്ടടുത്ത ലോകകപ്പുകളിൽ ടീമിന്റെ അവിഭാജ്യ സാന്നിധ്യമായി മാറി.

ഇത്തവണ കശലാശപ്പോരിനിറങ്ങു​ന്ന അർജന്റീന, ഫ്രാൻസ് ടീമുകൾ 26 അംഗ സംഘത്തിൽ 24 പേരെ വീതം ഇറക്കിയവരാണ്. അർജന്റീനക്കായി ജെറോനിമോ റൂലിയും ഫ്രാൻസോ അർമാനിയുമാണ് ഇറങ്ങാത്തവരെങ്കിൽ ഫ്രാൻസ് നിരയിൽ അൽഫോൺസ് അറിയോളയും കരീം ബെൻസേമയുമാണ് പുറത്തുനിൽക്കുന്നത്.

കരീം ബെൻസേമ പരിക്കിന്റെ പിടിയിലാണെങ്കിലും കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയിരുന്നു. 

Tags:    
News Summary - The players who won a World Cup without playing a single minute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.