മെസ്സി മുഹബ്ബത്തുമായി മൂവർ സംഘം സൈക്കിളിലെത്തി

ദോഹ: ലയണൽ മെസ്സിയോടും അർജന്റീനയോടുമുള്ള അടങ്ങാത്ത മുഹബ്ബത്തുമായി ആ മൂന്നു പേരുമെത്തി. അങ്ങ് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നിന്ന് സൈക്കിൾ ചവിട്ടിയാണ് വിശ്വമേള നടക്കുന്ന ഖത്തറിന്റെ മണ്ണിൽ അവർ ആവേശമായി എത്തിച്ചേർന്നത്. അർജന്റീനക്കാരായ ലൂകാസ് ലെഡെസ്മ, ലിയാൻഡ്രോ ബ്ലാങ്കോ പിഗി, സിൽവിയോ ഗാട്ടി എന്നിവർ ആഫ്രിക്കയും മിഡിൽ ഈസ്റ്റും കടന്നെത്തിയത് നവംബർ 20ന് തുടങ്ങുന്ന ലോകകപ്പിൽ അർജന്റീനക്കു വേണ്ടി ആരവങ്ങൾ മുഴക്കാനാണ്.

സൗദി അറേബ്യയിൽ നിന്ന് ഖത്തറിലേക്കുള്ള കവാടമായ അബൂ സംറ അതിർത്തി ഞായറാഴ്ച രാത്രിയാണ് മൂവരും പിന്നിട്ടത്. തിങ്കളാഴ്ച വൈകീട്ട് കോർണിഷിലെ ലോകകപ്പ് കൗണ്ട്ഡൗൺ ക്ലോക്കിനരികെ സംഘടിപ്പിച്ച ചടങ്ങിൽ മലയാളികൾ ഉൾപ്പെട്ട അർജന്റീന ആരാധകസംഘം ഇവർക്ക് ആവേശകരമായ വരവേൽപ് നൽകി.

Full View

​മെയ് 15നാണ് മൂവരും സൈക്കിളിൽ യാത്ര തുടങ്ങിയത്. 10,500 കിലോമീറ്റർ ദൂരം പിന്നിട്ടാണ് ദോഹയിലെത്തിയത്. ലോകകപ്പിന് 13 ദിവസം മുമ്പ് ഖത്തറിൽ എത്തി​ച്ചേരാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഇവർ പറഞ്ഞു. 'ഇത് കടുത്ത വെല്ലുവിളികൾ നിറഞ്ഞ യാത്രയായിരുന്നു. എന്നിട്ടും, ലോകകപ്പിന് ഏറെ മുമ്പേ എത്താനായതിൽ അതിയായ സന്തോഷമുണ്ട്' -ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ ലെഡെസ്മ പറഞ്ഞു. 2018ലെ റയോ ഒളിമ്പിക്സിലും 2015ൽ ചിലിയിൽ നടന്ന കോപ അമേരിക്ക ടൂർണമെന്റിലും ലെഡെസ്മ സൈക്കിളിൽ അർജന്റീനക്കുവേണ്ടി ആർപ്പുവിളിക്കാനെത്തിയിരുന്നു.

'അർജന്റീന ലോകകപ്പ് ജയിക്കുമെന്നാണ് പ്രതീക്ഷ. ഖത്തറിലെ അർജന്റീന ആരാധകക്കൂട്ടത്തെ കാണണം. ഈ യാത്രയെക്കുറിച്ച് ലോകകപ്പിനു ശേഷം ഡോക്യുമെന്ററി തയാറാക്കണമെന്നാണ് പദ്ധതിയെന്നും എഴുത്തുകാരനും ട്രാവൽ ഏജന്റുമായ പിഗി പറഞ്ഞു.

Tags:    
News Summary - The trio Messi fans came to cycle from south africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.