േദാഹ: ബാംബലിയിലെ ഹൃദയങ്ങൾ അത്രമേൽ തേങ്ങുന്നുണ്ടാകണം. അലസമായൊഴുകുന്ന കസാമാൻസ് നദിയിലെ കുഞ്ഞോളങ്ങൾ അവനുവേണ്ടി പ്രാർഥിക്കുന്നുണ്ടാകുമെന്നുറപ്പ്. 'നാടിന്റെ അഭിമാനം' എന്ന് ആ ഗ്രാമത്തിൽ നിറഞ്ഞ പോസ്റ്ററുകളിൽ അവർ എഴുതിവെച്ചത് സാദിയോയെക്കുറിച്ചായിരുന്നു. ബാംബലിയിലെ സ്കൂളിൽ പഠിക്കുന്ന കുഞ്ഞുങ്ങളും ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന വയോധികരും പള്ളിയിൽ പ്രാർഥനക്കെത്തുന്നവരുമെല്ലാം സാദിയോ മാനെക്കുവേണ്ടി കേഴാതിരിക്കില്ല. കാരണം, അവയെല്ലാം ആ നാടിനു സമർപ്പിച്ചത് അവനായിരുന്നു. സാദിയോ അയച്ചുകൊടുത്ത 300 കുഞ്ഞു ലിവർപൂൾ കുപ്പായങ്ങളിട്ട് നാളെകളിൽ അവനെപ്പോലെയാകാൻ വെമ്പുന്ന കൊച്ചുതാരങ്ങളും അദ്ദേഹം അത്രയേറെ കൊതിക്കുന്ന ആ മുഹൂർത്തം പുലരാൻ നെഞ്ചുവിങ്ങി ആഗ്രഹിക്കുന്നുണ്ടാകും. സാദിയോ, പരിക്കിന്റെ വേദനകളിൽനിന്ന് നീ മടങ്ങിവന്ന് ഖത്തറിലേക്ക് പറന്നുയരുന്ന മുഹൂർത്തത്തിനായി ബാംബലിയും സെനഗാളും മാത്രമല്ല, ലോകം മുഴുക്കെയും മോഹിക്കുന്നുണ്ട്.
നാടു മുഴുവൻ അയാൾക്കായി പ്രാർഥിക്കുന്നു. സാധ്യതകളുടെ നേരിയ പഴുതുകളിലൂടെ, പരിക്കുമാറി കളിയുടെ പരമോന്നത പോരാട്ടവേദിയിൽ തങ്ങളുടെ ഹീറോ പന്തു തട്ടാനെത്തുമെന്ന് അവർ ഇപ്പോഴും സ്വപ്നം കാണുന്നു. 'സാദിയോ, നീ അനിതര സാധാരണമായ കരുത്തും ധീരതയുമുള്ളവനാണ്. എന്റെ എല്ലാ ഹൃദയത്തുടിപ്പുകളും നിനക്കൊപ്പമുണ്ട്' -സെനഗാൾ പ്രസിഡന്റ് മാക്കീ സാൾ ട്വീറ്റ് ചെയ്തു. ലോകകപ്പിന് 11 ദിവസം മാത്രം ബാക്കിയിരിക്കെ ബയേൺ മ്യൂണിക്കിനായി കളത്തിലിറങ്ങിയതിനിടയിൽ വലതു കാൽവണ്ണയെല്ലിനേറ്റ പരിക്ക് മാനെയുടെ ലോകകപ്പ് സാധ്യതകൾക്ക് തിരിച്ചടിയാകുമെന്ന റിപ്പോർട്ടുകളാണ് ഒരു രാജ്യത്തെ മുഴുവൻ ആശങ്കയിലും നിരാശയിലുമാഴ്ത്തിയിരിക്കുന്നത്. എന്നാൽ, 'മാനേക്ക് ഇപ്പോൾ ലോകകപ്പ് നഷ്ടമാകുമെന്ന് പറയാനാവില്ല. അടുത്ത ദിവസങ്ങളിൽ നടക്കുന്ന പരിശോധനകളിലേ പരിക്കിന്റെ വ്യാപ്തി ബോധ്യപ്പെടുകയുള്ളൂ' എന്ന ബയേൺ അധികൃതരുടെ വെളിപ്പെടുത്തലിൽ പ്രത്യാശയർപ്പിച്ചാണ് പ്രാർഥനകളൊക്കെയും.
ബാംബലിയിലെ ആ പള്ളിയിൽ മാനെയുടെ പിതാവിന്റെ വലിയൊരു ഛായാചിത്രമുണ്ട്. ഇമാമായിരുന്ന അദ്ദേഹം, സാദിയോക്ക് 11 വയസ്സു മാത്രമുള്ളപ്പോൾ മരണപ്പെട്ടു. പിന്നീട് മാതാവും അമ്മാവനും മുത്തശ്ശിയും ചേർന്നാണ് അവനെ വളർത്തിയത്. 45 പേരടങ്ങിയ കൂട്ടുകുടുംബത്തിന്റെ ഉറച്ച പിന്തുണയുണ്ടായിരുന്നു ആ നാളുകളിൽ. കളിച്ചു വലിയവനായപ്പോൾ അവരെയെല്ലാം ചേർത്തുപിടിച്ചു മാനെ. എല്ലാവരും ഇപ്പോൾ താമസിക്കുന്നത് അവൻ നിർമിച്ചുനൽകിയ ബംഗ്ലാവിൽ. ബാംബലിയിലും പുറത്തും എല്ലാവർക്കും പറയാനുള്ളത് അവൻ ചെയ്ത നന്മകളുടെ കഥകൾ മാത്രം. അവർക്ക് ജീവിതത്തിലെ കഷ്ടകാലങ്ങളുടെ പെനാൽറ്റി ബോക്സിൽനിന്ന് കെട്ടുപൊട്ടിച്ചു കയറാൻ, കളത്തിലേതുപോലെ സ്വതസ്സിദ്ധമായ രീതിയിൽ പ്രതിരോധം പിളർന്ന് അളന്നുകുറിച്ച പാസു നൽകിയൊരു വീരപുരുഷനാണ് സാദിയോ.
93 കളികളിൽ 34 ഗോളുകൾ നേടിയ താരത്തെക്കൂടാതെ സെനഗാൾ ഖത്തർ ലോകകപ്പിനെത്തിയാൽ...? ഒന്നും വിചാരിച്ചപോലെയാകില്ലെന്ന് കരുതുന്നവരാണേറെയും. നെതർലൻഡ്സ്, ഖത്തർ, എക്വഡോർ എന്നീ ടീമുകളും ഉൾപ്പെട്ട ഗ്രൂപ് 'എ'യിൽനിന്ന് പ്രീക്വാർട്ടറിലെത്താൻ സാധ്യതയേറെ. മാനെ കളിച്ചില്ലെങ്കിൽ മോഹങ്ങൾ വീണുടയുമെന്ന് സെനഗാൾ തിരിച്ചറിയുന്നുണ്ട്. കാരണം, അയാളെ ചുറ്റിപ്പറ്റിയാണ് അവർ സ്വപ്നങ്ങളെല്ലാം മെനഞ്ഞത്. അതുകൊണ്ട് ഈ പ്രതിസന്ധിയെ അതിജീവിച്ച് അയാളെത്തുമെന്ന് അവർ വിശ്വസിക്കുന്നു. 'സാദിയോ വരും. എനിക്കുറപ്പാണ്. അവനാണ് ഞങ്ങളുടെ പ്രതീക്ഷ. ടീമിന്റെ യഥാർഥ നായകനും. അത്രയേറെ ഞങ്ങളവനെ സ്നേഹിക്കുന്നു. ശാരീരികമായി കരുത്തനാണവൻ. അതുകൊണ്ടുതന്നെ പരിക്കിനെ അതിവേഗം വകഞ്ഞുമാറ്റി ഖത്തറിലെത്തും' -ഒരു ആരാധകൻ പ്രതീക്ഷ മറച്ചുവെക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.