ലോകം '4' കവലയിൽ

ഖത്തർ ലോകകപ്പ് 32 ടീമുകളിൽനിന്ന് നാലു കളിസംഘങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇനി ശേഷിക്കുന്ന മത്സരങ്ങളും നാലെണ്ണം മാത്രം. രണ്ടു സെമി ഫൈനലുകളും ലൂസേഴ്സ് ഫൈനലും ഒടുവിൽ ജേതാക്കളെ നിർണയിക്കുന്ന കലാശപ്പോരും. നാലു ടീമുകളും സെമിയിലേക്ക് മുന്നേറിയ വഴികളിലൂടെ ഒരു യാത്ര.

ഫ്രഞ്ച് ഫ്രൈസ്

എതിരാളികളെ ഫ്രൈ ചെയ്തെടുക്കുന്ന പ്രകടനവുമായാണ് ഫ്രാൻസിന്റെ മുന്നേറ്റം. 1958, 62 ലോകകപ്പുകൾ സ്വന്തമാക്കിയ ബ്രസീലിനുശേഷം കിരീടം നിലനിർത്തുന്ന ആദ്യ സംഘമാവാൻ വെമ്പുന്ന ദിദിയർ ദെഷാംപ്സിന്റെ ടീം അതിനൊത്ത പ്രകടനവുമായാണ് സെമിയിലെത്തിയിരിക്കുന്നത്.

ഗ്രൂപ് ഡിയിൽ ആസ്ട്രേലിയയെ 4-1ന് തകർത്ത് തുടങ്ങിയ ഫ്രാൻസ് ഡെന്മാർക്കിനെ 2-1ന് കീഴടക്കിയ ശേഷം രണ്ടാംനിര ടീമുമായി ഇറങ്ങി തുനീഷ്യയോട് 1-0ന് തോറ്റു. എന്നാൽ, പ്രീക്വാർട്ടറിൽ പോളണ്ടിനെ 3-1നും ക്വാർട്ടറിൽ ഇംഗ്ലണ്ടിനെ 2-1നും തോൽപിച്ച് ആധികാരികമായി തന്നെയാണ് അവസാന നാലിലേക്ക് മുന്നേറിയത്.സൂപ്പർ താരങ്ങളായ കരീം ബെൻസേമ, പോൾ പോഗ്ബ, എൻഗോളോ കാന്റെ തുടങ്ങിയവരെയെല്ലാം പരിക്കുമൂലം നഷ്ടമായിട്ടും അപാരമായ ബെഞ്ച് സട്രെങ്ത്തുമായി ബലഹീനതകളൊന്നും പ്രകടിപ്പിക്കാതെയാണ് ഫ്രഞ്ച് കുതിപ്പ് എന്നത് ശ്രദ്ധേയമാണ്.

മിന്നും താരം

അഞ്ചു ഗോളടിച്ച കിലിയൻ എംബാപ്പെയും നാലു ഗോളടിച്ച ഒളിവർ ജിറൂഡുമാണ് ഫ്രഞ്ചുകാരുടെ കാര്യമായ സ്കോറിങ് ഓപ്ഷൻസ്. എംബാപെയുടെ അതിവേഗതയും ഷോട്ടുകളുടെ കരുത്തും ജിറൂഡിന്റെ കൗശലവും ക്ലിനിക്കൽ ഫിനിഷിങ്ങും ബാലൻ ഡിഓർ ജേതാവ് ബെൻസേമയുടെ അഭാവത്തെ പോലും മായ്ച്ചുകളയുന്നതാണ്.

കി​ലി​യ​ൻ എം​ബാ​പ്പെ​യും ഒ​ളി​വ​ർ ജി​റൂ​ഡു​ം

ഒപ്പം എടുത്തുപറയേണ്ടതാണ് മിഡ്ഫീൽഡിൽ അന്റോയിൻ ഗ്രീസ്മാന്റെയും അഡ്രിയൻ റാബിയോയുടെയും ഓർലീൻ ഷൗമേനിയുടെയും പ്രകടനം. ലോകകപ്പിന് വരുമ്പോൾ ദേശീയ കുപ്പായത്തിൽ 14 മത്സരങ്ങളുടെ പരിചയം മാത്രമുള്ള ഷൗമേനി മധ്യനിരയുടെ ബേസ്മെന്റിൽ കാഴ്ചവെക്കുന്ന സ്ഥിരതയാർന്ന പ്രകടനം കാന്റെയുടെ കുറവ് പോലും അപ്രസക്തമാക്കുന്നു.

അർജന്റ് ആൽബിസെലസ്റ്റെ

അർജന്റീന ദേശീയ ടീമിന്റെ കളിയുടെ സകല മനോഹാരിതയും അനിശ്ചിതാവസ്ഥയും വെളിവാക്കുന്ന ടൂർണമെന്റായിരുന്നു ലോകകപ്പ് ഇതുവരെ. വമ്പൻ പ്രതീക്ഷയോടെയെത്തി സി ഗ്രൂപ്പിൽ ആദ്യകളിയിൽ സൗദി അറേബ്യയോട് 2-1ന് തോറ്റ് തുടങ്ങിയ ടീം പുറത്തായേക്കുമെന്ന ആധിയിലായിരുന്നു രണ്ടാം കളിക്കിറങ്ങിയത്.

എന്നാൽ, നിർണായക മത്സരങ്ങളിൽ മികച്ച കളിയുമായി മെക്സികോയെയും പോളണ്ടിനെയും 2-0 സ്കോറുകൾക്ക് തോൽപിച്ച് നോക്കൗട്ടിലേക്ക് മുന്നേറിയ അർജന്റീന പ്രീക്വാർട്ടറിൽ ആസ്ട്രേലിയക്കെതിരെയും ക്വാർട്ടറിൽ നെതർലൻഡ്സിനെതിരെയും 2-0ത്തിന് ലീഡെടുത്തശേഷം അവസാന ഘട്ടങ്ങളിൽ പതറി. ആസ്ട്രേലിയക്കെതിരെ 2-1 ജയവുമായി മുന്നേറിയ ടീം ഡച്ചുകാരോട് 2-2ന് സമനില വഴങ്ങിയശേഷം ഷൂട്ടൗട്ടിന്റെ നൂൽപാലം കടന്നാണ് സെമിയിലേക്ക് മുന്നേറിയത്.

മിന്നും താരം

നാലു ഗോളുമായി സൂപ്പർ താരം ലയണൽ മെസ്സി തന്നെയാണ് ടീമിന്റെ രക്ഷകനായി നിലനിൽക്കുന്നത്. അതോടൊപ്പം മുൻ ലോകകപ്പുകളിൽനിന്ന് വ്യത്യസ്തമായി ഒരു പിടി താരങ്ങൾ പ്രകടന നിലവാരമുയർത്തി ഒപ്പം നിൽക്കുന്നതാണ് ടീമിന് കരുത്താവുന്നത്.

ല​യ​ണ​ൽ മെ​സ്സിയും എ​മി​ലി​യാ​നോ മാ​ർ​ട്ടി​നെ​സും

ഗോൾവലക്കുകീഴിൽ എമിലിയാനോ മാർട്ടിനെസ്, പ്രതിരോധത്തിൽ നികോളസ് ഒട്ടമെൻഡി, മധ്യനിരയിൽ റോഡ്രിഗോ ഡിപോൾ എന്നിവർക്കൊപ്പം ആദ്യ കളിക്കുശേഷം ആദ്യ ഇലവനിലേക്ക് പ്രമോഷൻ കിട്ടിയ ജൂലിയൻ അൽവാരസും കാഴ്ചവെക്കുന്ന മികച്ച പ്രകടനം ആൽബിസെലസ്റ്റെയുടെ കുതിപ്പിന് മുതൽക്കൂട്ടായി.

ക്രോട്ട് കോട്ട

എടുത്തുപറയാൻ ഒന്നുമില്ലാത്ത ടീമാണ് ക്രൊയേഷ്യ. എന്നിട്ടുമവർ സെമിയിലെത്തി നിൽക്കുന്നു. കഴിഞ്ഞ ലോകകപ്പിലും അങ്ങനെയായിരുന്നു. എന്നിട്ടുമവർ ഫൈനൽ വരെയെത്തി. ഇത്തവണ അവർ അടിച്ചത് അഞ്ചു കളികളിൽ ആറു ഗോളുകൾ. വാങ്ങിയത് മൂന്നും. അഞ്ചു കളികളിൽ നിശ്ചിത സമയത്ത് ജയിച്ചത് ഒരു കളിയിൽ മാത്രം. എന്നാൽ, ഒരു മത്സരത്തിൽ പോലും അവർ തോറ്റതുമില്ല. ഗ്രൂപ് എഫിൽ കാനഡയെ 4-1ന് തകർത്ത ക്രൊയേഷ്യക്ക് പിന്നീടുള്ള കളികളിലെല്ലാം സമനിലയായിരുന്നു. മൊറോക്കോക്കും ബെൽജിയത്തിനെതിരെ 0-0, ജപ്പാനും ബ്രസീലിനുമെതിരെ 1-1. എന്നാൽ, പ്രീക്വാർട്ടറിലും ക്വാർട്ടറിലും ജപ്പാനെയും ബ്രസീലിനെയും ഷൂട്ടൗട്ടിൽ മറികടന്ന് മുന്നേറ്റം.

മിന്നും താരം

എതിരാളികൾക്കനുസരിച്ചുള്ള ടീം ഗെയിമിലൂടെയാണ് ക്രൊയേഷ്യ ഓരോ കളിയിലും മുന്നേറിയത്. മധ്യനിരയിൽ എവർ ഗ്രീൻ ലൂക മോഡ്രിചിന്റെയും നിർണായക ഘട്ടങ്ങളിൽ ഗോൾ നേടിയ മുൻനിരക്കാരുടെയും കുറ്റിയുറപ്പോടെ പ്രതിരോധം കാത്ത പ്രതിരോധനിരക്കാരുടെയും സംഭാവനകൾ അവഗണിക്കാനാവാത്തതാണെങ്കിലും ഗോൾവലക്കുമുന്നിൽ അസാമാന്യ മെയ്‍വഴക്കവുമായി നിന്ന ഗോൾകീപ്പർ ഡൊമിനിക് ലിവകോവിചായിരുന്നു ക്രൊയേഷ്യയുടെ മിന്നും താരം.

ലൂ​ക മോ​ഡ്രി​ചും ഡൊ​മി​നി​ക് ലി​വ​കോ​വി​ചും

ജപ്പാനെതിരെ ഷൂട്ടൗട്ടിൽ മൂന്നു കിക്കുകൾ തടുത്തിട്ട ലിവകോവിച് ബ്രസീലിനെതിരെ 120 മിനിറ്റിനിടെ എണ്ണം പറഞ്ഞ 10 സേവുകളാണ് നടത്തിയത്. പോരാത്തതിന് ഷൂട്ടൗട്ടിലെ രക്ഷപ്പെടുത്തലും.

മൊറോക്കോ വാണ്ട് മോർ

ഈ ലോകകപ്പിൽ ജയന്റ് കില്ലർമാർ ഏറെയുണ്ടെങ്കിലും അവരിലെ രാജാക്കന്മാർ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, മൊറോക്കോ. അഞ്ചു മത്സരങ്ങളിൽ മൂന്ന് വമ്പന്മാരെയാണ് അവർ അരിഞ്ഞുവീഴ്ത്തിയത്. ആ മൂന്നു ടീമുകൾക്ക് അത് പുറത്തേക്കുള്ള വഴി കാണിക്കുകയും ചെയ്തു.

എഫ് ഗ്രൂപ്പിൽ ബെൽജിയം (2-0), പ്രീക്വാർട്ടറിൽ സ്പെയിൻ (0-0, പെനാൽറ്റിയിൽ 3-0), ക്വാർട്ടറിൽ പോർചുഗൽ (1-0). ഗ്രൂപ് റൗണ്ടിൽ ക്രൊയേഷ്യയുമായി സമനിലയിൽ (0-0) തുടങ്ങിയ മൊറോക്കോ കാനഡയെ 2-1ന് തോൽപിക്കുകയും ചെയ്തു. അഞ്ചു ഗോളടിച്ച അവർ വഴങ്ങിയത് സ്വന്തം വലയിൽ പന്ത് കയറ്റാൻ എതിരാളികളെ അനുവദിച്ചതേയില്ല. ഒരു തവണ മാത്രമാണ് മൊറോക്കോ വലയിൽ പന്തുകയറിയത്. അത് സെൽഫ് ഗോളിന്റെ രൂപത്തിലും.

മിന്നും താരം

ഗോൾവലക്കുമുന്നിൽ ചിരിക്കുന്ന മുഖവുമായി സേവിനുപിന്നാലെ സേവുകൾ നടത്തുന്ന യാസീൻ ബൗനു, മധ്യനിരയിൽ കളി മെനയുന്ന ഹകീം സിയേഷ്, പിൻനിരയിൽ കളിച്ച ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തുമെത്തുന്ന അഷ്റഫ് ഹക്കീമി, നിർണായ ഗോൾ നേടിയ യൂസുഫ് അന്നസീരി തുടങ്ങിയവരെല്ലാമുണ്ടെങ്കിലും മൊറോക്കോ മുന്നേറ്റങ്ങളുടെ എൻജിൻ മറ്റൊരാളായിരുന്നു,മധ്യനിരയിലെ എൻഫോഴ്സർ സൂഫിയൻ അംറബാത്ത്.

സൂ​ഫി​യ​ൻ അം​റ​ബാ​ത്ത്

സവിശേഷമായ പ്രതിരോധ, പ്രത്യാക്രമണ ഫുട്ബാൾ കളിക്കുന്ന ടീമിന്റെ തന്ത്രങ്ങളിൽ കോച്ച് വാലിദ് റിഗ്രഗൂയി അമറബാത്തിന് നൽകുന്ന ചുമതല ഭാരിച്ചതാണ്. ഒരസേമയം, എതിർ ആക്രമണങ്ങളുടെ മുനയൊടിക്കുകയും സ്വന്തം ടീമിന്റെ മുന്നേറ്റങ്ങൾക്ക് തുടക്കമിടുകയും ചെയ്യുകയെന്ന ഈ ഇരട്ടദൗത്യം അർബാത്ത് ഇതുവരെ നിർവഹിച്ചത് സ്തുത്യർഹമായാണ്. പാസുകൾ കോർത്തിണക്കി മുന്നേറുന്ന സ്പെയിനിനെതിരെയും അതിവേഗ ആക്രമണം നടത്തുന്ന പോർചുഗലിനെതിരെയും അവസാന മിനിറ്റുവരെ നിലക്കാത്ത ഊർജപ്രവാഹമായിരുന്നു അംറബാത്ത്.

Tags:    
News Summary - The world at '4' junction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.