ദോഹ: ഖത്തർ ലോകകപ്പിലെ ഓരോ മത്സരത്തിെൻറയും കിക്കോഫിനു മുമ്പ് ഭിന്നശേഷിക്കാർക്കായി നീക്കിവെച്ച ആക്സസബിൾ സീറ്റുകളിൽനിന്ന് രണ്ട് ഭിന്നശേഷിക്കാരായ ആരാധകരെ പ്രീ മാച്ച് ചടങ്ങുകളുടെ ഭാഗമാകാൻ ക്ഷണിക്കുന്ന ദൃശ്യങ്ങൾ ടൂർണമെൻറിെൻറ ഉദ്ഘാടന ദിവസം മുതൽ ഫൈനൽ വരെ ലോകമൊന്നടങ്കം വീക്ഷിച്ചിരുന്നു.
ഈ ആരാധകർക്ക് ഇഷ്ടതാരങ്ങളോട് തോളോടു ചേർന്നുനിൽക്കാനും അവരെ ആലിംഗനം ചെയ്തും ഹസ്തദാനം നടത്തിയും ഫോട്ടോ പകർത്താനുമുള്ള സുവർണാവസരം കൂടിയായിരുന്നു ഇത്. കാണുന്നവർക്ക് അതൊരു ചെറിയ കാര്യമായിരിക്കാമെങ്കിലും അനുഭവിക്കാൻ ഭാഗ്യം സിദ്ധിച്ചവർക്ക് ജീവിതത്തിലൊരിക്കൽ ലഭിക്കുന്ന അപൂർവവും അവിശ്വസനീയവുമായ ഭാഗ്യനിമിഷമായിരുന്നു.
ഫ്രാൻസിനെതിരായ ഫൈനൽ മത്സരത്തിന് തൊട്ടു മുന്നോടിയായി നടന്ന വാംഅപ്പിനിടയിൽ മലയാളിയായ ആസിം വെളിമണ്ണക്കും ആ ഭാഗ്യം ലഭിച്ചിരുന്നു. ഘാനയും ഉറുഗ്വായിയും തമ്മിലുള്ള ഗ്രൂപ് എച്ചിലെ നിർണായക മത്സരത്തിൽ പ്രീ മാച്ച് ചടങ്ങുകളിൽ പങ്കെടുത്തത് കണ്ണൂർ സ്വദേശിയായ ജിബ്റാൻ ആയിരുന്നു.
സുസ്ഥിരമായ ലോകകപ്പ് എന്ന ലക്ഷ്യവുമായി മുന്നേറിയ ഖത്തർ ലോകകപ്പിൽ ഭിന്നശേഷിക്കാർക്ക് മാത്രം ലഭിച്ച ഈ സുവർണാവസരം ഉപയോഗപ്പെടുത്തിയത് നിരവധി ആരാധകരാണ്. ഓരോ സ്റ്റേഡിയത്തിലും ഭിന്നശേഷിക്കാർക്ക് സൗകര്യമൊരുക്കുന്നതിനും സേവനം ഉറപ്പാക്കുന്നതിനുമായി പ്രത്യേകം പരിശീലനം നേടിയ വളന്റിയർമാരും പ്രത്യേക സ്റ്റേഷനുകളും സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഫ്രാൻസിനെതിരായ ക്വാർട്ടർ ഫൈനലിന് മുന്നോടിയായി അൽബെയ്ത് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനൊപ്പം അണിനിരക്കാൻ10 വയസ്സുകാരൻ എയ്ഡൻ ബെല്ലിനായിരുന്നു നറുക്കുവീണത്. തന്റെ മകനെ ത്രീ ലയൺസ് ക്യാപ്റ്റൻ ഹാരി കെയ്നിനടുത്തായി ലോകകപ്പ് മത്സരവേദിയിൽ കാണുന്നത് അത്ഭുതകരമായ നിമിഷമായിരുന്നുവെന്നാണ് പിതാവ് ജോർജിെൻറ പ്രതികരണം.
‘ആ നിമിഷം എനിക്ക് എത്രമാത്രം അഭിമാനകരമായെന്ന് വാക്കുകളിൽ വിശദീകരിക്കാനാവില്ല. ഒരു ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ദേശീയഗാനം ചൊല്ലുന്നതോടൊപ്പം മകൻ എയ്ഡനെ അവിടെ കാണുകയെന്നത് അവിശ്വസനീയമായിരുന്നു’- 2017 മുതൽ ഖത്തറിൽ താമസക്കാരനായ ജോർജ് കൂട്ടിച്ചേർത്തു.
ഈ ലോകകപ്പിലെ പ്രവേശനം തികച്ചും അത്ഭുതകരമായിരുന്നു. നിങ്ങൾ എത്തിച്ചേരുന്ന നിമിഷം മുതൽ എല്ലാം മികച്ചതാണ്. പാർക്കിങ്സുരക്ഷ, വളന്റിയർമാർ... എല്ലാവരും ഭിന്നശേഷിക്കാർക്കായി സമർപ്പണ മനസ്സോടെ ഓടിനടക്കുകയാണ്. അവർക്കാവശ്യമായ എല്ലാം അടയാളപ്പെടുത്തിയിട്ടുണ്ട്. സൗകര്യങ്ങളെല്ലാം വളരെ മികച്ചതാണ് -കുവൈത്തിൽ നിന്നുള്ള അഹ്മദ് അൽ ബഹാർ ടൂർണമെൻറിെൻറ ആക്സസബിലിറ്റി സവിശേഷതകളെ വാനോളം പ്രശംസിച്ചു.
‘ഇതെെൻറ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമാണ്. അതൊരു സ്വപ്നമായിരുന്നു. പിച്ചിലെത്തിയപ്പോൾ, ഞാൻ എവിടെയെന്ന് എനിക്കുപോലും വിശ്വസിക്കാനായില്ല. മറ്റെവിടെയോ സ്വപ്നലോകത്താണെന്ന് കരുതും. അത്ഭുതകരമായിരുന്നു ഓരോ നിമിഷവും. സ്റ്റേഡിയത്തിൽ എത്തിയപ്പോൾ മുതൽ എല്ലാവരും സഹായിച്ചു. പ്രവേശനം മുതൽ അതിശയകരമായിരുന്നു.ധാരാളം വിശ്രമമുറികളുമുണ്ട്. ഭിന്നശേഷിക്കാരെ സംബന്ധിച്ച് വലിയ കാര്യമാണത്. ഇരിപ്പിടങ്ങളെല്ലാം അവരുടെ സൗകര്യത്തിനുവേണ്ടി മാത്രം തയാറാക്കിയിരുന്നവയായിരുന്നു. അമ്പരപ്പിക്കുന്ന സൗകര്യങ്ങളായിരുന്നു അവയെല്ലാം’ -അഹ്മദ് വിശദീകരിച്ചു.
-ഭിന്നശേഷി സൗഹൃദം; അതുമൊരു ചരിത്രം
ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദമായ ടൂർണമെൻറിനെയാണ് സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഫിഫയും ചേർന്ന് ഖത്തറിൽ അവതരിപ്പിച്ചത്. ലോകകപ്പിെൻറ വിജയത്തിൽ ഇതും ഒരു നിർണായക ഘടകമായിരുന്നു. ടൂർണമെൻറിലുടനീളം ഭിന്നശേഷിക്കാർക്കായി മികച്ച പ്രവേശന സൗകര്യങ്ങളായിരുന്നു ഒരുക്കിയിരുന്നത്.
ഭിന്നശേഷിക്കാരായ ആരാധകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി സെൻസറി റൂമുകൾ ഉൾപ്പെടെ അഞ്ചുതരം ആക്സസിബിൾ ടിക്കറ്റുകളായിരുന്നു അവർക്കുവേണ്ടി മാത്രം മാറ്റിവെച്ചത്. അന്ധരും ഭാഗികമായി കാഴ്ചയുള്ളവരുമായ ആരാധകർക്കായി അറബി, ഇംഗ്ലീഷ് ഭാഷകളിലായി ഓഡിയോ കമൻററി, ലാസ്റ്റ് മൈലിലും സ്റ്റേഡിയത്തിനകത്തും മൊബിലിറ്റി സ്റ്റേഷനുൾപ്പെടെയുള്ള സഹായ സേവനങ്ങൾ, വീൽചെയർ, ഗോൾഫ് കാർട്ട് സൗകര്യങ്ങൾ എന്നിവയെല്ലാം സംഘാടകർ ഒരുക്കിയിരുന്നു.
തുടക്കം മുതൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്നും ഞങ്ങളുടെ പദ്ധതികളെല്ലാം വിജയകരമായി നടപ്പാക്കുന്നത് കാണുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും സുപ്രീം കമ്മിറ്റി കമ്യൂണിറ്റി എൻഗേജ്മെൻറ് ആൻഡ് കമേഴ്സ്യൽ ഡെവലപ്മെൻറ് എക്സിക്യൂട്ടിവ് ഡയറക്ടർ ഖാലിദ് അൽ നഅ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.