ദോഹ ലുസൈലിലെ ഇൻഡോർ അരീനയിൽ ബുധനാഴ്ച ലോകകപ്പ് ആരാധകരിൽ ചിലർ ഒത്തുകൂടി. ഖത്തർ, സൗദി അറേബ്യ, തുനീഷ്യ, മൊറോക്കോ, ഖത്തർ തുടങ്ങിയ അറബ് രാജ്യങ്ങളുടെ ആരാധകക്കൂട്ടായ്മയായിരുന്നു അത്. ഒട്ടേറെ കാണികൾ പങ്കെടുത്ത പരിപാടിയിൽ പക്ഷേ, ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു ആ 86കാരി. പ്രായത്തിനു തോൽപിക്കാനാവാത്ത ഊർജസ്വലതയായിരുന്നു അവരെ വേറിട്ടു നിർത്തിയത്. തുനീഷ്യൻ പതാക പുതച്ചും വായ്ക്കുരവയിട്ട് ആവേശം വിടർത്തിയും അവർ ആളുകളെ അതിശയിപ്പിച്ചു. മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പമെത്തിയ അവർ ഏറെ ആവേശവതിയായിരുന്നു.
ഐഷ ലംതിയെന്നാണ് ഈ വയോധികയുടെ പേര്. ഏറെ സന്തോഷത്തോടെ വെളുക്കെച്ചിരിച്ച് ലംതി ഇക്കുറി ഗാലറിയിലുണ്ടാകും. ഒരുപക്ഷേ, ഈ ലോകകപ്പിന് നേരിട്ട് സാക്ഷികളാവുന്ന ആരാധകരിൽ ഏറ്റവും പ്രായമുള്ളവരിലൊരാളാകും ഈ തുനീഷ്യക്കാരി. ഹയ്യ കാർഡൊക്കെ സ്വന്തമാക്കിയാണ് തുനീഷ്യയിൽനിന്നെത്തിയത്. ഖത്തറിലെത്താനുള്ള ആഗ്രഹം ലംതി മകൻ ലുത്ഫിയോടാണ് പറഞ്ഞത്. മകനെക്കൂടാതെ മകൾ ഹാമിദയും ഖത്തറിലാണ് ജോലി നോക്കുന്നത്. മക്കളെ കാണുന്നതിനൊപ്പം ലോകകപ്പ് മത്സരം കാണാനുള്ള അതിയായ ആഗ്രഹമാണ് ഖത്തറിലെത്താനുള്ള പൂതിക്കുപിന്നിൽ. തുനീഷ്യ ലോകകപ്പ് യോഗ്യത നേടിയ സാഹചര്യത്തിൽ ഗാലറിയിൽ മത്സരത്തിന് നേരിട്ട് സാക്ഷിയാവാൻ തീരുമാനിക്കുകയായിരുന്നു.
സെൻട്രൽ തുനീഷ്യയിലെ കൈറൂനിൽ നിന്നാണ് ദോഹയിലേക്കുള്ള വരവ്. കഴിഞ്ഞ ദിവസമാണ് ഇവിടെയെത്തിയത്. ഖത്തറിൽ ലോകകപ്പ് കാണാനുള്ള കാത്തിരിപ്പാണെന്ന് മകൻ പറഞ്ഞു. 22ന് ഡെന്മാർക്കിനെതിരെയുള്ള മത്സരം നേരിട്ടുകാണാൻ ലംതിയുണ്ടാകും. ഫ്രാൻസ്, ഡെന്മാർക്ക്, ആസ്ട്രേലിയ ടീമുകൾക്കൊപ്പമാണ് പ്രാഥമിക റൗണ്ടിൽ. മുമ്പ് അഞ്ചു തവണ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ടെങ്കിലും ഗ്രൂപ് ഘട്ടം കടക്കാനായിട്ടില്ല. ആ നിരാശ ഇക്കുറി മാറുമെന്നും ടീം ജയിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് മാതാവെന്നും ലുത്ഫി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.