ഖത്തറിൽ അരങ്ങേറുന്ന ലോകകപ്പിൽ കിരീടം നേടാനൊരുങ്ങുന്ന ബ്രസീലിന് വെല്ലുവിളിയാകാൻ സാധ്യതയുള്ള അഞ്ച് ടീമുകളെ പ്രവചിച്ചിരുക്കുകയാണ് അവരുടെ സൂപ്പർ താരം നെയ്മർ. ഒരു ലാറ്റിനമേരിക്കൻ രാജ്യവും നാല് യൂറോപ്യൻ രാജ്യങ്ങളും തങ്ങൾക്ക് കനത്ത വെല്ലുവിളിയാകുമെന്നാണ് താരം കരുതുന്നത്.
2002ൽ ബ്രസീൽ കിരീടം നേടിയ ശേഷം യൂറോപ്പിൽനിന്നുള്ള ടീമുകൾ മാത്രമേ കപ്പിൽ മുത്തമിട്ടിട്ടുള്ളൂ. ഇതിന് അറുതി വരുത്താനാണ് നെയ്മറും സംഘവും ഇറങ്ങുന്നത്. ലോകകപ്പിൽ ഗ്രൂപ്പ് 'ജി'യിൽ സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നിവക്കൊപ്പമാണ് അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിന്റെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ. നവംബർ 24നാണ് ആദ്യ മത്സരം.
അർജന്റീന, ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട്, ബെൽജിയം എന്നിവയാണ് ബ്രസീലിന് വെല്ലുവിളിയാകാൻ സാധ്യതയുള്ള ടീമുകളായി നെയ്മർ കരുതുന്നത്. ഇതിൽ അവസാന ആറ് മത്സരങ്ങളിൽ ജയം നേടാനാകാത്ത ടീമാണ് ഇംഗ്ലണ്ട്. പ്രമുഖ താരങ്ങളായ പോൾ പോഗ്ബ, എൻഗോളൊ കാന്റെ എന്നിവർ പിന്മാറിയതോടെ കടുത്ത ആശങ്കയിലുള്ള ഫ്രാൻസിന് കഴിഞ്ഞ ആറ് മത്സരങ്ങളിൽ ഒന്ന് മാത്രമാണ് വിജയിക്കാനായത്. അതേസമയം, അർജന്റീന തകർപ്പൻ ഫോമിലാണ്. തുടർച്ചയായ 35 മത്സരങ്ങളിൽ പരാജയമറിയാതെയുള്ള കുതിപ്പിന്റെ ആത്മവിശ്വാസത്തിലാണ് ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ അവർ ഇറങ്ങുന്നത്.
പരിക്കേറ്റ സ്ട്രൈക്കർ തിമോ വെർണർക്ക് കളിക്കാനാവില്ലെങ്കിലും താരസമ്പന്നമാണ് ജർമനി. എന്നാൽ, സമീപകാല പ്രകടനങ്ങൾ അത്ര മികച്ചതല്ല. ബെൽജിയത്തിന് മികച്ച താരങ്ങളുണ്ടെങ്കിലും അവരിൽ പലർക്കും പഴയ കരുത്തില്ല. ഓരോ പൊസിഷനിലും ലോകോത്തര താരങ്ങളും അതിനൊത്ത പകരക്കാരുമുള്ള ബ്രസീലിന് കിരീട സാധ്യത കൽപിക്കുന്നവർ നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.