ഗാലറിയിൽ മൊറേ​ാക്കോ ആരാധകരുടെ ആവേശം

ഉയരങ്ങളിൽ അഭിമാനിതരായി അവർ...

അൽബെയ്ത്തിലേക്കുള്ള വഴിയിലാണ് ഇമാനെയും ഭാര്യ അസീസയെയും കണ്ടത്. ചുവന്ന ജഴ്സിയണിഞ്ഞിരിക്കുന്നു ഇരുവരും. ദേഹത്ത് മൊറോക്കൻ പതാക പുതച്ചിട്ടുണ്ട്. മുഖങ്ങളിൽ വർണങ്ങളാൽ വരച്ച ചുവപ്പ് നിറത്തിനുള്ളിലെ പച്ച നക്ഷത്രം. ആവേശഭരിതരാണവർ. കരുത്തരായ ഫ്രാൻസിനെതിരെ ജയിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ഇമാന്റെ ഉത്തരം ഇതായിരുന്നു. 'ഇൻശാ അല്ലാ..ജയിക്കും.

ഇനി തോറ്റാൽ പോലും ഞങ്ങൾ എളുപ്പമൊന്നും കീഴടങ്ങില്ല. പൊരുതിയേ മരിക്കൂ'.. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ മൊറോക്കോ ഗോൾ വഴങ്ങുന്നു. 'ഇത് ഫ്രാൻസിന് ഈസി വാക്കോവറാണ്. അവർ അഞ്ചു ഗോളിന് ജയിക്കും' -മീഡിയ ബോക്സിൽ അടുത്തിരുന്ന മാധ്യമപ്രവർത്തകന്റെ പ്രവചനം. അതുണ്ടാകാനിടയില്ലെന്ന് ഉറപ്പിച്ചു പറയുമ്പോൾ ഇമാന്റെ വാക്കുകളായിരുന്നു മനസ്സിൽ.

പിന്നീട് മൊറോക്കോ ടീം ഇമാനെപ്പോലെ ആയിരങ്ങൾക്ക് നൽകിയ ആ വാക്കുപാലിച്ചു, തോറ്റെങ്കിൽ പോലും. ഫ്രാൻസിനെ അടിമുടി വിറപ്പിച്ച് കീഴടങ്ങുമ്പോൾ ലോക ചാമ്പ്യന്മാരുടെ പകിട്ടിനെ അവർ നേർക്കുനേർ വെല്ലുവിളിക്കുകയായിരുന്നു. അൽബെയ്ത്തിലെ 68,294 കാണികളിൽ 95 ശതമാനവും ആഫ്രിക്കക്കാർക്കുവേണ്ടി ആർത്തുവിളിച്ചു. തങ്ങൾക്കെതിരായ റഫറിയുടെ പല തീരുമാനങ്ങളിലും അവർ കൂകിയാർത്ത് പ്രതിഷേധിച്ചു. ചിലപ്പോഴൊക്കെ ഫ്രാൻസ് പന്തുതട്ടുമ്പോഴും അവർ കൂക്കിവിളിച്ചു.

'സീർ, സീർ' എന്നും 'മൊറോക്കോ', 'മൊറോക്കോ' എന്നുമുള്ള വിളികളാൽ ഗാലറി മുഖരിതമായി. വടക്കുഭാഗത്തെ ഗോൾപോസ്റ്റിനു പിറകിലെ ചുരുക്കം ഫ്രഞ്ച് ആരാധകരുടെ ആർപ്പുവിളികൾ മുഴങ്ങിക്കേട്ടത് രണ്ടുതവണ മാത്രം. ഉജ്ജ്വലമായി കളിച്ചിട്ടും ഗോൾ വഴങ്ങിയപ്പോൾ ഗാലറി തരിച്ചിരുന്നുപോയ വേളകളിലായിരുന്നു അത്. അവസാന വിസിലിനു പിറകെ ഫ്രഞ്ചുകാർ ആഘോഷിക്കുമ്പോൾ മൊറോക്കോക്കാരുടെ തല കുനിഞ്ഞില്ല. നേടിയതിലൊക്കെ അഭിമാനമുണ്ടായിരുന്നു അവർക്ക്. ഇതുവരെയെത്താത്ത ഉയരങ്ങളിലേക്ക് കുതിച്ച താരങ്ങളോടുള്ള അങ്ങേയറ്റത്തെ ബഹുമാനവും.

'ഈ ടീമിനോട് ഞങ്ങൾക്ക് ഏറെ ബഹുമാനമുണ്ട്. മൊറോക്കൻ ഫുട്ബാൾ ഈ ലോകകപ്പോടെ ഏറെ മാറിക്കഴിഞ്ഞു. ഇതൊരു തോൽവിയല്ല. ഫ്രാൻസിനെക്കാൾ മികച്ചുകളിച്ചത് ഞങ്ങളാണ്. അവസരങ്ങൾ മുതലെടുക്കാനായില്ലെന്നു മാത്രം. എന്തുകൊണ്ടും ഈ ടൂർണമെന്റിലെ ചാമ്പ്യന്മാരാണ് ഞങ്ങൾ' -സങ്കടത്തിനുള്ളിലും അഭിമാനം സ്ഫുരിക്കുന്ന വാക്കുകളായിരുന്നു മൊറോക്കൻ ആരാധികയായ ഫാത്തിമയുടേത്.

'ഞങ്ങളുടെ ടീം സെമിയിലെത്തുമെന്ന് ആരും കരുതിയിരുന്നില്ല. ഇനി മൂന്നാം സ്ഥാനം നേടണം. അതു ലഭിച്ചില്ലെങ്കിൽ പോലും ഞങ്ങൾക്ക് പ്രശ്നമൊന്നുമില്ല. സങ്കൽപിച്ചതിന്റെ എത്രയോ മുകളിലാണ് ഞങ്ങൾ നേട്ടം കൊയ്തത്' -കൂട്ടുകാരി ലിമാനയുടെ സാക്ഷ്യം. 

Tags:    
News Summary - They are proud of the heights...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.