ഇത് ചരിത്രം; ജര്‍മനി-കോസ്റ്റാറിക്ക മത്സരം നിയന്ത്രിക്കാനെത്തുന്നത് മൂന്ന് വനിതകൾ

ലോകകപ്പ് ഫുട്ബാള്‍ ചരിത്രത്തില്‍ ആദ്യമായി മൂന്ന് വനിതകള്‍ മത്സരം നിയന്ത്രിക്കാനെത്തുന്നു. വ്യാഴാഴ്ച അല്‍ ബെയ്ത് സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ഗ്രൂപ്പ് ഇയിലെ ജര്‍മനി-കോസ്റ്റാറിക്ക നിർണായക പോരാട്ടമാണ് ഇവർ നിയന്ത്രിക്കുക. ഫിഫ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫ്രഞ്ചുകാരി സ്റ്റെഫാനി ഫ്രപ്പാര്‍ട്ടായിരിക്കും റഫറി. ബ്രസീലില്‍ നിന്നുള്ള നുസ ബക്കും മെക്സിക്കോയില്‍ നിന്നുള്ള കാരെന്‍ ഡയസുമാകും അസിസ്റ്റന്‍റ് റഫറിമാര്‍.

മാർച്ചിൽ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിലും യൂറോപ്പ ലീഗിലും 2019ല്‍ ചെല്‍സിയും ലിവര്‍പൂളും ഏറ്റുമുട്ടിയ യുവേഫ സൂപ്പര്‍ കപ്പ് ഫൈനലിലും സ്റ്റെഫാനി മത്സരം നിയന്ത്രിച്ചിരുന്നു. ഈ ലോകകപ്പില്‍ പോളണ്ട്-മോക്സിക്കോ മത്സരത്തില്‍ ഫോര്‍ത്ത് ഒഫീഷ്യലായിരുന്നു 38കാരി. നേരത്തെ ഫിഫ പുറത്തുവിട്ട 36 റഫറിമാരുടെ പട്ടികയില്‍ മൂന്ന് വനിതകള്‍ ഉള്‍പ്പെട്ടിരുന്നു. സ്റ്റെഫാനി ഫ്രപ്പാര്‍ട്ടിനെ കൂടാതെ ജപ്പാനില്‍ നിന്നുള്ള യോഷിമി യമഷിത, റുവാണ്ടയില്‍ നിന്നുള്ള സലിമ മുകന്‍സംഗ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍.

69 പേരുടെ അസിസ്റ്റന്റ് റഫറിമാരുടെ പട്ടികയിലും മൂന്ന് വനിതകളുണ്ട്. ബ്രസീലില്‍ നിന്നുള്ള നുസ ബക്ക്, യു.എസില്‍ നിന്നുള്ള കാതറിന്‍ നെസ്ബിറ്റ്, മെക്‌സിക്കോയില്‍ നിന്നുള്ള കാരെന്‍ ഡയസ് എന്നിവരാണവർ. ലോകകപ്പ് ഫുട്ബാള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വനിതകൾ റഫറി പാനലിൽ വരുന്നത്.

Tags:    
News Summary - This is history; Three women will manage the Germany-Costa Rica match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.