ദോഹ: കിരീടം തേടിയുള്ള പോരാട്ടത്തിന് ചൊവ്വാഴ്ച ആദ്യ വെടി പൊട്ടിക്കാനിറങ്ങുന്ന അർജന്റീന ഖത്തറിൽ എത്തിക്കഴിഞ്ഞു. സൗദി അറേബ്യക്കെതിരെയാണ് ടീമിന്റെ ആദ്യ മത്സരം. സ്വന്തം നാട്ടുകാരായ താരങ്ങളെ മാത്രം അണിനിരത്തി ലോകപോരിനിറങ്ങുന്ന സൗദിക്ക് യൂറോപിലുടനീളം കളി കൊഴുപ്പിക്കുന്ന ലാറ്റിൻ അമേരിക്കൻ താരനിരക്കെതിരെ എത്രത്തോളം പിടിച്ചുനിൽക്കാനാകുമെന്നത് കളത്തിൽ കണ്ടറിയണം. കഴിഞ്ഞ ദിവസം അർജന്റീനയിൽനിന്ന് വിമാനം കയറിയ സംഘം യു.എ.ഇയെ സന്നാഹ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിന് മുക്കിയിരുന്നു.
സന്നാഹങ്ങൾ തീർത്ത് അവസാനവട്ട ഒരുക്കങ്ങളിലാണിപ്പോൾ ടീം. ഖത്തർ യൂനിവേഴ്സിറ്റി സ്റ്റുഡന്റ്സ് ഡോർമിറ്ററിയിലാണ് മെസ്സി സംഘത്തിന് സംഘാടകർ താമസം ഒരുക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാർ സൗകര്യം വേണ്ടെന്ന് ടീം അറിയിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ടീമിന്റെ ഫാവറിറ്റ് ഭക്ഷ്യ വിഭവമായ അസാഡോ ബാർബിക്യു ഒരുക്കി നൽകാൻ പ്രത്യേക സ്റ്റാൾ തന്നെ ഡോർമിറ്ററിയോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. ഏറ്റവും മികച്ച സൗകര്യങ്ങളുള്ള കേന്ദ്രം എന്ന നിലക്കാണ് ഇവിടം തന്നെ തെരഞ്ഞെടുത്തതെന്ന് അർജന്റീന ടീമും പറയുന്നു.
ഗ്രൂപ് സിയിൽ സൗദി അറേബ്യക്കു പുറമെ മെക്സിക്കോ, പോളണ്ട് ടീമുകളാണ് അർജന്റീനക്ക് ആദ്യ റൗണ്ടിലെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.