ദോഹ: 2018ൽ റഷ്യയിൽ ലോകകപ്പിന് പന്തുരുണ്ട നാളിലായിരുന്നു കാർട്ടൂണിസ്റ്റും എൻജിനീയറുമായ മുഹമ്മദ് അബ്ദുല്ലത്തീഫ് ആദ്യമായൊരു ലോകകപ്പ് വേദിയിലെത്തുന്നത്. 1930ലെ പ്രഥമ ലോകകപ്പ് മുതലുള്ള മാച്ച് ടിക്കറ്റുകളിൽ വലിയൊരു പങ്കും സ്വന്തമായുള്ള അബ്ദുല്ലത്തീഫിന് പക്ഷേ, ആദ്യമായി സ്വന്തം ടിക്കറ്റുമായി ഗാലറിയിൽ പ്രവേശിക്കാൻ ഭാഗ്യം ലഭിച്ച ലോകകപ്പായിരുന്നു അത്.
നാലു വർഷത്തിനിപ്പുറം സ്വന്തം നാട് ലോകകപ്പ് ഫുട്ബാൾ മേളയെ വരവേൽക്കുമ്പോൾ വീടുനിറയെ ടിക്കറ്റ് ആൽബങ്ങളും ലോകകപ്പിന്റെ അപൂർവ സ്മരണകളുമായി കാൽപന്തുലോകത്തെ നാട്ടിലേക്ക് വരവേൽക്കുകയാണ് ഈ ഖത്തരി പൗരൻ.
1958 സ്വീഡൻ മുതൽ 2018 റഷ്യ വരെയുള്ള ലോകകപ്പുകളിലെ ഒരു മാച്ച് ടിക്കറ്റ് ഒഴികെ എല്ലാം ഇദ്ദേഹത്തിന്റെ അപൂർവ ശേഖരത്തിലുണ്ട്. എല്ലാം കൂടി 1200 ലേറെ ടിക്കറ്റുകൾ. ഉറുഗ്വായ് വേദിയായ 1930ലെ പ്രഥമ ലോകകപ്പിന്റെ മൂന്ന് വിഭാഗങ്ങളിലായി പുറത്തിറക്കിയ മാച്ച് ടിക്കറ്റുകളും വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസിന്റെ അക്രഡിറ്റേഷൻ കാർഡും എല്ലാം ഉൾപ്പെടുന്നതാണ് ഈ അപൂർവ ശേഖരം.
1938ലെ പന്തുതട്ടാത്ത മത്സരമായ ജർമനി-സ്വിറ്റ്സർലൻഡ്, 1982 ഫൈനലിന്റെ ഉപയോഗിക്കാത്തൊരു മാച്ച് ടിക്കറ്റ് എന്നിവ ഉൾപ്പെടെ അപൂർവതയും ലോകകപ്പിന്റെ ചരിത്രവും വിവരിക്കുന്നതാണ് ലത്തീഫിന്റെ ശേഖരം.
സ്പെയിൻ വേദിയായ 1982ലാണ് അബ്ദുല്ലത്തീഫിന്റെ ലോകകപ്പ് ഓർമകൾക്ക് കിക്കോഫ് കുറിക്കുന്നത്. പത്തുവയസ്സുകാരനായിരിക്കെ ടെലിവിഷൻ കാഴ്ചയിലൂടെയാണ് ഫുട്ബാളിനെ പ്രണയിച്ചു തുടങ്ങിയത്. പിന്നെ ഓരോ ലോകകപ്പിനായും കാത്തിരുന്നു.
2010ൽ ഖത്തറിനെ ലോകകപ്പ് ആതിഥേയരായി പ്രഖ്യാപിക്കുന്നതോടെയാണ് ജീവിതവും മാറ്റിമറിക്കപ്പെടുന്നത്. 'ഞങ്ങളുടെ നാടിനെ വേദിയായി പ്രഖ്യാപിച്ച നിമിഷം ഇന്നും ഓർമയിലുണ്ട്. അവിശ്വസനീയമായിരുന്നു ആ ദിനങ്ങൾ. ലോകകപ്പിന് ഇവിടെ പന്തുരുളുന്നത് സങ്കൽപങ്ങൾക്കുമപ്പുറമായിരുന്നു. അന്ന് തുടങ്ങിയതായിരുന്നു ലോകകപ്പ് ഓർമകൾ തേടിയുള്ള യാത്ര' -അബ്ദുല്ലത്തീഫ് പറയുന്നു.
എന്നാൽ, ടിക്കറ്റ്ശേഖരത്തിന്റെ വിത്തുകൾ അതിനും പത്തുവർഷം മുമ്പേ മനസ്സിൽ പാകിയിരുന്നതായി ലത്തീഫ് പറയുന്നു. 1994 ലോകകപ്പിൽ സൗദി പ്രീക്വാർട്ടറിൽ കടന്നപ്പോൾ സുഹൃത്തായ അമേരിക്കക്കാരൻ സൗദിയുടെ ഉദ്ഘാടന മത്സര ടിക്കറ്റ് അയച്ചു തന്നിരുന്നു.
'ഇപ്പോഴുമുണ്ട് ആ ടിക്കറ്റുകൾ. എന്നാൽ, അന്നൊന്നും ടിക്കറ്റ് ശേഖരത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. പുസ്തകങ്ങൾ കണ്ടെത്തിയും ഫുട്ബാളിനെ കുറിച്ച് വായിച്ചുമായിരുന്നു അന്ന് ലോകകപ്പ് ആവേശങ്ങളുടെ ഭാഗമായത്. ലോകകപ്പ് വേദിയുടെ പട്ടികയിലേക്ക് ഖത്തർ വന്നതോടെ ടിക്കറ്റ് ശേഖരണം പ്രധാന ചിന്തയായി മാറി.
ഓൺലൈൻ വഴിയായിരുന്നു പ്രധാന അന്വേഷണം. അങ്ങനെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാച്ച് ടിക്കറ്റുകൾ തേടിയെത്തി' -ആ യാത്രയെ ലത്തീഫ് പറഞ്ഞുവെക്കുന്നത് ഇങ്ങനെ. 2010 വരെയുള്ള 900 മാച്ചുകളുടെ ഒരു ടിക്കറ്റ് വീതം ശേഖരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, പല മാച്ചുകളുടെയും ഒന്നിലേറെ ടിക്കറ്റുകൾ ലഭിച്ചതോടെ ശേഖരം 1200ഉം കടന്നു.
മാച്ച് ടിക്കറ്റുകൾ മാത്രമല്ല, ഭാഗ്യ മുദ്രകൾ, ഷാളുകൾ, പന്ത്, കളിക്കാരുടെ ബൂട്ട് തുടങ്ങിയവയും അബ്ദുല്ലത്തീഫിന്റെ കൈവശമുണ്ട്. ഇദ്ദേഹത്തിന്റെ പക്കലുള്ള ഭാഗ്യമുദ്രകളുടെ പ്രദർശനം ഇപ്പോൾ ഖത്തർ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി നേതൃത്വത്തിൽ ദോഹയിൽ പുരോഗമിക്കുകയാണ്.
അതേസമയം, ഇതിനെല്ലാം എത്ര പണം മുടക്കിയെന്ന് ഖത്തർ മാധ്യമങ്ങളിലെ ശ്രദ്ധേയ കാർട്ടൂണിസ്റ്റ് കൂടിയായ ലത്തീഫ് വെളിപ്പെടുത്തുന്നില്ല. മാച്ച് ടിക്കറ്റുകളിലാണ് ഇദ്ദേഹം ലോകമെങ്ങുമുള്ള ഫുട്ബാൾ പ്രേമികളുടെ ആദരവ് നേടുന്നത്. വ്യാജനും ഒറിജിനലും തിരിച്ചറിയാനുള്ള മിടുക്കുമായി ഫിഫയെ തിരുത്തിയ ചരിത്രവുമുണ്ട് അബ്ദുല്ലത്തീഫിന്റെ അറിവിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.